'ഫാദര്‍ സ്റ്റു' ദുഃഖവെള്ളിയാഴ്ച സോണി പിക്ചേഴ്സ് റിലീസ് ചെയ്യും; വൈദികനായി മാറിയ ബോക്‌സിംഗ് താരത്തിന്റെ ജീവിതം

'ഫാദര്‍ സ്റ്റു' ദുഃഖവെള്ളിയാഴ്ച സോണി പിക്ചേഴ്സ് റിലീസ്  ചെയ്യും; വൈദികനായി മാറിയ ബോക്‌സിംഗ് താരത്തിന്റെ  ജീവിതം


ലോസ് ഏഞ്ചല്‍സ്: തീ പാറുന്ന കൂറ്റന്‍ ഇടികളോടെ റിംഗുകളില്‍ എതിരാളികളെ വീഴ്ത്തി ഏറ്റുവാങ്ങിയ വിജയകീരീടങ്ങള്‍ മാറ്റിവച്ച് അപൂര്‍വ ദൈവാനുഭവത്തിലൂടെ കത്തോലിക്കാ പുരോഹിതനായി മാറിയ ബോക്‌സിംഗ് താരത്തിന്റെ ജീവിത കഥയില്‍ വിരിഞ്ഞ പ്രചോദനാത്മക സിനിമ ഏപ്രില്‍ 15 നു ദുഃഖവെള്ളിയാഴ്ച തിയേറ്ററുകളില്‍ റിലീസ് ചെയ്യാനൊരുങ്ങുന്നു സോണി പിക്ചേഴ്സ്.

യഥാര്‍ത്ഥ സംഭവങ്ങളുടെ കലാപൂര്‍ണ ആവിഷകാരമാണ് 'ഫാദര്‍ സ്റ്റു'. നായകനായ ഫാദര്‍ സ്റ്റുവര്‍ട്ട് ലോംഗായി അഭിനയിക്കുന്നത് അക്കാദമി അവാര്‍ഡ് നോമിനി മാര്‍ക്ക് വാല്‍ബെര്‍ഗ്. എക്കാലത്തെയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ക്രിസ്ത്യന്‍ ചിത്രമായ 'ദി പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് ' ഒരുക്കി ചരിത്രത്തില്‍ ഇടം നേടിയ അക്കാദമി അവാര്‍ഡ് ജേതാവ് മെല്‍ ഗിബ്സണ്‍ അഭനയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്് ഈ ചിത്രത്തിന്.

ഒരു ഡസനിലധികം ഫീച്ചര്‍ ഫിലിമുകള്‍ നിര്‍മ്മിച്ചിട്ടുള്ള മാര്‍ക്ക് വാള്‍ബെര്‍ഗ് തന്റെ ഏറ്റവും പുതിയ 'ബയോപിക്ക്' പ്രോജക്റ്റിനെക്കുറിച്ച് പറഞ്ഞു: 'പ്രശ്‌നക്കാരില്‍ നിന്ന് പുരോഹിതനിലേക്കുള്ള ഫാദര്‍ സ്റ്റുവിന്റെ യാത്ര ഞാനുള്‍പ്പെടെ പലര്‍ക്കും പ്രചോദനമായിരുന്നു.' തിരക്കഥാ രചയിതാവും സംവിധായകനുമായ റോസലിന്‍ഡ് റോസിന്റെ അത്യുദാത്ത സൃഷ്ടിയാകും 'ഫാദര്‍ സ്റ്റു' എന്ന കാര്യത്തില്‍ നിര്‍മ്മാതാവിന് നൂറു ശതമാനമാണ് ആത്മവിശ്വാസം.

'ഫാദര്‍ സ്റ്റുവര്‍ട്ട് ലോംഗ് ആരാണെന്നും അദ്ദേഹം കണ്ടുമുട്ടിയ ആളുകള്‍ എങ്ങനെ സ്വാധീനിക്കപ്പെട്ടുവെന്നും മനസ്സിലാക്കാന്‍ റോസി അവിശ്വസനീയമായ ജോലിയാണു ചെയ്തത്. ഈ സിനിമയിലൂടെ നമുക്ക് ഫാദര്‍ ലോംഗിന്റെ ആത്മാവിനെ എക്കാലവും സജീവമായി നിലനിര്‍ത്താനും അദ്ദേഹത്തിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ തുടരാനും കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.'- വാള്‍ബെര്‍ഗ് പറയുന്നു.

അപൂര്‍വതകളുടെ ദിവ്യസ്പര്‍ശം

കടുപ്പക്കാരനായ ആളായിരുന്നു ചെറുപ്പം മുതലേ സ്റ്റു ലോംഗ്. ഹൈസ്‌കൂളില്‍ പഠിക്കവേ ഗുസ്തിയിലും ഫുട്‌ബോളിലുമായിരുന്നു വൈദഗ്ദ്ധ്യം. കോളേജ് കാലത്ത് ബോക്‌സര്‍ എന്ന നിലയില്‍ തീപ്പൊരി പാറിച്ചു. മൊണ്ടാനയ്ക്കായി 1985-ല്‍ ഗോള്‍ഡന്‍ ഗ്ലൗസ് ഹെവിവെയ്റ്റ് കിരീടം നേടിയ അദ്ദേഹം അടുത്ത വര്‍ഷം റണ്ണര്‍ അപ്പ് ആയി.തുടര്‍ന്ന് ആരോഗ്യപ്രശ്നങ്ങളാല്‍ സമ്മാനപ്പോരാട്ടം വെട്ടിച്ചുരുക്കി ചലച്ചിത്ര മേഖലയിലേക്കു ചുവടു മാറി. കഠിനമായ വിവിധ വേഷങ്ങള്‍ ചെയ്തു. തുടര്‍ന്ന് നൈറ്റ് ക്ലബ്ബുകളിലും കോമഡി ക്ലബ്ബുകളിലും പ്രവര്‍ത്തിച്ചത്, ബഹളക്കാരെ ശീരീരികമായി ഒതുക്കുന്ന 'ബൗണ്‍സര്‍' ആയി.

ഇക്കാലമത്രയും വിശ്വാസ ജീവിതത്തോടു പുച്ഛം പുലര്‍ത്തിയ ആളായിരുന്നു സ്റ്റു. പുരോഹിതന്മാരോടും സഹപാഠികളോടും വിദ്വേഷം പ്രകടിപ്പിച്ചു പോന്നു,'ക്രിസ്ത്യന്‍ വിരുദ്ധന്‍' എന്ന് സ്വയം വിശേഷിപ്പിച്ചു. പക്ഷേ, ഒരു റോഡപകടത്തിനു ശേഷം ജീവിതം തകിടം മറിയുകയായിരുന്നു.


1988-ല്‍ ഒരു രാത്രി, ജോലി കഴിഞ്ഞ് വീട്ടിലേക്ക് മോട്ടോര്‍ സൈക്കിളില്‍ പോകുമ്പോള്‍, സ്റ്റുവിനെ ഒരു കാര്‍ ഇടിച്ചു; തുടര്‍ന്ന് രണ്ടാമതൊരു വാഹനവും. അദ്ദേഹത്തിന്റെ പരിക്ക് അതി ഗുരുതരമായിരുന്നു. അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാര്‍ വിധിച്ചത് മരണം ആസന്നമെന്നാണ്. അന്ത്യോപചാരം അര്‍പ്പിക്കാന്‍ കുടുംബത്തെ വിളിച്ചു വരുത്തി.

'മരണാസന്ന അനുഭവം'

എന്നാല്‍ ദൈവം തിരശ്ശീലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് സ്റ്റു പിന്നീട് ഈ അപകടത്തെക്കുറിച്ച് പറഞ്ഞു. 'അവന്‍ എന്റെ ഉള്ളിലായിരുന്നു, പക്ഷേ ഞാന്‍ പുറത്തായിരുന്നു.' ബോധം പോയി അത്യാസന്ന നിലയില്‍ കിടക്കുമ്പോള്‍, തനിക്ക് ശരീരാതീതമായ ഒരു അനുഭവം ഉണ്ടായെന്ന് സ്റ്റു ഓര്‍മ്മിച്ചു.താന്‍ ഭാരരഹിതനായി മുകളിലേക്കുയര്‍ന്ന് ചുറ്റിക്കറങ്ങവേ ദൈവം തന്നോട് നേരിട്ട് സംസാരിക്കുന്നത് കേട്ടു. അത്ഭുതാവഹമായിരുന്നു പിന്നത്തെ സംഭവങ്ങള്‍. അദ്ദേഹം സുഖം പ്രാപിച്ചു. അന്നു മുതല്‍ മത പഠനവും തുടങ്ങി. ലോസ് ഏഞ്ചല്‍സ് അതിരൂപതയില്‍ തുടര്‍ പരിശീലനം പൂര്‍ത്തിയാക്കി, 1994-ലെ ഈസ്റ്റര്‍ വിജിലില്‍ കത്തോലിക്കാ സഭയില്‍ സജീവമായി.

ഇതിനിടെ പൗരോഹിത്യത്തിലേക്കുള്ള വിളി മനസ്സിലാക്കി, സ്റ്റു തന്റെ ജോലി ഉപേക്ഷിച്ച് കാലിഫോര്‍ണിയയിലെ മിഷന്‍ ഹില്‍സിലെ ബിഷപ്പ് അലമാനി ഹൈസ്‌കൂളില്‍ പഠിപ്പിക്കാന്‍ തുടങ്ങി. അവിടെ ഗുസ്തി ടീമിനെ പരിശീലിപ്പിച്ചു.വൈകാതെ മൗണ്ട് ഏഞ്ചല്‍ സെമിനാരിയില്‍ പ്രവേശിച്ചു. 2007 ഡിസംബര്‍ 14-ന് മൊണ്ടാനയിലെ സെന്റ് ഹെലേന കത്തീഡ്രലില്‍ വച്ച് പൗരോഹിത്യം സ്വീകരിച്ചു.

ദൈവത്തോടും താന്‍ സേവിക്കുന്ന ജനങ്ങളോടും ഉള്ള സ്നേഹത്തില്‍ ഫാദര്‍ സ്റ്റു വികാരാധീനനായിരുന്നു.അരൂപിയുടെ അസാധാരണ സാന്നിധ്യമുള്ളതായിരുന്നു അദ്ദേഹത്തിന്റെ കുര്‍ബാനകള്‍ എന്ന് ജനങ്ങള്‍ സാക്ഷ്യപ്പെടുത്തി. ക്രിസ്തുവിനോടും സഭയോടും പുലര്‍ത്തിയ വിശ്വസ്തതയും ശ്രദ്ധ പിടിച്ചുപറ്റി. എന്നാല്‍ ഫാദര്‍ സ്റ്റുവിന്റെ ശുശ്രൂഷയും സേവനവും കുറച്ചുകാലം മാത്രം അനുഭവിക്കാനേ ജനങ്ങള്‍ക്കു ഭാഗ്യമുണ്ടായിരുന്നുള്ളൂ. ഭേദമാക്കാനാവാത്ത ഒരു അപൂര്‍വ രോഗം അദ്ദേഹത്തെ അവശനാക്കി.2010-ല്‍, ഫാദര്‍ സ്റ്റുവിനെ ഒരു നഴ്‌സിംഗ് ഹോമിലേക്ക് മാറ്റി. അവിടെ അദ്ദേഹം 2014-ല്‍ 50-ആം വയസ്സില്‍ മരിക്കുന്നതുവരെ രോഗികള്‍ക്കു സ്‌നേഹ ശുശ്രൂഷ നല്‍കിപ്പോന്നു.

കാലിഫോര്‍ണിയയിലെ കത്തോലിക്കാ സമൂഹത്തിന് ഫാദര്‍ സ്റ്റൂവിനെക്കുറിച്ച് പറയാനുള്ളത് മാനവ സ്‌നേഹവും ദൈവ സ്‌നേഹവും ഇഴ ചേര്‍ന്ന അപൂര്‍വ സംഭവ കഥകള്‍ ചൂണ്ടിക്കാട്ടിയാണ്. ഫാദര്‍ സ്റ്റു ഒരു വിനീത ദാസന്റെ ഹൃദയവുമായാണ് തന്റെ ശുശ്രൂഷയുടെ ഓരോ മിനിറ്റിലും കടന്നുപോയത്. ശാരീരിക ശക്തി കുറയുന്ന ക്രമത്തില്‍ ആ സ്‌നേഹത്തിന്റെ തീക്ഷ്ണത വര്‍ദ്ധിച്ചു വന്നു. എണ്ണമറ്റ ആളുകള്‍ക്ക് പ്രിയപ്പെട്ട പുരോഹിതനും കുമ്പസാരക്കാരനും സുഹൃത്തുമായി. ഓരോ ദിവസവും പുതുതായി വന്നുകൊണ്ടിരുന്ന വേദനയും ബലഹീനതയും സ്വീകരിച്ചുകൊണ്ട് അദ്ദേഹം വലിയൊരു ജീവിത മാതൃക പ്രദര്‍ശിപ്പിച്ചു; തനിക്ക് സംഭവിക്കുന്നത് ഏറ്റവും മികച്ച കാര്യമാണെന്ന് പറഞ്ഞു. തന്റെ ജീവിതത്തിന്റെ ഭൂരിഭാഗം സമയത്തും താന്‍ കൊണ്ടുനടന്ന ദുരഭിമാനം അലിഞ്ഞുപോകാന്‍ അതാവശ്യമാണെന്നതായിരുന്നു ഫാദര്‍ സ്റ്റൂവിന്റെ നിരീക്ഷണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.