ദൈവത്തിന്റെ കരങ്ങളായി രക്ഷാസംഘം: ബാബുവിനെ നെഞ്ചോട് ചേര്‍ത്ത് മലമുകളിൽ എത്തിച്ചു

 ദൈവത്തിന്റെ കരങ്ങളായി രക്ഷാസംഘം: ബാബുവിനെ നെഞ്ചോട് ചേര്‍ത്ത്  മലമുകളിൽ എത്തിച്ചു

പാലക്കാട്: മലമ്പുഴയിലെ പാറയിടുക്കില്‍ 43 മണിക്കൂറിലധികമായി കുടുങ്ങിയ ബാബു(23)വിനെ സുരക്ഷിതനായി തിരികെയെത്തിക്കാനുള്ള ദൗത്യം വിജയം കണ്ടു. കരസേനാ സംഘം ബാബുവിനെ നെഞ്ചോട് ചേര്‍ത്ത്  മലമുകളിൽ എത്തിച്ചു. 9.30ന് ആരംഭിച്ച് 40 മിനിറ്റ് നീണ്ട ദൗത്യത്തിനൊടുവിലാണ്‌ ബാബുവിനെ സൈന്യം മലമുകളിലെത്തിച്ചത്.

രാത്രിയോടെ സ്ഥലത്തെത്തിയ കരസേനാ സംഘം മലമുകളില്‍ എത്തി താഴെ ബാബു ഇരിക്കുന്ന സ്ഥലത്തേക്ക് വടം കെട്ടി ഇറങ്ങുകയായിരുന്നു. ബാബുവുമായി സൈനികര്‍ സംസാരിക്കുകയും വെള്ളവും ഭക്ഷണവും നല്‍കുകയും ചെയ്തു. കരസേനാ സംഘം ബാബുവിനെ  സുരക്ഷാ ബെല്‍റ്റും ഹെല്‍മറ്റും ധരിപ്പിച്ചാണ്‌ മുകളിലേക്ക് കയറ്റിയത്. കേണല്‍ ശേഖര്‍ അത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മലയാളിയായ ലഫ്.കേണല്‍ ഹേമന്ത് രാജും ടീമിലുണ്ട്.

വെള്ളം നല്‍കുന്നതിനായി വലിയ ഡ്രോണ്‍ കോയമ്പത്തൂരില്‍ നിന്ന് എത്തിച്ചിരുന്നു. എന്നാല്‍ അതിന് മുമ്പേ അദ്ദേഹത്തിന് സൈന്യം വെള്ളവും ഭക്ഷണവും നല്‍കി. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടറും സംഭവ സ്ഥലത്തേക്ക് എത്തി. ഇന്നലെ വെള്ളവും ഭക്ഷണവും എത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 20 അംഗ എന്‍ഡിആര്‍എഫ് ടീം, രണ്ട് യൂണിറ്റ് കരസേന, ഫയര്‍ഫോഴ്സ് എന്നിവരാണ് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി ബേസ് ക്യാമ്പ് തുറന്നു. മെഡിക്കല്‍ ടീമും സജ്ജമാണ്. കേരളത്തില്‍ ഒരാള്‍ക്കായി നടക്കുന്ന ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് മലമ്പുഴയില്‍ നടന്നത്.  റോഡ് മാര്‍ഗം ജില്ലാ ആശുപത്രിയില്‍ എത്തിക്കും. 45 മണിക്കൂറിനൊടുവിലാണ് യുവാവിനെ രക്ഷിക്കുന്നത്.


തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബുവും രണ്ടു കൂട്ടുകാരും കൂര്‍മ്പാച്ചിമല കയറാന്‍ പോയത്. പകുതിവഴി കയറിയപ്പോള്‍ കൂട്ടുകാര്‍ മടങ്ങിയെങ്കിലും ബാബു കയറ്റം തുടരുകയായിരുന്നു. മലയുടെ മുകള്‍ത്തട്ടില്‍ നിന്ന് അരക്കിലോമീറ്ററോളം താഴ്ചയുള്ള മലയിടുക്കിലാണ് ഇയാള്‍ കുടുങ്ങിയത്. മുകളില്‍ നിന്നും താഴെ നിന്നും നോക്കിയാല്‍ കാണാനാവില്ല. തിങ്കളാഴ്ച രാത്രി ഏഴരവരെയും ബാബു മൊബൈല്‍ ഫോണില്‍ നിന്ന് വീട്ടിലേക്ക് വിളിച്ചിരുന്നു. പിന്നീട് ഫോണ്‍ ബന്ധം നിലച്ചു.

തിങ്കളാഴ്ച രാത്രി അഗ്നിരക്ഷാസേനയും മറ്റും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നെങ്കിലും ഇരുട്ട് തടസമാകുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ദേശീയ ദുരന്തനിവാരണസേനാംഗങ്ങള്‍ മലകയറി. സംഘം മലയുടെ മുകളിലെത്തിയെങ്കിലും ബാബുവിനടുത്തെത്താനായില്ല. കയര്‍കെട്ടി ബാബുവിനടുത്തേക്ക് ഇറങ്ങാനുള്ള ശ്രമവും ഉപേക്ഷിക്കേണ്ടി വരികയായിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.