ക്രിസ്തുവിന്റെ ശിഷ്യത്വം സ്വന്തമാക്കാന്‍ ആത്മാവിലെ ദാരിദ്ര്യം അനിവാര്യമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

ക്രിസ്തുവിന്റെ ശിഷ്യത്വം സ്വന്തമാക്കാന്‍ ആത്മാവിലെ ദാരിദ്ര്യം അനിവാര്യമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ആത്മാവിനെ പുണ്യഭരിതമാക്കുന്ന ദാരിദ്ര്യത്തിന്റെ അവസ്ഥ ക്രിസ്തു ശിഷ്യത്വത്തിലേക്കായിരിക്കും പുരോഗമിക്കുകയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സുവിശേഷ സൗഭാഗ്യങ്ങളിലൂടെ അനാവൃതമാകുന്ന 'അനുഗ്രഹങ്ങളുടെ ഈ വിരോധാഭാസം' തിരിച്ചറിയണമെന്ന് ഞായറാഴ്ച ദിവ്യബലിയിലെ വചന സന്ദേശത്തില്‍ (ലൂക്ക: 6:20- 23) മാര്‍പാപ്പ ഉദ്‌ബോധിപ്പിച്ചു.

യേശു സുവിശേഷ സൗഭാഗ്യങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ ഒരു വലിയ ജനക്കൂട്ടം ചുറ്റിലുമായുണ്ടായിരുന്നു. എന്നാല്‍ ശിഷ്യന്മാരെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു യേശുവിന്റെ പ്രഭാഷണം. 'യേശുവിന്റെ ശിഷ്യരുടെ വ്യക്തിത്വത്തെ നിര്‍വചിക്കുന്ന' സുവിശേഷ സൗഭാഗ്യങ്ങള്‍ ആയിരുന്നു അതെന്നതിനാലാണ്് അങ്ങനെ ചെയ്തതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

അവര്‍ക്ക് ഇത് വിചിത്രമായി തോന്നിയേക്കാം. ശിഷ്യന്മാരല്ലാത്തവര്‍ക്ക് മിക്കവാറും മനസ്സിലാക്കാന്‍ കഴിയാത്ത കാര്യങ്ങളായിരുന്നു യേശു പറഞ്ഞത്-മാര്‍പാപ്പ ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, യേശുവിന്റെ ഒരു ശിഷ്യന്‍ എങ്ങനെയുള്ള ആളായിരിക്കണമെന്ന് നമ്മള്‍ സ്വയം ചോദിച്ചാല്‍, വിശദമായ ഉത്തരം ഈ സുവിശേഷ ഭാഗത്താണുള്ളത്.

ദരിദ്രന്‍,വിനീതന്‍, അനുഗ്രഹീതന്‍

'ദരിദ്രരേ നിങ്ങള്‍ ഭാഗ്യവാന്മാര്‍, സ്വര്‍ഗ്ഗരാജ്യം നിങ്ങളുടേതാണ്' എന്ന വാചകത്തിലാണ് പാപ്പാ ശ്രദ്ധ കേന്ദ്രീകരിച്ചത്.'യേശു തന്റെ ജനത്തോട് രണ്ട് കാര്യങ്ങള്‍ പറയുന്നു: അവര്‍ ഒരേസമയം ഭാഗ്യവാന്മാരും ദരിദ്രരുമാണ്, ദരിദ്രരായതിനാല്‍ അനുഗ്രഹിക്കപ്പെട്ടവരുമാണ്.'

ക്രിസ്ത്യാനികള്‍ സന്തോഷം കണ്ടെത്തുന്നത് നമ്മുടെ ജീവിതം, സൃഷ്ടി, നമ്മുടെ സഹോദരീസഹോദരന്മാര്‍ എന്നിങ്ങനെ ദൈവത്തില്‍ നിന്ന് ദിവസേന ലഭിക്കുന്ന സമ്മാനങ്ങളാലാണ്; അല്ലാതെ പണത്തിലോ മറ്റ് ഭൗതിക വസ്തുക്കളിലോ അല്ല. ദരിദ്രരായിരിക്കുക എന്നതിന്റെ കൃത്യമായ അര്‍ത്ഥവും ഇതു തന്നെ. നമുക്കുള്ളവ പങ്കിടാന്‍ നമ്മെ പ്രേരിപ്പിക്കുന്നു, ഇത്തരത്തിലുള്ള ദാരിദ്ര്യം. 'ദൈവത്തിന്റെ യുക്തിക്ക് അനുസൃതമായി, അത് സൗജന്യമാണ്. അതു വഴി ശിഷ്യന്‍ വിനീതനും തുറന്ന വ്യക്തിയും മുന്‍വിധികളില്‍ നിന്ന് മുക്തനുമാകണം.'

വല നന്നാക്കിയ ശേഷം കൈവരുന്ന മല്‍സ്യ സമ്പത്തിനെക്കുറിച്ചുള്ള സ്വപ്നം ഉപേക്ഷിച്ച് കര്‍ത്താവിനെ അനുഗമിച്ച വിശുദ്ധ പത്രോസിനെപ്പറ്റിയുള്ള കഴിഞ്ഞ ഞായറാഴ്ചത്തെ സുവിശേഷ വിവരണം ഫ്രാന്‍സിസ് മാര്‍പാപ്പ അനുസ്മരിച്ചു. യേശുവിന്റെ ക്ഷണപ്രകാരം വല വീശിയതിന്റെ ഫലം പത്രോസിന് വിസ്മയകരമായി മാറി.

'അനുഗ്രഹങ്ങളുടെ വിരോധാഭാസം'

'എല്ലാം ഉപേക്ഷിച്ചുകൊണ്ട് പത്രോസ് സ്വയം അനുസരണയുള്ളവനായി. അങ്ങനെയാണ് അവന്‍ ഒരു ശിഷ്യനായത്.' സ്വന്തം ആശയങ്ങളോടും ആസ്തികളോടും അമിതമായ അടുപ്പമുള്ളവര്‍ക്ക് യേശുവിനെ യഥാര്‍ത്ഥമായി അനുഗമിക്കുന്നത് ബുദ്ധിമുട്ടാകും. യേശുവിനെ ശ്രവിക്കുന്ന ചിലര്‍ ആത്യന്തികമായി 'അനുഗ്രഹങ്ങളുടെ ഈ വിരോധാഭാസം' അംഗീകരിക്കാന്‍ വിസമ്മതിക്കും; അതൃപ്തിയിലും ദുഃഖത്തിലും കലാശിക്കും അവരുടെ അനുഭവങ്ങളെന്നും മാര്‍പാപ്പ പറഞ്ഞു. 'ദരിദ്രരും ധാരാളിത്തത്തിന്റെ അഭാവത്തിലെ സമൃദ്ധി തിരിച്ചറിയുന്നവരും ഭാഗ്യവാന്മാര്‍, അവരാണ് സന്തുഷ്ടര്‍'.

'സ്വന്തം അവസ്ഥകളെ എങ്ങനെ വിലയിരുത്തണമെന്നും എപ്പോഴും ദൈവത്തെ എങ്ങനെ വിനയത്തോടെ അന്വേഷിക്കാമെന്നും അറിയുന്നവരാണ് അവിടുത്തെ ശിഷ്യന്മാര്‍. യാഥാര്‍ത്ഥ്യത്തിലേക്ക് ആഴ്ന്നിറങ്ങാന്‍ അവരെ സഹായിക്കുന്നു, സുവിശേഷ സൗഭാഗ്യങ്ങള്‍. ആ അവസ്ഥയുടെ സമ്പന്നതയും സങ്കീര്‍ണ്ണതയും മനസ്സിലാക്കിക്കൊടുക്കുന്നു.'- മാര്‍പ്പാപ്പ പറഞ്ഞു.സ്വയം വെല്ലുവിളിക്കാന്‍ അനുവദിക്കവേ തന്നെ ദൈവത്തിന്റെ യുക്തിയിലേക്ക് പ്രവേശിക്കുന്നതിനുള്ള മടുപ്പിക്കുന്ന യാത്ര നടത്താന്‍ തയ്യാറാകുന്നവര്‍ക്കാണ് ക്രിസ്തുവിന്റെ ശിഷ്യത്വം പ്രാപ്യമാകുന്നതെന്നും മാര്‍പാപ്പ പറഞ്ഞു.

പ്രതീക്ഷിക്കാത്തിടത്ത് സന്തോഷമെത്തും

'കര്‍ത്താവ്, സ്വയം കേന്ദ്രീകൃതയുടെ അടിമത്തത്തില്‍ നിന്ന് നമ്മെ മോചിപ്പിക്കുന്നു, നമ്മുടെ പൂട്ടുകള്‍ തകര്‍ക്കുന്നു. നമ്മിലെ കാഠിന്യം ഇല്ലാതാക്കുകയും, യഥാര്‍ത്ഥ സന്തോഷം നമുക്ക് തുറന്നു തരികയും ചെയ്യുന്നു. പലപ്പോഴും നാം പ്രതീക്ഷിക്കാത്തിടത്ത് അതു കണ്ടെത്താനാകുന്നു.'

അവസാനമായി, 'ശിഷ്യന്റെ സന്നദ്ധത' നാം ആസ്വദിക്കുന്നുണ്ടോ അതോ നമ്മുടെ സ്വന്തം കര്‍ക്കശമായ ചിന്താഗതികള്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് സ്വയം ചോദിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. സൗഭാഗ്യങ്ങളുടെ വിരോധാഭാസത്താല്‍ 'ആന്തരികമായി അനിയന്ത്രിതമാകാന്‍' ഞാന്‍ എന്നെ അനുവദിക്കുന്നുണ്ടോ, അതോ എന്റെ സ്വന്തം ആശയങ്ങളുടെ പരിധിക്കുള്ളില്‍ തന്നെ തുടരുകയാണോ?- ഇക്കാര്യം ഏവരും സ്വയം വിലയിരുത്തണം.

സന്തോഷമാണ് യേശു ശിഷ്യന്റെ യഥാര്‍ത്ഥ അടയാളം എന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ വചന സന്ദേശം അവസാനിപ്പിച്ചത്.'കര്‍ത്താവിന്റെ ആദ്യശിഷ്യയായ പരിശുദ്ധ ജനനി, തുറവിയുള്ള സന്തോഷം പങ്കിടുന്ന ശിഷ്യരായി ജീവിക്കാന്‍ നമ്മെ സഹായിക്കട്ടെ' എന്ന് അദ്ദേഹം പ്രാര്‍ത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26