വത്തിക്കാന്‍ സിറ്റി: ഗലീലി തടാകത്തിലെ ശിമയോന്റെ വഞ്ചിയെ 'ശൂന്യമായ വലകളുടെ രാത്രി'യില്‍ നിന്നു മോചിപ്പിച്ചതുപോല സാമീപ്യവും അനുകമ്പയും ആര്‍ദ്രതയുമായി അനുഗ്രഹ വേളകളേകാന്‍ ആഡംബരമകന്ന ജീവിത നൗകകളെയാണ് ദൈവം തെരയുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.'ഞങ്ങള്‍ രാത്രി മുഴുവന്‍ അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല' എന്ന വിലാപത്തിനു വിരാമമിടാന്‍ ദൈവത്തിന് അവസരം നല്‍കുകയെന്നതാണു പ്രധാനം: ഞായറാഴ്ച ദിവ്യബലി മദ്ധ്യേ വചന സന്ദേശത്തില്‍ പാപ്പ പറഞ്ഞു.
രാത്രി മുഴുവന്‍ വലവീശിയിട്ടും മീനൊന്നും കിട്ടാതിരുന്ന ശിമയോന്റെ വള്ളത്തില്‍ യേശു കയറിയ സംഭവം ഉള്‍പ്പെടുന്ന ലൂക്കായുടെ സുവിശേഷം അഞ്ചാം അദ്ധ്യായം 5-11 വരെയുള്ള വാക്യങ്ങളെ അധികരിച്ചായിരുന്നു വചന സന്ദേശം. അവിടെയുണ്ടായിരുന്ന ജനത്തെ പഠിപ്പിച്ചതിനു ശേഷം ആഴത്തിലേക്കു നീക്കി വലയെറിയാന്‍ യേശു അവനോടു പറയുന്നതും അതനുസരിച്ച ശിമയോന് വല നിറയെ മീന്‍ കിട്ടുന്നതുമായ ഭാഗങ്ങള്‍ മാര്‍പാപ്പ വിശദീകരിച്ചു.
രാത്രിയിലെ മോശം മത്സ്യബന്ധനത്തിന് ശേഷം നിരാശരായ ശിമയോന്‍ പത്രോസ് ഉള്‍പ്പെടെയുള്ള മത്സ്യത്തൊഴിലാളികള്‍ വല കഴുകുമ്പോഴാണ് ജനക്കൂട്ടം യേശുവിന് ചുറ്റും തിങ്ങിക്കൂടുന്നത്. അപ്പോള്‍ ഇതാ, യേശു ശിമയോന്റെ വള്ളത്തില്‍ കയറുന്നു; പിന്നെ അകലേക്കു നീക്കി വീണ്ടും വല വീശാനും അവിടന്ന് നിര്‍ദ്ദേശിക്കുന്നു (ലൂക്കാ 5: 1-4). 'യേശുവിന്റെ ഈ രണ്ട് പ്രവൃത്തികളെക്കുറിച്ച് നമുക്ക് ചിന്തിക്കാം: ആദ്യം അവിടന്ന് വഞ്ചിയില്‍ കയറുന്നു, രണ്ടാമതായി, ആഴത്തിലേക്കു നീക്കി വലയിറക്കാന്‍ ക്ഷണിക്കുന്നു. മത്സ്യം ലഭിക്കാത്ത ഒരു മോശം നിശയായിരുന്നു അത്, എന്നാല്‍ പത്രോസ് വിശ്വസിച്ച് ആഴത്തിലേക്കു നീക്കി വലയെറിയുന്നു.'
നിരാശയ്ക്കു വിട നല്‍കാം
സര്‍വ്വോപരി, യേശു ശിമയോന്റെ വള്ളത്തില്‍ കയറുന്നു. അത് എന്തിനു വേണ്ടി? പഠിപ്പിക്കാന്‍. നിറയെ മത്സ്യങ്ങളില്ലാത്ത, അദ്ധ്വാനവും നിരാശയുമായിരുന്ന ഒരു രാത്രിക്കു ശേഷം കാലിയായി തീരത്തേക്ക് മടങ്ങിയ ആ വള്ളത്തോടാണ് പ്രതീക്ഷ കൈവിടരുതെന്ന് അവിടന്ന് ആവശ്യപ്പെടുന്നത്. ഇത് നമ്മെ സംബന്ധിച്ചും മനോഹരമായ ഒരു രൂപകമാണ്.
നമ്മുടെ ജീവിതനൗക ദൈനംദിന പ്രവര്‍ത്തന സാഗരത്തിലേക്കിറങ്ങാന്‍ ഓരോ ദിവസവും ഭവന തീരം വിടുന്നു;'ആഴത്തിലേക്കു നീക്കി മീന്‍ പിടിക്കാന്‍'. സ്വപ്നങ്ങള്‍ വളര്‍ത്തിയെടുക്കാനും പദ്ധതികള്‍ നടപ്പിലാക്കാനും ബന്ധങ്ങളില്‍ സ്‌നേഹം അനുഭവിക്കാനും നമ്മള്‍ ശ്രമിക്കുന്നു. എന്നാല്‍ പലപ്പോഴും, പത്രോസിനെപ്പോലെ, നമ്മള്‍ നേരിടുന്നത് 'ശൂന്യമായ വലകളുടെ രാത്രി' തന്നെ. കഠിനാദ്ധ്വാനം ചെയ്തതിന്റെ നിരാശ ബാക്കി. പ്രതീക്ഷിച്ച ഫലം കാണാതെ പോകുന്നു: 'ഞങ്ങള്‍ രാത്രി മുഴുവന്‍ അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല' (വാക്യം 5), ശിമയോന്‍ പറയുന്നു. ഹൃദയത്തില്‍ നിരാശയും കയ്പ്പും ഉണ്ടാകുമ്പോള്‍ എത്രയോ തവണ നമ്മളും പരാജയബോധത്തിലേക്കു വഴുതി വീഴുന്നു. വളരെ അപകടകരമാണീ പരിണാമം.
ശൂന്യമായ വള്ളം 'സിംഹാസനം'
അപ്പോള്‍ കര്‍ത്താവ് എന്താണ് ചെയ്യുന്നത്? അവന്‍ നമ്മുടെ വഞ്ചിയില്‍ കയറാന്‍ തിരുമാനിക്കുന്നു. അതില്‍ നിന്ന് സുവിശേഷം അറിയിക്കാന്‍ അവന്‍ ആഗ്രഹിക്കുന്നു. നമ്മുടെ കഴിവില്ലായ്മയുടെ പ്രതീകമായ ശൂന്യമായ ആ വള്ളം, യേശുവിന്റെ 'സിംഹാസനം' ആകുന്നു. അവന്‍ വചനം പ്രഘോഷിക്കുന്ന പ്രസംഗപീഠമായി മാറുന്നു. കര്‍ത്താവ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നത് ഇതാണ്: കര്‍ത്താവ് ആശ്ചര്യങ്ങളുടെയും അത്ഭുതങ്ങളുടെയും നാഥനാണ്; അവനു നല്‍കാന്‍ നമുക്ക് ഒന്നുമില്ലാത്തപ്പോള്‍ നമ്മുടെ ജീവിതനൗകയില്‍ കയറാന്‍; നമ്മുടെ ശൂന്യതയില്‍ പ്രവേശിച്ച് അവയില്‍ അവന്റെ സാന്നിദ്ധ്യം നിറയ്ക്കാന്‍. അവന്റെ സമ്പന്നത പ്രഖ്യാപിക്കുന്നതിന് നമ്മുടെ ദാരിദ്ര്യവും, അവന്റെ കരുണ പ്രഖ്യാപിക്കുന്നതിന് നമ്മുടെ ദുരിതങ്ങളും ഉപയോഗിക്കുന്നു.
നമുക്കിത് ഓര്‍മ്മയില്‍ സൂക്ഷിക്കാം: ദൈവത്തെ സ്വാഗതം ചെയ്യുന്നതിനു വേണ്ടി ഒരു ആഡംബര നൗക ആവശ്യമില്ല, ചെറിയ 'പൊട്ടിപ്പൊളിഞ്ഞ' വള്ളം മതി: അതുമതി! അവിടത്തെ സ്വാഗതം ചെയ്യുക. ഏതു തരം വള്ളം എന്നത് പ്രശ്‌നമല്ല: അവിടത്തെ സ്വീകരിക്കുക. ഞാന്‍ സ്വയം ചോദിക്കുകയാണ്: നമ്മള്‍ അവനെ നമ്മുടെ ജീവിതനൗകയില്‍ കയറ്റുമോ? കുറച്ചുമാത്രമാണ് നമ്മുടെ പക്കലുള്ളതെങ്കിലും അത് നാം അവനു നല്കാന്‍ തയ്യാറാകുമോ?
നാം പാപികളായതിനാല്‍ നാം അവനു യോഗ്യരല്ലെന്ന തോന്നല്‍ ചിലപ്പോള്‍ നമുക്കുണ്ടാകുന്നു. എന്നാല്‍ ഇത് കര്‍ത്താവിന് ഇഷ്ടപ്പെടാത്ത ഒരു ഒഴികഴിവാണ്, കാരണം ഇത് അവനെ നമ്മില്‍ നിന്ന് അകറ്റുന്നു! അവന്‍ സാമീപ്യത്തിന്റെയും അനുകമ്പയുടെയും ആര്‍ദ്രതയുടെയും ദൈവമാണ്, അവിടന്ന് പരിപൂര്‍ണ്ണത തേടുന്നില്ല: സ്വീകരണമാണ് അവന്‍ അന്വേഷിക്കുന്നത്. അവന്‍ പറയുന്നു: 'നിന്റെ ജീവിതനൗകയില്‍ കയറാന്‍ എന്നെ അനുവദിക്കുക'. എന്നാല്‍, ' കര്‍ത്താവേ, ഇതൊന്നു കാണൂ ...' എന്നാവും നമ്മൂടെ ദീനമായ മറുപടി. പക്ഷേ, കര്‍ത്താവു പറയും:' അത് അപ്രകാരം തന്നെയായിരിക്കട്ടെ: അതായിരിക്കുന്ന രീതിയില്‍ത്തന്നെ ഞാന്‍ അതില്‍ കയറട്ടെ'. നാം ഇതെക്കുറിച്ചാണ് ചിന്തിക്കേണ്ടത്.
വിശ്വാസ നവീകരണം
കര്‍ത്താവ് പത്രോസിന്റെ വിശ്വാസം നവീകരിക്കുന്നു. അവന്റെ വഞ്ചിയില്‍ കയറി പ്രസംഗിച്ചശേഷം അവനോട് പറഞ്ഞു: 'ആഴത്തിലേക്ക് വല ഇറക്കുക' (വാക്യം 4). മീന്‍ പിടിക്കാന്‍ പറ്റിയ സമയമായിരുന്നില്ല, പകലായിരുന്നു. പക്ഷേ പത്രോസ് യേശുവിനെ വിശ്വസിക്കുന്നു. അത് അയാള്‍ക്ക് നന്നായി അറിയാവുന്ന മത്സ്യത്തൊഴിലാളികളുടെ തന്ത്രങ്ങളെ അടിസ്ഥാനമാക്കിയല്ല, മറിച്ച് യേശുവിലുള്ള പ്രതിബദ്ധത അടിസ്ഥാനമാക്കിയാണ്. ആ വിശ്വാസ കേന്ദ്രീകൃത വിസ്മയമാണ് അവനെ യേശു പറഞ്ഞതു ചെയ്യാന്‍ പ്രേരിപ്പിച്ചത്. നമുക്കും അപ്രകാരംതന്നെയാകാം: നമ്മുടെ വഞ്ചിയില്‍ കര്‍ത്താവിന് ആതിഥ്യമരുളിയാല്‍, നമുക്ക് ആഴത്തിലേക്കു നീക്കി വലയിറക്കാനാകും. യേശുവിനോടുകൂടി നമുക്ക് ജീവിത സാഗരത്തില്‍ ഭീതി കൂടാതെയും, ഒന്നും കിട്ടാതെ വരുമ്പോള്‍ നിരാശയ്ക്ക് വഴങ്ങാതെയും, 'ഇനി ഒന്നും ചെയ്യാനില്ല' എന്ന മനോഭാവത്തിനു കീഴടങ്ങാതെയും യാത്ര ചെയ്യാന്‍ സാധിക്കും.
സഭാ ജീവിതത്തിലും സാമൂഹിക ജീവിതത്തിലുമെന്നപോലെ വ്യക്തിജീവിതത്തിലും, മനോഹരവും ധീരവുമായ എന്തെങ്കിലും ചെയ്യാന്‍ കഴിയും, കഴിയണം: എല്ലായ്‌പ്പോഴും. നമുക്ക് എന്നും വീണ്ടും തുടങ്ങാന്‍ സാധിക്കും. കാരണം, പുനരാരംഭിക്കാന്‍ കര്‍ത്താവാണ് സദാ നമ്മെ ക്ഷണിക്കുന്നത്. എന്തെന്നാല്‍ അവിടന്ന് പുത്തന്‍ സാധ്യതകള്‍ തുറക്കുന്നു. ആകയാല്‍ നമുക്ക് ക്ഷണം സ്വീകരിക്കാം: നമുക്ക് അശുഭാപ്തിവിശ്വാസത്തെയും അവിശ്വാസത്തെയും തുരത്തി യേശുവിനൊപ്പം ആഴത്തിലേക്കു നീങ്ങാം! നമ്മുടെ ഒഴിഞ്ഞ ചെറു വള്ളം പോലും അത്ഭുതകരമായ മീന്‍പിടുത്തത്തിന് സാക്ഷ്യം വഹിക്കും.മറ്റൊരാള്‍ക്കും കഴിയാത്തവിധം കര്‍ത്താവിനെ ജീവിതത്തോണിയില്‍ സ്വീകരിച്ച മറിയം നമുക്ക് പ്രചോദനം പകരുകയും നമുക്കു വേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കുകയും ചെയ്യുന്നതിനായി നമുക്ക് പ്രാര്‍ത്ഥിക്കാം.
സ്ത്രീകളുടെ ജനനേന്ദ്രിയ ഛേദനത്തിനെതിരായ അന്താരാഷ്ട്ര ദിനം ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ ആചരിക്കപ്പെടുന്നതിനോടുള്ള ഐക്യ ദാര്‍ഢ്യം പ്രകടമാക്കി മാര്‍പാപ്പ. ദിവ്യബലി കഴിഞ്ഞ് ആശീര്‍വ്വാദശേഷം സംസാരിക്കവേ മഹിളകളുടെ അന്തസ്സിനെ ഹനിക്കുന്ന ഈ ദുരാചാരത്തെ അപലപിക്കുകയും ചെയ്തു.
ഓരോ വര്‍ഷവും ഏകദേശം മൂന്ന് ദശലക്ഷം പെണ്‍കുട്ടികള്‍ സ്ത്രീ ലിംഗ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കപ്പെടുന്നുണ്ടെന്നും പലപ്പോഴും അവരുടെ ആരോഗ്യത്തിന് വളരെ അപകടകരമായ അവസ്ഥകളിലാണ് ഈ ശസ്ത്രക്രിയ നടക്കുന്നതെന്നും പാപ്പാ ആശങ്ക പ്രകടിപ്പിച്ചു.
നിര്‍ഭാഗ്യവശാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ രീതി സ്ത്രീകളുടെ അന്തസ്സിനെ അപമാനിക്കുകയും അവരുടെ ശാരീരിക സമഗ്രതയെ ഗുരുതരമായി അപകടത്തിലാക്കുകയും ചെയ്യുന്നു.
'തലിത്ത കും'
മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന 'തലിത്ത കും' (gruppo Talitha Kum) സംഘത്തിലെ സന്ന്യാസിനികളെ പാപ്പാ പ്രത്യേകം അഭിനന്ദിച്ചു; അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്തു. ഫെബ്രുവരി 8-ന് വിശുദ്ധ ജോസഫൈന്‍ ബക്കീത്തയുടെ തിരുന്നാള്‍ ദിനത്തില്‍ മനുഷ്യക്കടത്തിനെതിരായ പ്രാര്‍ത്ഥനാ പരിചിന്തന ലോകദിനം ആചരിക്കുന്നതും പാപ്പാ അനുസ്മരിച്ചു.
'മനുഷ്യവ്യക്തിയോട് യാതൊരുവിധ ആദരവും കാണിക്കാത്ത സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്കായുള്ള ലജ്ജാകരമായ തിരച്ചിലിന്റെ ഫലമായ ആഴത്തിലുള്ള മുറിവാണ് മനുഷ്യക്കടത്തെ'ന്ന് പാപ്പാ നിരീക്ഷിച്ചു.സ്വതന്ത്രരല്ലാത്ത നിരവധി പെണ്‍കുട്ടികളെ നാം തെരുവീഥികളില്‍ കണ്ടുമുട്ടുന്നു. അവര്‍ മനുഷ്യക്കടത്തുകാരുടെ അടിമകളാണെന്നും, ജോലി ചെയ്ത് പണം കൊണ്ടുവന്നില്ലെങ്കില്‍ അവര്‍ക്ക് പ്രഹരമേല്‌ക്കേണ്ടിവരുന്നുവെന്നുമുള്ള ഖേദകരമായ വസ്തുത പാപ്പ ചൂണ്ടിക്കാട്ടി.'ഇന്ന് നമ്മുടെ നഗരങ്ങളിലും സംഭവിക്കുന്ന ഈ ദുരവസ്ഥയെക്കുറിച്ച് നാം ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്.'
നരകുലത്തിന്റെ ഈ മുറിവുകള്‍ തന്നെ വേദനിപ്പിക്കുന്നുവെന്നു വെളിപ്പെടുത്തിയ പാപ്പാ, സ്ത്രീകളെയും പെണ്‍കുട്ടികളെയും പ്രത്യേകമാംവിധം ബാധിക്കുന്ന ചൂഷണങ്ങളും അപമാനകരമായ ചെയ്തികളും തടയാന്‍ നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കാന്‍ ഭരണാധികാരികളോട് അഭ്യര്‍ത്ഥിച്ചു.
ഫെബ്രുവരിയിലെ ആദ്യ ഞായറാഴ്ച ഇറ്റലിയില്‍ ജീവനുവേണ്ടിയുള്ള ദിനം ആചരിക്കുന്നതിനെക്കുറിച്ചും പാപ്പാ ത്രികാലപ്രാര്‍ത്ഥനയ്ക്കു ശേഷം നടത്തിയ അഭിവാദ്യങ്ങള്‍ക്കിടെ പരാമര്‍ശിച്ചു.'ഓരോ ജീവനും കാത്തുപരിപാലിക്കുക' എന്നതാണ് ഈ ദിനാചരണത്തിന്റെ പ്രമേയം. ഓരോ ജീവനും കാത്തുപരിപാലിക്കുക എന്നത് എല്ലാവരെയും സംബന്ധിച്ച്, പ്രത്യേകിച്ച്, പ്രായമായവര്‍, രോഗികള്‍, കൂടാതെ ജനനം നിഷേധിക്കപ്പെടുന്ന കുട്ടികള്‍ തുടങ്ങിയ ദുര്‍ബ്ബല വിഭാഗങ്ങളെ സംബന്ധിച്ച്, ഏറ്റവും പ്രസക്തമാണെന്ന് പാപ്പാ പറഞ്ഞു.
വലിച്ചെറിയലിന്റെ യുക്തിക്കും ജനസംഖ്യാ താഴ്ചയ്ക്കുമുള്ള മറുപടിയെന്നോണം ജീവന്റെ സംസ്‌കാരത്തെ പരിപോഷിപ്പിക്കുന്നതില്‍ ഇറ്റലിയിലെ മെത്രാന്മാരോടുള്ള തന്റെ ഐക്യദാര്‍ഢ്യം പാപ്പാ പ്രഖ്യാപിച്ചു.'എല്ലാ ജീവനും എപ്പോഴും സംരക്ഷിക്കപ്പെടണം'.
സദ്വാര്‍ത്തകള്‍ക്കും ഇടം
'മാദ്ധ്യമങ്ങളില്‍ ഒരുപാട് മോശം കാര്യങ്ങള്‍, മോശം വാര്‍ത്തകള്‍, അപകടങ്ങള്‍, കൊലപാതകങ്ങള്‍... അങ്ങനെ പലതും നമ്മള്‍ കണ്ടും വായിച്ചും ശീലിച്ചിരിക്കുന്നതിനെ'ക്കുറിച്ച് പരിതപിച്ചശേഷം പാപ്പാ മൊറോക്കോയില്‍, ഒരു ജനത മുഴുവന്‍, റയന്‍ എന്ന 5 വയസ്സുകാരനായ കുട്ടിയെ കുഴല്‍ക്കിണറില്‍ നിന്ന് രക്ഷിക്കുന്നതിന് ഒറ്റക്കെട്ടായി പ്രര്‍ത്ഥിച്ച നല്ല വാര്‍ത്തയെക്കുറിച്ച് സൂചിപ്പിച്ചു. എന്നാല്‍ ആറു ദിവസം നീണ്ട അവരുടെ ശ്രമം വിഫലമായത് പാപ്പാ വേദനയോടെ അനുസ്മരിക്കുകയും ചെയ്തു. ഒരു കുട്ടിയെ രക്ഷിക്കാന്‍ ജനങ്ങള്‍ ഒത്തൊരുമിച്ചു നടത്തിയ ശ്രമം ഒരു സാക്ഷ്യമാണെന്ന് പറഞ്ഞ പാപ്പാ ഈ പരിശ്രമത്തിന് നന്ദിയര്‍പ്പിച്ചു.
അതുപോലെ തന്നെ, ഇറ്റലിയിലെ മൊണ്‍ഫെറാത്തൊയില്‍ ഘാന സ്വദേശിയായ 25 കാരനായ കുടിയേറ്റക്കാരന്‍ ജോണ്‍ കഷ്ടപ്പാടുകള്‍ക്കു ശേഷം ജോലി കിട്ടി ജീവിതം ആരംഭിച്ചപ്പോഴേയ്ക്കും അര്‍ബുദരോഗ ബാധിതനായതും മരണാസന്നനായ ജോണിന് സ്വന്തം പിതാവിനെ കാണണമെന്ന അന്ത്യാഭിലാഷം സാധിച്ചുകൊടുക്കാന്‍ ജനങ്ങള്‍ ധനസമാഹരണം നടത്തി വേദനസംഹാരികള്‍ നല്കി, വിമാനമാര്‍ഗ്ഗം അയച്ചതും പാപ്പാ അനുസ്മരിച്ചു. ഈ രണ്ടു സാക്ഷ്യങ്ങളും ഇന്ന് ലോകത്തിലെ നിരവധിയായ മോശമായ വാര്‍ത്തകള്‍ക്കിടയില്‍ 'നല്ല കാര്യങ്ങളും ഉണ്ട്, തൊട്ടടുത്തു വിശുദ്ധര്‍ ഉണ്ട്' എന്ന് കാണിച്ചുതരുന്നുവെന്ന് പാപ്പ പ്രസ്താവിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26