ഫ്രാന്‍സിസ് മാര്‍പാപ്പയും ഗ്രാന്‍ഡ് ഇമാമും മാനവ സാഹോദര്യത്തിലേക്കുള്ള വഴി തെളിക്കുന്നു: ബൈഡന്‍

 ഫ്രാന്‍സിസ് മാര്‍പാപ്പയും ഗ്രാന്‍ഡ് ഇമാമും മാനവ സാഹോദര്യത്തിലേക്കുള്ള വഴി തെളിക്കുന്നു: ബൈഡന്‍

വാഷിംഗ്ടണ്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അബുദാബി സന്ദര്‍ശന വേളയില്‍ ഗ്രാന്‍ഡ് ഇമാം ഷെയ്ക് അഹമ്മദ് എല്‍-തയീബുമായി ചേര്‍ന്ന് സുപ്രധാന സമാധാന രേഖ ഒപ്പുവച്ചതിന്റെ വാര്‍ഷികം അന്താരാഷ്ട്ര മനുഷ്യ സാഹോദര്യ ദിനമായി ആചരിക്കവേ 'വിശ്വാസം ഓരോ മനുഷ്യവ്യക്തിയുടെയും അന്തസ്സിനെ മാനിക്കണ'മെന്ന രണ്ട് ആത്മീയ നേതാക്കളുടെയും ഉദ്ബാധനത്തെ പിന്തുണച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍.

'കോവിഡിന്റെ നിലവിലുള്ള ഭീഷണിയും അസ്തിത്വപരമായ കാലാവസ്ഥാ പ്രതിസന്ധിയും മുതല്‍ ലോകമെമ്പാടുമുള്ള അക്രമത്തിന്റെ വര്‍ദ്ധനവ് വരെ കടുത്ത വെല്ലുവിളികള്‍ ഉയരുമ്പോള്‍ സംസ്‌കാരങ്ങളെയും വിശ്വാസങ്ങളെയും വിലമതിക്കുന്ന ആളുകള്‍ തമ്മിലുള്ള ആഗോള സഹകരണം ആവശ്യമാണ്,' ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു. സഹിഷ്ണുതയും പരസ്പരമുള്ള മനസിലാക്കലും പ്രോത്സാഹിപ്പിക്കുന്നതിന് തുറന്ന സംഭാഷണം നിരന്തരമുണ്ടാകേണ്ടതിന്റെ ആവശ്യകത ഫ്രാന്‍സിസ് മാര്‍പാപ്പയും ഗ്രാന്‍ഡ് ഇമാം ചൂണ്ടിക്കാട്ടിയത് പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര മനുഷ്യ സാഹോദര്യ ദിനത്തെ അടയാളപ്പെടുത്തുന്ന തന്റെ വീഡിയോയില്‍, ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു: 'നമ്മുടെ ചര്‍മ്മത്തിന്റെ നിറം, മതം, സാമൂഹിക വിഭാഗം, ലിംഗഭേദം, പ്രായം, സാമ്പത്തിക സാഹചര്യങ്ങള്‍, ആരോഗ്യസ്ഥിതി എന്നിവയ്ക്കതീതമായും എവിടെ, എങ്ങനെ കഴിയുന്നു എന്നതിനപ്പുറമായും നാമെല്ലാവരും ഒരേ സ്വര്‍ഗ്ഗത്തിന് കീഴിലാണ് ജീവിക്കുന്നത്. നമ്മളെല്ലാം വ്യത്യസ്തരാണെങ്കിലും തുല്യരാണ്. ഈ മഹാമാരിയുടെ കാലം അത് വ്യക്തമായി കാണിച്ചുതന്നു. ഒരിക്കല്‍ കൂടി പറയട്ടെ: നമ്മള്‍ ഒറ്റയ്ക്കല്ല രക്ഷിക്കപ്പെട്ടിരിക്കുന്നത്!'.യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ നടന്ന ഹ്യൂമന്‍ ഫ്രറ്റേണിറ്റി ആന്‍ഡ് ഗ്ലോബല്‍ ടോളറന്‍സ് അലയന്‍സ് റൗണ്ട് ടേബിളില്‍ പാപ്പായുടെ വീഡിയോ പങ്കുവെച്ചു.

'വിശ്വാസികളും നല്ല ഇച്ഛാശക്തിയുള്ള എല്ലാ ആളുകളും ഒരുമിച്ച് യാത്ര ചെയ്യാനുള്ള ഉചിതമായ സമയമാണിത്,'-മാര്‍പ്പാപ്പ പറഞ്ഞു. 'ഇത് നാളത്തേക്കോ ഒരു അനിശ്ചിത ഭാവിയിലേക്കോ വിടരുത്.' സാഹോദര്യത്തിന്റെ പാത ദീര്‍ഘവും വെല്ലുവിളി നിറഞ്ഞതുമാണെന്ന് പാപ്പാ പറഞ്ഞു. 'എങ്കിലും മനുഷ്യരാശിയുടെ രക്ഷാ നങ്കൂരമാകണം മാനവിക സാഹോദര്യം.'


മുസ്ലീം ലോകത്തോടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇടപെടലുകള്‍ അദ്ദേഹത്തിന്റെ ഒമ്പത് വര്‍ഷത്തെ മാര്‍പ്പാപ്പ പദവിയിലുടനീളം സ്ഥിരതയുള്ള വിഷയമാണ്. 2019 ലെ അബുദാബി സന്ദര്‍ശന വേളയില്‍, ഇസ്ലാമിന്റെ ജന്മസ്ഥലമായ അറേബ്യന്‍ പെനിന്‍സുലയില്‍ കുര്‍ബാന നടത്തിയ ആദ്യത്തെ മാര്‍പ്പാപ്പയായി അദ്ദേഹം മാറി. 2021 മാര്‍ച്ചിലെ ഇറാഖ് സന്ദര്‍ശനവും ചരിത്രമായി. ഷിയാ മുസ്ലീം ഭൂരിപക്ഷ രാജ്യത്തേക്കുള്ള ഒരു മാര്‍പാപ്പയുടെ ആദ്യത്തെ യാത്ര.

പ്രതീക്ഷയുടെ വിളക്കായി വിശ്വാസം

'എന്റെ ജീവിതത്തില്‍, വിശ്വാസം എല്ലായ്പ്പോഴും പ്രതീക്ഷയുടെ വിളക്കായിരുന്നു. ഇരുണ്ട ദിവസങ്ങളില്‍ പോലും ലക്ഷ്യത്തിലേക്കുള്ള ആഹ്വാനമേകിയിരുന്നു അത് '- ആത്മീയ നേതാക്കളുടെയും ഉദ്ബാധനത്തെ പിന്തുണയ്ക്കവേ ബൈഡന്‍ തുടര്‍ന്നു. ' നാം പരസ്പരം സ്‌നേഹിക്കുകയും, ഏറ്റവും ദുര്‍ബലരായവരെ സേവിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന് കല്‍പ്പിക്കുന്നു വിശ്വാസ പാരമ്പര്യങ്ങളിലുടനീളമുള്ള പവിത്രമായ പ്രബോധനങ്ങള്‍. മനുഷ്യ സാഹോദര്യത്തിന്റെ അന്താരാഷ്ട്ര ദിനം ആചരിക്കുന്നത് ഓരോ വ്യക്തിയുടെയും അന്തസ്സുയര്‍ത്തുന്നു.'

'ഈ ദിവസം, വാക്കുകളിലും പ്രവൃത്തികളിലും നമ്മെ എല്ലാവരെയും ഒന്നിപ്പിക്കുന്ന അന്തര്‍ലീനമായ മാനവികതയെ നമ്മള്‍ ഉറപ്പിക്കുന്നു,' പ്രസ്താവനയില്‍ ബൈഡന്‍ പറഞ്ഞു. 'ഒരുമിച്ച്, സാര്‍വത്രിക മനുഷ്യാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു മികച്ച ലോകം കെട്ടിപ്പടുക്കാനുള്ള യഥാര്‍ത്ഥ അവസരം മുന്നിലുണ്ട്. എല്ലാ മനുഷ്യരും പുരോഗതി പ്രാപിക്കാനും സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും എല്ലാവര്‍ക്കും മുന്നോട്ട് പോകാനും സാധിക്കണം.'

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അബുദാബി സന്ദര്‍ശന വേളയില്‍ 2019-ലാണ് അന്താരാഷ്ട്ര മനുഷ്യ സാഹോദര്യ ദിനം ആദ്യമായി സ്ഥാപിതമായത്, മാര്‍പ്പാപ്പയും ഗ്രാന്‍ഡ് ഇമാമും 'മനുഷ്യ സാഹോദര്യം ലോകസമാധാനത്തിനും ഒരുമിച്ച് ജീവിക്കാനും' എന്ന സുപ്രധാന രേഖയില്‍ ഒപ്പുവച്ച വേളയില്‍.

മതസ്വാതന്ത്ര്യത്തിനുള്ള അടിസ്ഥാന മനുഷ്യാവകാശത്തെ രേഖ ഊന്നിപ്പറയുന്നു; തീവ്രവാദത്തെ അപലപിക്കുന്നു. സമാധാനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ലോക നേതാക്കളോടുള്ള ആഹ്വാനവുമുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ ബൈഡന്‍ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചപ്പോള്‍, ലോക നേതാക്കള്‍ക്ക് മാര്‍പ്പാപ്പ നല്‍കുന്ന പതിവ് സമ്മാനങ്ങളിലൊന്നായ രേഖയുടെ പകര്‍പ്പ് അദ്ദേഹത്തിന് നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.