ഓസ്‌കാര്‍ നാമനിര്‍ദേശത്തില്‍ ഇടം പിടിച്ച് ഇന്ത്യന്‍ ഡോക്യുമെന്ററി; 'റൈറ്റിംഗ് വിത്ത് ഫയര്‍'

  ഓസ്‌കാര്‍ നാമനിര്‍ദേശത്തില്‍ ഇടം പിടിച്ച് ഇന്ത്യന്‍ ഡോക്യുമെന്ററി; 'റൈറ്റിംഗ് വിത്ത് ഫയര്‍'

ലോസ് ഏഞ്ചല്‍സ്: ഇത്തവണത്തെ ഓസ്‌കാര്‍ പുരസ്‌കാരത്തിനായുള്ള അന്തിമ ഘട്ട നാമനിര്‍ദേശ പട്ടികയില്‍ ഇന്ത്യന്‍ ഡോക്യുമെന്ററിയും. നവാഗതരായ റിന്റു തോമസും സുഷ്മിത് ഘോഷും ചേര്‍ന്നു സംവിധാനം ചെയ്ത 'റൈറ്റിംഗ് വിത്ത് ഫയര്‍' ആണ് ഈ ഡോക്യുമെന്ററി; ഇന്ത്യയില്‍ ദളിത് സ്ത്രീകള്‍ നടത്തുന്ന ഏക പത്രമായ ഖബര്‍ ലാഹരിയുടെ പിറവി ആണ് പ്രമേയം.

94-ാമത് ഓസ്‌കാര്‍ അവാര്‍ഡുകള്‍ക്കുള്ള നാമനിര്‍ദ്ദേശങ്ങള്‍ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് പ്രഖ്യാപിച്ചു. ട്രേസി എല്ലിസ് റോസും ലെസ്ലി ജോര്‍ദാനും ചേര്‍ന്നാണ് 23 വിഭാഗങ്ങളിലായി നോമിനേഷന്‍ പ്രഖ്യാപനം നടത്തിയത്. അക്കാദമി അവാര്‍ഡ് ദാന ചടങ്ങ് മാര്‍ച്ച് 27 ന് ലോസ് ഏഞ്ചല്‍സില്‍ നടക്കും.

മികച്ച ചിത്രത്തിനായുള്ള പട്ടികയില്‍ ബെല്‍ഫാസ്റ്റ്,സിഒഡിഎ, ഡോണ്ട് ലുക്ക് അപ്പ്,ഡ്രൈവ് മൈ കാര്‍,ഡ്യൂണ്‍,കിങ്ങ് റിച്ചാര്‍ഡ്ലൈ ക്കോറൈസ് പിസ്സ,നൈറ്റ്‌മെയര്‍ അലി,ദ പവര്‍ ഓഫ് ഡോഗ്, വെസ്റ്റ് സൈഡ് സ്റ്റോറി എന്നിവ ഇടം നേടി. സംവിധായകരുടെ പട്ടികയില്‍ കെന്നത്ത് ബ്രനാഗ് ബെല്‍ഫാസ്റ്റ്, റ്യൂസുകെ ഹമാഗുച്ചി ഡ്രൈവ് മൈ കാര്‍, പോള്‍ തോമസ് ആന്‍ഡേഴ്‌സണ്‍- ലൈക്കോറൈസ് പിസ്സ,ജെയ്ന്‍ കാമ്പ്യന്‍- ദ പവര്‍ ഓഫ് ഡോഗ്,സ്റ്റീവന്‍ സ്പില്‍ബര്‍ഗ്- വെസ്റ്റ് സൈഡ് സ്റ്റോറി എന്നിവരാണുള്ളത്.

ജെസീക്ക ചാസ്റ്റെയ്ന്‍ ദ അയ്‌സ് ഓഫ് ടാമി ഫേ,ഒലിവിയ കോള്‍മാന്‍ ദി ലോസ്റ്റ് ഡോട്ടര്‍,പെനലോപ് ക്രൂസ് പാരലല്‍ മതേഴ്‌സ്,നിക്കോള്‍ കിഡ്മാന്‍ ബീയിങ് റിക്കാര്‍ഡോസ്,ക്രിസ്റ്റന്‍ സ്റ്റുവര്‍ട്ട് സ്‌പെന്‍സര്‍ എന്നിവര്‍ നടിമാരുടെ പട്ടികയിലും ഹാവിയര്‍ ബാര്‍ഡെം ബീയിങ് റിക്കാര്‍ഡോസ്,ബെനഡിക്റ്റ് കുംബര്‍ബാച്ച് ദ പവര്‍ ഓഫ് ഡോഗ്,ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡ് ടിക്ക്, ടിക്ക്...ബൂം!,വില്‍ സ്മിത്ത് കിങ്ങ് റിച്ചാര്‍ഡ്,ഡെന്‍സല്‍ വാഷിംഗ്ടണ്‍ ദ ട്രാജഡി ഓഫ് മാക്ബത്ത് എന്നിവര്‍ നടന്മാരുടെ പട്ടികയിലുമുണ്ട്.


അതേസമയം, സൂര്യ നായകനായ 'ജയ് ഭീം', മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്‌കര്‍ നാമനിര്‍ദേശ പരിഗണന പട്ടികയില്‍ നിന്ന് പുറത്തായത് ഇന്ത്യന്‍ സിനിമാ മേഖലയ്ക്ക് ആഘാതമായി. അക്കാമദി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആര്‍ട് ആന്‍ഡ് സയന്‍സസ് പ്രസിദ്ധീകരിച്ച മികച്ച വിദേശ ചിത്രത്തിനുള്ള നാമനിര്‍ദേശ പട്ടികയില്‍ അഞ്ച് ചിത്രങ്ങളാണുള്ളത്.: ഡ്രെവ് മൈ കാര്‍ (ജപ്പാന്‍), ഫ്‌ലീ (ഡെന്‍മാര്‍ക്ക്), ദ ഹാന്‍ഡ് ഓഫ് ഗോഡ് (ഇറ്റലി), ലുനാനിയ: എ യാക്ക് ഇന്‍ ദ ക്ലാസ്സ്‌റൂം (ഭൂട്ടാന്‍), ദ വേഴ്സ്റ്റ് പേഴ്‌സണ്‍ ഇന്‍ ദ വേള്‍ഡ് (നോര്‍വേ) എന്നിവ.

നേരത്തെ, ഓസ്‌കാറിന്റെ യൂട്യൂബ് ചാനലില്‍ ജയ് ഭീം ഉള്‍പ്പെടുത്തിയിരുന്നു. ഈ വര്‍ഷം അക്കാദമി അവാര്‍ഡിന് അര്‍ഹത നേടിയ 276 ചിത്രങ്ങളുടെ നീണ്ട പട്ടികയില്‍ വരികയും ചെയ്തു.

ദളിത് രാഷ്ട്രീയം പ്രമേയമാക്കി ടി.ജെ. ജ്ഞാനവേല്‍ ഒരുക്കിയ സിനിമയാണ് 'ജയ് ഭീം'. കടുത്ത ജാതിവെറിയുടേയും മാറ്റി നിര്‍ത്തപ്പെടുന്ന ദളിത് ജനതയുടേയും കഥ. മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതാനുഭവങ്ങളാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് സൂര്യ.



'റൈറ്റിംഗ് വിത്ത് ഫയര്‍' ട്രെയ്‌ലര്‍...  https://youtu.be/nzyWNOkKnJg



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.