'ആധുനിക വൈദ്യ ശാസ്ത്രത്തിന് ചേര്‍ന്നതല്ല': ചരക പ്രതിജ്ഞയ്‌ക്കെതിരെ ഐ.എം.എ

'ആധുനിക വൈദ്യ ശാസ്ത്രത്തിന് ചേര്‍ന്നതല്ല': ചരക പ്രതിജ്ഞയ്‌ക്കെതിരെ ഐ.എം.എ


തിരുവനന്തപുരം: ഡോക്ടര്‍മാര്‍ എടുക്കുന്ന ഹിപ്പോക്രാറ്റിക് പ്രതിജ്ഞയ്ക്ക് പകരം 'ചരക പ്രതിജ്ഞ' ചൊല്ലണമെന്ന ദേശീയ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദേശത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ).

ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ് രൂപം നല്‍കിയ പ്രതിജ്ഞ 1948 ല്‍ ലോകാരോഗ്യ സംഘടന പരിഷ്‌കരിക്കുകയും ആഗോള തലത്തില്‍ ഉപയോഗിക്കാന്‍ തുടങ്ങിയതുമാണ്. അതു മാറ്റി പകരം ചരക പ്രതിജ്ഞ കൊണ്ടുവരുന്നത് ആധുനിക വൈദ്യ ശാസ്ത്രത്തിന് യോജിച്ചതല്ലെന്ന് ഐ.എം.എ വ്യക്തമാക്കി.

ഹിപ്പോക്രാറ്റസ് പ്രതിജ്ഞ കാലാനുസൃതമായി പരിഷ്‌കരിച്ചതാണ്. 2017 ലെ പതിപ്പാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ചരക പ്രതിജ്ഞ ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ കാഴ്ചപ്പാടില്‍ രൂപം നല്‍കിയതല്ലെന്നും പ്രസ്താവനയില്‍ ഐ.എം.എ പറയുന്നു.

സ്ത്രീ രോഗികളുടെ വ്യക്തി സ്വാതന്ത്ര്യത്തിന് വിഘാതമുണ്ടാക്കുന്നതും അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കുന്നതും ശാസ്ത്രീയതയ്ക്ക് അനുയോജ്യമല്ലാത്തതുമായ പല കാര്യങ്ങളും ചരക പ്രതിജ്ഞയില്‍ ഉള്‍പ്പെടുന്നുവെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു.

ഈ പ്രതിജ്ഞ ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ ആഗോള കൂട്ടായ്മയില്‍ നിന്ന് നമ്മെ ഒറ്റപ്പെടുത്തുന്നതിനും ആധുനിക ചികിത്സാ മേഖലയെ തന്നെ പിന്നോട്ടടിക്കുന്നതിനും ഇടയാക്കുമെന്ന് ഭയപ്പെടുന്നതായും ഐ.എം.എ ചൂണ്ടിക്കാണിക്കുന്നു. തെറ്റായ നിലപാടുകള്‍ തിരുത്താന്‍ അധികൃതരുടെ ഭാഗത്തു നിന്ന് നടപടികളുണ്ടാകണമെന്നും ഐ.എം.എ കേരള ഘടകം ആവശ്യപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.