തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരളത്തില്‍ വ്യാപകമായി അഴിമതി നടത്തുന്നതിനുള്ള പ്രോത്സാഹനവും പച്ചക്കൊടിയുമായി ഓര്‍ഡിനന്‍സ് മാറുമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ലോകായുക്തയില്‍ പെന്‍ഡിങ് ആയിരിക്കുന്ന കേസിനെ കുറിച്ച് മുഖ്യമന്ത്രിക്ക് ഇനി ഭയപ്പെടേണ്ട ആവശ്യമില്ല. കാരണം ലോകായുക്ത കുരയ്ക്കുക മാത്രമേയുള്ളൂ, കടിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുവരുത്തി. പിണറായി വിജയന്‍ ഇനി മുതല്‍ ചരിത്രത്തില്‍ അറിയപ്പെടാന്‍ പോകുന്നത് കേരളത്തിലെ അഴിമതി വിരുദ്ധ സംവിധാനം തീര്‍ത്തും ഇല്ലാതാക്കി, കേരളത്തില്‍ അഴിമതിക്ക് വെള്ളവും വളവും കൊടുത്ത മുഖ്യമന്ത്രി എന്ന നിലയ്ക്കായിരിക്കുമെന്നും സതീശന്‍ പറഞ്ഞു.
ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തുമെന്ന് പ്രതിപക്ഷത്തിന് നേരത്തെ തന്നെ അറിയാമായിരുന്നു. അതുകൊണ്ടാണ് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ളത് കേവലം സൗന്ദര്യപ്പിണക്കമാണെന്ന് താന്‍ നേരത്തെ പറഞ്ഞത്. സൗന്ദര്യപ്പിണക്കങ്ങള്‍ പരിഹരിക്കാനുള്ള ഇടനിലക്കാര്‍ കേരളത്തിലുണ്ടെന്നും പ്രതിപക്ഷം സൂചിപ്പിച്ചിരുന്നെന്നും സതീശന്‍ പറഞ്ഞു.
എന്തുകൊണ്ടാണ് ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ചത്? ഇതുവരെ ഒരു കോടതിയും ഭരണഘടനാ വിരുദ്ധമാണെന്ന് പറയാത്ത ഒരു നിയമം, സര്‍ക്കാര്‍ ഒരു സുപ്രഭാതത്തില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പറയുന്നു. നിയമസഭ പാസാക്കിയ ഒരു നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പറയാന്‍ അത് പരിശോധിക്കുന്ന ഉത്തരവാദിത്തപ്പെട്ട കോടതിക്കു മാത്രമേയുള്ളൂ എന്ന് ഗവര്‍ണറോട് പ്രതിപക്ഷം പറഞ്ഞിരുന്നുവെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ കേസ് ലോകായുക്തയില്‍ പെന്‍ഡിങ് ആയിരിക്കുമ്പോള്‍ അതിന്റെ പേരില്‍ ഇത് ഭരണഘടനാ വിരുദ്ധമാണെന്ന പ്രഖ്യാപനവുമായി സര്‍ക്കാര്‍ മുന്നോട്ടുവന്നു. ഗവര്‍ണര്‍ അതിന് കൂട്ടുനിന്നെന്നും സതീശന്‍ വിമര്‍ശിച്ചു. ഭേദഗതി, രാഷ്ട്രപതിയുടെ അംഗീകാരത്തിനു വേണ്ടി അയക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കില്ലെന്ന് മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും ഉറപ്പായിരുന്നു. അതിനാലാണ് രാഷ്ട്രപതിക്ക് അയക്കാത്തതെന്നും സതീശന്‍ കുറ്റപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.