പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ കടലില്‍ നീന്താനിറങ്ങിയ യുവതിക്ക് സ്രാവിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്ക്. പെര്‍ത്തില്‍നിന്ന് 720 കിലോമീറ്റര്‍ അകലെയുള്ള വിനോദ സഞ്ചാര കേന്ദ്രമായ എസ്പെറന്‍സില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. കെല്‍പ് ബെഡ്സ് ബീച്ചില്‍ നീന്തിക്കൊണ്ടിരുന്ന സ്ത്രീയെയാണ് സ്രാവ് ആക്രമിച്ചത്. സംഭവത്തെത്തുടര്‍ന്ന് ബീച്ച് താല്‍ക്കാലികമായി അടച്ചു.
കടല്‍ത്തീരത്തുനിന്ന് 200 മീറ്റര്‍ അകലെയാണ് യുവതി പൂള്‍ റിംഗ് ഉപയോഗിച്ച് നീന്തിക്കൊണ്ടിരുന്നത്. ഇവിടെ സ്രാവിനെ കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്രാവ് പൂള്‍ റിംഗ് കടിച്ചുവലിച്ചു വെള്ളത്തിലേക്ക് താഴ്ത്തുന്നതാണ് കരയിലുണ്ടായിരുന്നവര്‍ കണ്ടത്. തുടര്‍ന്ന് അവിടെയുണ്ടായിരുന്നവരും സുഹൃത്തുക്കളും ചേര്‍ന്നാണ് യുവതിയെ വെള്ളത്തില്‍നിന്നു വലിച്ചെടുത്തത്. പാരാ മെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയിരുന്നു. ആദ്യം സ്വകാര്യ വാഹനത്തില്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചു. വൈകുന്നേരത്തോടെ വിദഗ്ധ ചികിത്സയ്ക്കായി യുവതിയെ വിമാനത്തില്‍ പെര്‍ത്തിലേക്കു കൊണ്ടുപോയി. നിലവില്‍ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്.
സംഭവസമയത്ത് ഉച്ചയോടെ 3.3 മീറ്റര്‍ നീളമുള്ള ഗ്രേറ്റ് വൈറ്റ് ഷാര്‍ക്ക് വിഭാഗത്തില്‍പെട്ട സ്രാവിനെ കണ്ടെങ്കിലും യുവതിയെ ആക്രമിച്ചത് എത് ഇനത്തില്‍പെട്ടതാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. യുവതി നീന്താന്‍ ഉപയോഗിച്ച പൂള്‍ റിംഗ വീണ്ടെടുത്തിട്ടുണ്ട്. അതില്‍നിന്നു സ്രാവിന്റെ ഡി.എന്‍.എ ശേഖരിച്ച് പരിശോധന നടത്തും. അതിനിടെ, യുവതിയെ ആക്രമിച്ച് മണിക്കൂറുകള്‍ക്കകം കരയോട് ചേര്‍ന്ന് ഒരു സ്രാവ് നീന്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
യുവതിയെ ആക്രമിച്ച് മണിക്കൂറുകള്‍ക്കകം കരയോട് ചേര്‍ന്ന് ഒരു സ്രാവ് നീന്തുന്ന ദൃശ്യങ്ങള്‍
ഇവിടെ സ്രാവുകള്‍ ഇതിനു മുന്‍പും വിനോദ സഞ്ചാരികളെ മാരകമായി ആക്രമിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. 2020 ഒക്ടോബറില്‍ സര്‍ഫറായിരുന്ന ആന്‍ഡ്രൂ ഷാര്‍പ്പ് സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. കടലില്‍ നടത്തിയ തെരച്ചിലില്‍ ഇദ്ദേഹത്തിന്റെ നീന്തല്‍ വസ്ത്രത്തിന്റെ ഏതാനും ഭാഗങ്ങള്‍ മാത്രമാണ് വീണ്ടെടുക്കാനായത്.
2017-ല്‍ 17 വയസുകാരി സര്‍ഫിംഗ് ചെയ്യുമ്പോള്‍ സ്രാവിന്റെ ആക്രമണത്തില്‍ മരിച്ചു. അമ്മയും സഹോദരിമാരും കരയില്‍ നോക്കിനില്‍ക്കെയാണ് ഗ്രേറ്റ് വൈറ്റ് ഷാര്‍ക്ക് വിഭാഗത്തില്‍പെട്ട സ്രാവ് പെണ്‍കുട്ടിയെ ആക്രമിച്ചത്. 2014-ല്‍ സര്‍ഫിംഗിനിടെ സ്രാവിന്റെ ആക്രമണത്തില്‍ സീന്‍ പൊള്ളാര്‍ഡിന് ഒരു കൈയും കൈയും നഷ്ടപ്പെട്ടു.
സ്രാവിന്റെ ആക്രമണങ്ങളെക്കുറിച്ച് ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ആവശ്യമാണെന്ന് പ്രാദേശവാസികള്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.