മഴക്കാലമെത്തി, വാഹനമോടിക്കുമ്പോള്‍ ഇതൊന്നും മറക്കരുത്

മഴക്കാലമെത്തി, വാഹനമോടിക്കുമ്പോള്‍ ഇതൊന്നും മറക്കരുത്

രാജ്യം തണുപ്പുകാലത്തിലേക്ക് നീങ്ങുന്നതോടെ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നല്‍കി അധികൃത‍ർ. മഴയും മഞ്ഞുമുണ്ടാകാനുളള സാധ്യതയുളളതിനാല്‍ കരുതോലോടെ വേണം വാഹനമോടിക്കാന്‍ എന്നാണ് അറിയിപ്പ്.

മഴയുടെ കൗതുകം പകർത്തുകയാണോ, ഇതുകൂടി അറിയൂ

 വാഹനമോടിക്കുന്നതിനിടയില്‍ മഴ പെയ്താലോ മഞ്ഞുവീണാലോ കൗതുകത്തില്‍ ഫോട്ടോയെടുക്കുന്നവരാണ് നിങ്ങളെങ്കില്‍ ശ്രദ്ധിക്കുക 800 ദിർഹവും നാല് ബ്ലാക്ക് പോയിന്‍റുമാണ് പിഴ.

ഹസാ‍ർഡ് ലൈറ്റുകള്‍ ആവശ്യമുളളപ്പോള്‍ മാത്രം

കാഴ്ചപരിധി കുറയുമ്പോള്‍ പലരും ഹസാർ‍‍ഡ് ലൈറ്റുകള്‍ പ്രകാശിപ്പിച്ചുകൊണ്ട് വാഹനമോടിക്കാറുണ്ട്. ആവശ്യമില്ലാതെ, അനുവദനീയമല്ലാത്ത തരത്തില്‍, മറ്റുളളവർക്ക് ബുദ്ധിമുട്ടുണ്ടുണ്ടാക്കി ഹസാർ‍‍ഡ് ലൈറ്റുകള്‍ പ്രകാശിപ്പിച്ച് വാഹനമോടിച്ചാല്‍ നാല് ബ്ലാക്ക് പോയിന്‍റും അഞ്ഞൂറ് ദിർഹവുമാണ് പിഴ. കാലാവസ്ഥ മോശമാണെങ്കില്‍ വാഹനം സുരക്ഷിതമായി നിർത്തി അനുകൂലമായതിനുശേഷം യാത്ര തുടരുക. വാഹനം നിന്നുപോകുമ്പോഴോ ബ്രേക്ക് ഡൗണാകുമ്പോഴോ മാത്രമാണ് ഹസാ‍ർഡ് ലൈറ്റുകള്‍ ഉപയോഗിക്കേണ്ടതെന്നും അധികൃതർ വ്യക്തമാക്കുന്നു.

ലൈന്‍ മാറണോ, ഇന്‍ഡിക്കേറ്റർ മറക്കരുതേ

ഇന്‍ഡിക്കേറ്റർ ഇടാതെ ലൈന്‍ മാറുന്നത് ഗുരുതരമായ ട്രാഫിക് നിയമലംഘനമാണ്. അപകടങ്ങളുണ്ടാകാന്‍ ഏറ്റവും സാധ്യതയുളള നിയമലംഘനത്തിന് 400 ദി‍ർഹമാണ്.

റോഡില്‍ അഭ്യാസം വേണ്ട

സാഹസികമായുളള ഡ്രൈവിംഗ് അരുതെന്ന് നിരവധി തവണ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട് അധികൃത‍ർ.മറ്റുളളവരുടെ ജീവന്‍ കൂടി അപകടത്തിലാകുന്ന തരത്തില്‍ ചുവപ്പ് സിഗ്നല്‍ മറികടക്കുക, ഗതാഗതതടസ്സമുണ്ടാക്കുക ഇതൊന്നും അനുവദനീയമല്ല. 2000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്‍റുമാണ് പിഴ. ഇത് കൂടാതെ വാഹനം 60 ദിവസത്തേക്ക് പിടിച്ചിടുകയും ചെയ്യും.

മഴക്കാലമെത്തുന്നു, സുസജ്ജം ദുബായ് മുനിസിപ്പാലിറ്റി

മഴക്കാലമെത്തുന്നതോടെ മുന്‍കരുതല്‍ നടപടികള്‍ സജ്ജമാക്കി ദുബായ് മുനിസിപ്പാലിറ്റി. മഴക്കാലത്തുണ്ടാകുന്ന വെളളക്കെട്ടുള്‍പ്പടെയുളളവ നേരിടാന്‍, മുനിസിപ്പാലിറ്റി സജ്ജമാണെന്ന്, ഡയറക്ടർ ജനറല്‍ ദാവൂദ് അല്‍ ഹജ്രി. നഗരസഭയുടെ ജീവനക്കാർ ഏത് അടിയന്തര ഘട്ടങ്ങളിലും 24 മണിക്കൂറും കാര്യക്ഷമമായി പ്രവർത്തിക്കും. മണ്ണും മറ്റ് അവശിഷ്ടങ്ങളുമൊക്കെ നീക്കം ചെയ്യാന്‍ സാങ്കേതിക വൈദഗ്ധ്യമുളള ടീം അംഗങ്ങളും ഉപകരണങ്ങളുമുണ്ട്. നഗരത്തിൽ 61 മഴവെള്ള പമ്പിംഗ് സ്റ്റേഷനുകൾ ഉണ്ടെന്നും മൊത്തം 1.75 ദശലക്ഷം മീറ്റർ നീളമുള്ള പൈപ്പുകളുടെ ശൃംഖലയ്ക്കുള്ളിൽ 28,000 പരിശോധനാ മുറികളും 72,000 മഴവെള്ള അഴുക്കുചാലുകളും ബന്ധിപ്പിച്ചിട്ടുണ്ടെന്നും മലിനജല ശുദ്ധീകരണ പ്ലാന്‍റുകളുടെയും ഡ്രെയിനേജ് നെറ്റ്‌വർക്ക് വിഭാഗങ്ങളുടെയും ഡയറക്ടർ മുഹമ്മദ് അൽ റെയ്‌സ് പറഞ്ഞു. ഏതെങ്കിലും തരത്തിലുളള അടിയന്തര സാഹചര്യമുണ്ടായാല്‍ 800900 എന്ന നമ്പറിലൂടെ വിവരങ്ങള്‍ അറിയിക്കാമെന്നും ദുബായ് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.