ചെന്നൈ: കഴിഞ്ഞ ഒന്നര മാസത്തിനുള്ളില്‍ കേരളത്തിലെ രണ്ടെണ്ണം അടക്കം ഏഴു തവണയാണ് ചരക്കു തീവണ്ടികള്‍ പാളം തെറ്റിയത്. പാളത്തിലെ അറ്റകുറ്റപ്പണികള്‍ കൃത്യമായി നടത്താത്തതും വേണ്ടത്ര പരിശീലനം ലഭിക്കാത്ത കരാര്‍ തൊഴിലാളികളെ നിയോഗിക്കുന്നതുമാണ് തുടര്‍ച്ചയായി തീവണ്ടി അപകടങ്ങള്‍ക്ക് കാരണമെന്നാണ് കണ്ടെത്തല്‍.
തമിഴ്നാട്ടിലും രാജ്യത്തിന്റെ മറ്റ് പല ഇടങ്ങളിലും ആയിരുന്നു അപകടങ്ങള്‍. പാളങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ മതിയായ സമയം കിട്ടുന്നില്ലെന്ന് സുരക്ഷാ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ പറയുന്നു. പഴയ പാളങ്ങളും സ്ലീപ്പറുകളും മാറ്റി പുതിയവ സ്ഥാപിക്കുന്ന പണിയും സിഗ്‌നല്‍ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്ന പണിയും രാജ്യമെമ്പാടും നടക്കുന്നുണ്ട്. എന്നാല്‍ അറ്റകുറ്റപ്പണിക്ക് മതിയായ സമയം അനുവദിക്കാന്‍ റെയില്‍വേക്ക് കഴിയുന്നില്ല. കൂടുതല്‍ സമയം അനുവദിച്ചാല്‍ കൂടുതല്‍ തീവണ്ടികള്‍ റദ്ദാക്കേണ്ടി വരുമെന്നും റെയിവേ വ്യക്തമാക്കുന്നു.
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് തീവണ്ടി സര്‍വീസുകള്‍ നിര്‍ത്തി വെച്ചപ്പോള്‍ പാളങ്ങളില്‍ അറ്റകുറ്റപ്പണികള്‍ അതിവേഗം നടന്നിരുന്നു. എന്നാല്‍ ഘട്ടം ഘട്ടമായി എക്‌സ്പ്രസ് തീവണ്ടികളും പാസഞ്ചറുകളും ഉള്‍പ്പെടെയുള്ളവ പുനരാരംഭിച്ചപ്പോള്‍ അറ്റകുറ്റപ്പണികള്‍ക്ക് മതിയായ സമയം ലഭിക്കാതെ വന്നു. അനുവദിച്ച സമയത്തിനുള്ളില്‍ പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നുമില്ല. കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നവര്‍ക്ക് വേണ്ടത്ര പരിശീലനം ലഭിക്കാത്തതും അറ്റകുറ്റപ്പണിയിലെ അപാകതയ്ക്ക് കാരണമാണ്. കൂടാതെ ഓരോ വര്‍ഷവും വിരമിക്കുന്ന ജീവനക്കാര്‍ക്കുപകരം പുതിയ നിയമനം നടത്താത്തതും അപകടത്തിന് കാരണമാണ്.
കേരളത്തില്‍ ജനുവരി 27-ന് രാത്രി 10.30-ന് ആലുവ സ്റ്റേഷനിലെ മൂന്നാമത്തെ പാളത്തില്‍ വിശാഖ പട്ടണത്തു നിന്ന് സിമന്റ് കയറ്റി വന്ന ചരക്കു തീവണ്ടി പാളം തെറ്റിയിരുന്നു. അന്ന് രാവിലെ വരെ ഈ വഴിയുള്ള 11 തീവണ്ടികള്‍ റദ്ദാക്കേണ്ടി വന്നു. കഴിഞ്ഞ ദിവസം മംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് ഒഴിഞ്ഞ ടാങ്കളുമായി പോയ ചരക്കു തീവണ്ടി തൃശ്ശൂര്‍ പുതുക്കാട്ടില്‍ പാളം തെറ്റിയതിനെത്തുടര്‍ന്ന് ദീര്‍ഘദൂര തീവണ്ടികള്‍ ഉള്‍പ്പെടെ റദ്ദാക്കേണ്ടി വന്നു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഗതാഗതത്തിരക്ക് ഏറിയ തീവണ്ടിപ്പാതയാണ് എറണാകുളം-ഷൊര്‍ണൂര്‍ പാത. ഈ റൂട്ടില്‍ മൂന്നാംപാത അനിവാര്യമാണെന്ന് റെയില്‍വേ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ റെയില്‍വേയുടെ ഭാഗത്തു നിന്ന് വേണ്ടത്ര ഫണ്ട് അനുവദിക്കാത്തതിനാല്‍ മൂന്നാം പാത നിര്‍മാണം അനിശ്ചിതമായി നീളുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.