അനുദിന വിശുദ്ധര്‍ - ഫെബ്രുവരി 14
ഫെബ്രുവരി 14 എന്നാല്‍ വാലന്റൈന്‍സ് ഡേ. ഇത് ഓര്‍ത്തു വയ്ക്കാത്ത യുവാക്കള്‍ കുറവായിരിക്കും. ആരാണ് വാലന്റൈന്‍? ക്ലോഡിയസ് ചക്രവര്‍ത്തിയുടെ മത പീഡനകാലത്ത് വിശുദ്ധ മാരിയൂസിനൊപ്പം രക്തസാക്ഷികളായ ക്രിസ്ത്യാനികളെ സഹായിച്ചിരുന്ന റോമിലെ പുരോഹിതനായിരുന്നു വാലന്റൈന്‍.
ഈ സമയത്ത് ഒരു പുരോഹിതന്‍ ചെയ്യേണ്ട കാര്യങ്ങള്‍ മറ്റാരെക്കാളും ഭംഗിയായി വാലന്റൈന്‍ ചെയ്തു പോന്നു. ക്രൈസ്തവര്‍ക്കു ധൈര്യം പകര്‍ന്നു. രക്തസാക്ഷിത്വം വരിച്ചവരെ അടക്കം ചെയ്തു. ജയിലില്‍ കഴിഞ്ഞിരുന്നവരെ സന്ദര്‍ശിച്ച് അവര്‍ക്കു വേണ്ടി പ്രാര്‍ഥിച്ചു. 
ക്രിസ്ത്യാനികളെ സഹായിക്കുന്നത് നിരോധിക്കുവാനുള്ള തന്റെ ഉത്തരവിന്റെ അനുബന്ധമായി സൈനിക ശക്തി വര്‍ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ക്ലോഡിയസ് ചക്രവര്‍ത്തി വിവാഹം നിരോധിച്ചുകൊണ്ടുള്ള ഒരുത്തരവിറക്കി. അവിവാഹിതനായവന്‍ വിവാഹിതനേക്കാള്‍ ഒരു നല്ല പടയാളിയായിരിക്കും എന്ന വിശ്വാസത്താല്‍ അദ്ദേഹം യുവാക്കളെ വിവാഹത്തില്‍ നിന്നും പിന്തിരിപ്പിച്ചു. 
എന്നാല്‍ വൈദികനായ വാലന്റൈന്‍ ഈ ഉത്തരവിനെ വെല്ലുവിളിക്കുകയും പരസ്പരം സ്‌നേഹിക്കുന്ന യുവാക്കളെയും യുവതികളെയും രഹസ്യമായി തന്റെ അടുക്കല്‍ വിളിച്ചു വരുത്തി അവരെ വിവാഹമെന്ന കൂദാശ വഴി ഒന്നാക്കുകയും ചെയ്തു. എന്നാല്‍ ഒടുവില്‍ ചക്രവര്‍ത്തി ഇത് കണ്ടുപിടിച്ചു.
അധികം വൈകാതെ തന്നെ വാലന്റൈനെ ബന്ധനസ്ഥനാക്കി തന്റെ മുന്‍പില്‍ കൊണ്ടുവരുവാന്‍ അദ്ദേഹം കല്‍പ്പിച്ചു. എന്നാല്‍ ആ ചെറുപ്പക്കാരനായ പുരോഹിതനില്‍ ചക്രവര്‍ത്തി ഏറെ ആകര്‍ഷിക്കപ്പെട്ടിരുന്നു. അതിനാല്‍ അദ്ദേഹത്തെ വധിക്കുന്നതിന് പകരം റോമന്‍ വിഗ്രഹാരാധനാ സമ്പ്രദായത്തിലേക്ക്  പരിവര്‍ത്തനം ചെയ്യുവാനാണ് ചക്രവര്‍ത്തി ശ്രമിച്ചത്. 
എന്നാല്‍ വിശുദ്ധ വാലന്റൈന്‍ ക്രിസ്തുവിലുള്ള തന്റെ വിശ്വാസത്തില്‍ അടിയുറച്ച് നില്‍ക്കുകയും ചക്രവര്‍ത്തിയെ ക്രിസ്തുവിലേക്ക് അടുപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തിയില്‍ കുപിതനായ ചക്രവര്‍ത്തി അദ്ദേഹത്തെ വധിക്കുവാന്‍ ഉത്തരവിറക്കി.
വിശുദ്ധ വാലന്റൈന്‍ തടവറയിലായിരിക്കുമ്പോള്‍ കാരാഗ്രഹ സൂക്ഷിപ്പുകാരനായ അസ്റ്റേരിയൂസും  അന്ധയായ മകളും അദ്ദേഹത്തോട് അനുകമ്പ കാണിച്ചിരുന്നു. അസ്റ്റേരിയൂസിന്റെ മകള്‍ വിശുദ്ധന് ദിവസവും ഭക്ഷണവും സന്ദേശങ്ങളും കൊണ്ടു വന്നു കൊടുത്തു. അങ്ങനെ അവര്‍ തമ്മില്‍ ഊഷ്മളമായ ഒരു സുഹൃത്ബന്ധം ഉടലെടുത്തു. 
തന്റെ കാരാഗൃഹ വാസത്തിന്റെ അവസാനത്തോടെ വിശുദ്ധന് അവരെ രണ്ടുപേരേയും ക്രിസ്തുവിലേക്ക് അടുപ്പിക്കാന്‍ കഴിഞ്ഞു. ഐതീഹ്യമനുസരിച്ച് വിശുദ്ധ വാലന്റൈന്‍ കാരാഗ്രഹ സൂക്ഷിപ്പുകാരന്റെ മകളുടെ കാഴ്ചശക്തി അത്ഭുതകരമായി തിരിച്ചു നല്‍കി എന്നും പറയപ്പെടുന്നു.
കൊല്ലപ്പെടുന്നതിനു തലേദിവസം രാത്രിയില്‍ വിശുദ്ധ വാലന്റൈന്‍ ആ പെണ്‍കുട്ടിക്ക് ഒരു വിടവാങ്ങല്‍ സന്ദേശം കുറിക്കുകയും അതിനു താഴെയായി ''നിന്റെ വാലന്റൈനില്‍ നിന്നും (From your Valentine)" എന്ന് എഴുതി ഒപ്പിടുകയും ചെയ്തു. കാലങ്ങളെ അതിജീവിച്ച് ഇന്നും പ്രചാരത്തില്‍ നില്‍ക്കുന്ന ഒരു വാക്യമാണ് ഇത്. 
അത്ഭുതകരമായ നിരവധി രോഗശാന്തികളും ധര്‍മ്മോപദേശങ്ങളും അനേകര്‍ക്ക് നല്‍കിയതിനു ശേഷം സീസറിനു കീഴില്‍ വിശുദ്ധ വാലന്റൈന്‍ നിരവധി മര്‍ദ്ദനങ്ങള്‍ക്ക് വിധേയനാവുകയും ഒടുവില്‍ എ.ഡി 273 ഫെബ്രുവരി 14 ന് തലയറുത്ത് കൊല്ലപ്പെടുകയും ചെയ്തു. 
അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്ന ദേവാലയം നാലാം നൂറ്റാണ്ടു മുതല്‍ തന്നെ പ്രസിദ്ധിയാര്‍ജിച്ചിരുന്നു. തീര്‍ത്ഥാടകര്‍ വിശുദ്ധ നഗരിയിലേക്ക് പ്രവേശിക്കുമ്പോള്‍ ആദ്യം സന്ദര്‍ശിക്കുന്ന സ്മാരകം ഇതാണ്. കാലക്രമേണ വിശുദ്ധ വാലന്റൈന്‍ സുഹൃത് ബന്ധത്തിന്റെ ആഗോള അടയാളമായി മാറി. 
അതിനുദാഹരണമാണ് വിശുദ്ധന്‍ കൊല്ലപ്പെട്ടതിന്റെ എല്ലാ വാര്‍ഷികത്തിലും സെന്റ് വാലന്റൈന്‍സ് ദിനമായി ആചരിക്കുകയും കമിതാക്കള്‍ പരസ്പരം സ്‌നേഹം കൈമാറുകയും ചെയ്യുന്നത്.  പ്രണയിക്കുന്നവരുടെ മധ്യസ്ഥനാണ് വിശുദ്ധ വാലന്റൈന്‍. എ.ഡി 469 ല്‍ പോപ്പ് ഗെലേസിയസാണ് ഫെബ്രുവരി 14 ന് വിശുദ്ധ വാലന്റൈന്റെ ഓര്‍മ്മ ദിനം ആചരിക്കാന്‍ തീരുമാനിച്ചത്.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. ഇറ്റലിയില്‍ സെറെന്റോയിലെ ആന്റോണിനൂസ്
2. അലക്‌സാണ്ട്രിയായിലെ ഡയനീഷ്യസും അമ്മോണിയൂസും
3. മെസൊപ്പൊട്ടാമിയായിലെ ഹാരോന്‍ ബിഷപ്പായ അബ്രഹാം
4. അലക്‌സാണ്ട്രിയായിലെ ബാസൂസ്, ആന്റണി, പ്രേട്ടോളിക്കൂസ് 
5. അലക്‌സാണ്ട്രിയായിലെ സിറിയോനും ബാസിയനും അഗാഥൊയും മോസെസും.
 'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.