'ചില്ലറയില്ലെന്ന് പറഞ്ഞ് ഭിക്ഷ നല്‍കാതെ പോകരുത്'; ഭിക്ഷാടനം ഡിജിറ്റലാക്കി യാചകന്‍

'ചില്ലറയില്ലെന്ന് പറഞ്ഞ് ഭിക്ഷ നല്‍കാതെ പോകരുത്'; ഭിക്ഷാടനം ഡിജിറ്റലാക്കി യാചകന്‍

പട്ന: ചില്ലറ ഇല്ലാത്തതിന്റെ പേരില്‍ ഡിജിറ്റലായി പൈസ നല്‍കാന്‍ സംവിധാനം ഒരുക്കി യാചകന്‍. ബിഹാര്‍ സ്വദേശിയായ രാജു പ്രസാദ് എന്ന യാചകനാണ് ഡിജിറ്റല്‍ ഭിക്ഷാടനം നടത്തുന്നത്. പടിഞ്ഞാറന്‍ ചമ്പാരന്‍ ജില്ലയിലെ ബേട്ടിയ നഗരത്തിലാണ് നാല്‍പ്പതുകാരനായ രാജുവിന്റെ താമസം.

നിങ്ങളുടെ കൈവശം ചില്ലറയില്ലേ, സാരമില്ല. ഫോണ്‍ പേയിലൂടെയോ മറ്റ് ഏതെങ്കിലും ഇ-വാലറ്റിലൂടെയോ നിങ്ങള്‍ക്ക് എനിക്ക് പണം നല്‍കാവുന്നതാണ്- ചില്ലറയില്ലെന്ന് പറഞ്ഞ് ഭിക്ഷ നല്‍കാതെ പോകുന്നവരോട് രാജു ഇങ്ങനെ പറയുന്നത് കേള്‍ക്കാമെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. പത്താം വയസു മുതലാണ് ബേട്ടിയ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് രാജു ഭിക്ഷാടനം ആരംഭിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഡിജിറ്റല്‍ ഇന്ത്യ കാമ്പയിനെ ശക്തമായി പിന്തുണയ്ക്കുന്നയാളാണ് രാജു. ഈയടുത്തായി ഇദ്ദേഹം ഒരു ബാങ്ക് അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. ആധാര്‍ കാര്‍ഡ് ഉണ്ടായിരുന്നെങ്കിലും രാജുവിന് പാന്‍ കാര്‍ഡ് ഉണ്ടായിരുന്നില്ല. ബാങ്ക് അക്കൗണ്ട് ആരംഭിക്കാന്‍ വൈകിയത് പിന്നില്‍ അതായിരുന്നു കാരണമെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ഇപ്പോള്‍ ഭിക്ഷക്കാരന്‍ ആയിട്ടുകൂടി ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം ലഭ്യമാക്കിയിട്ടുണ്ടെന്ന് രാജു പറയുന്നു.

ബേട്ടിയ നഗരത്തിലെ 30-ാം വാര്‍ഡിലായിരുന്നു കുടുംബത്തിനൊപ്പം രാജുവിന്റെ പിതാവ് പ്രഭുനാഥ് പ്രസാദിന്റെ താമസമെന്ന് പ്രദേശവാസിയായ അവധേഷ് തിവാരി പറഞ്ഞു. പ്രഭുനാഥ് ആയിരുന്നു കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗം. അദ്ദേഹം മരിച്ചതോടെ രാജു ഭിക്ഷാടനത്തിലേക്ക് തിരിയുകയായിരുന്നു.

കഴിഞ്ഞ മുപ്പതു വര്‍ഷമായി രാജു ഭിക്ഷ യാചിക്കുകയാണ്. അല്‍പം മടിയനും ബുദ്ധിക്കുറവ് ഉള്ളയാളുമായിരുന്നതിനാല്‍, ഭിക്ഷാടനം രാജു ഉപജീവന മാര്‍ഗമായി സ്വീകരിക്കുകയായിരുന്നു. അനാഥനാണെന്ന് കരുതി ആളുകള്‍ രാജുവിന് ഭിക്ഷ നല്‍കി വരികയും ചെയ്തെന്ന് തിവാരി വ്യക്തമാക്കി.

നേരത്തെ റെയില്‍വെ മുന്‍മന്ത്രി ലാലു പ്രസാദ് യാദവിന്റെ കടുത്ത ആരാധകനായിരുന്നു രാജു. ബേട്ടിയ റെയില്‍വെ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തുന്ന അവസരങ്ങളില്‍ പാന്‍ട്രി ജീവനക്കാര്‍ രാജുവിന് ഭക്ഷണം നല്‍കാറുമുണ്ടായിരുന്നു. 2015വരെ ഇത്തരത്തില്‍ ഭക്ഷണം നല്‍കിയിരുന്നു. ഇപ്പോള്‍ പ്രദേശത്തെ ഒരു ധാബയില്‍ നിന്ന് പണം നല്‍കിയാണ് താന്‍ ഭക്ഷണം കഴിക്കുന്നതെന്നും രാജു പറയുന്നു. എന്തായാലും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഡിജിറ്റല്‍ ഇന്ത്യ കാമ്പയിന് ഒരു വ്യത്യസ്ത പ്രചാരകന്‍ ആയിരിക്കുകയാണ് രാജു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.