അനാവശ്യ മോണോ ക്ലോണല്‍ ആന്റിബോഡി ചികിത്സ: സ്വകാര്യ ആശുപത്രികള്‍ക്കെതിരെ നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

അനാവശ്യ മോണോ ക്ലോണല്‍ ആന്റിബോഡി ചികിത്സ: സ്വകാര്യ ആശുപത്രികള്‍ക്കെതിരെ നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: കോവിഡ് രോഗികള്‍ക്ക് അനാവശ്യമായി മോണോ ക്ലോണല്‍ ആന്റി ബോഡി ചികിത്സ നടത്തുന്ന സ്വകാര്യ ആശുപത്രികള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ആരോഗ്യവകുപ്പിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ചില സ്വകാര്യ ആശുപത്രികള്‍ കോവിഡ് രോഗികള്‍ക്ക് അനാവശ്യമായി മോണോ ക്ലോണല്‍ ആന്റി ബോഡി ചികിത്സ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് നടപടി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്.

കോവിഡാനന്തര രോഗവിവരങ്ങള്‍ രേഖപ്പെടുത്താന്‍ പോസ്റ്റ് കോവിഡ് രജിസ്ട്രി ആരംഭിക്കുന്ന കാര്യം ആരോഗ്യ വകുപ്പ് പരിശോധിക്കണം. പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന് സംസ്ഥാന തലത്തില്‍ നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലകളില്‍ ഡെപ്യൂട്ടി ഡി.എം.ഒ തലത്തിലും ചുമതല നല്‍കിയിട്ടുണ്ട്.

ആശുപത്രികളില്‍ പ്രത്യേകിച്ച് മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ കോവിഡ് ജോലിക്ക് നിയോഗിക്കപ്പെട്ടവര്‍ സമയബന്ധിതമായി എത്താത്തത് പലപ്പോഴും പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് ഗൗരവമായി പരിഗണിച്ച് പരിഹരിക്കണം. ഗുരുതരാവസ്ഥയിലുള്ളവരെ സീനിയര്‍ ഡോക്ടര്‍മാര്‍ കൂടി പരിശോധിക്കണമെന്ന് നേരത്തെ തീരുമാനിച്ചതാണ്. ഇത് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ആരോഗ്യവകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.