കോവിഡ്: മൂന്നുദിവസം പിന്നിട്ടവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നു; സമ്പര്‍ക്ക വിലക്ക് നിര്‍ബന്ധം

കോവിഡ്: മൂന്നുദിവസം പിന്നിട്ടവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നു; സമ്പര്‍ക്ക വിലക്ക് നിര്‍ബന്ധം

കൊല്ലം: കോവിഡ് സ്ഥിരീകരിച്ച് മൂന്നു ദിവസം പിന്നിട്ടവരെ രോഗികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നു. ലക്ഷണങ്ങളൊന്നും ഇല്ലാത്തവരെയാണ് ഇത്തരത്തില്‍ ഒഴിവാക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് ഏഴു ദിവസത്തെ സമ്പര്‍ക്ക വിലക്ക് നിര്‍ബന്ധമാണ്. ആരോഗ്യവകുപ്പ് ഉന്നതതല യോഗത്തില്‍ നല്‍കിയ നിര്‍ദേശം ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ നടപ്പാക്കി തുടങ്ങി.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കു വരെ വാക്കാലാണ് ഡി.എം.ഒ.മാര്‍ ഈ നിര്‍ദേശം നല്‍കിയിട്ടുള്ളത്. മൂന്നു ദിവസം പിന്നിട്ട രോഗ ലക്ഷണമില്ലാത്തവരുടെ പേര് കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ നിന്ന് ഒഴിവാക്കാനാണ് നിര്‍ദേശം. ഇത് നടപ്പാക്കി ത്തുടങ്ങിയതോടെ സംസ്ഥാനത്തെ കോവിഡ് സജീവ കേസുകളുടെ എണ്ണം കുത്തനെ കുറഞ്ഞിട്ടുണ്ട്. ചില പഞ്ചായത്തുകളില്‍ സജീവ കേസുകള്‍ മൂന്നിലൊന്നായി കുറഞ്ഞു.

സംസ്ഥാനത്താകെ സജീവ കേസുകളുടെ എണ്ണത്തില്‍ 1.20 ലക്ഷത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഫെബ്രുവരി ഏഴിന് 3,01,654 സജീവ കേസുകള്‍ ഉണ്ടായിരുന്നത് 12-ന് 1,81,993 ആയി കുറഞ്ഞു. 60 വയസില്‍ കൂടുതലുള്ള, രോഗലക്ഷണമുള്ള കോവിഡ് ബാധിതരെയെല്ലാം ആശുപത്രികളിലേക്ക് മാറ്റണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

പ്രമേഹം, രക്തസമ്മര്‍ദം, വൃക്കരോഗം എന്നിവയുള്ളവരെയും ആശുപത്രികളില്‍ പ്രവേശിപ്പിക്കണം. ലക്ഷണങ്ങളില്‍ ചെറിയ ആശ്വാസം ഉണ്ടാകുന്നതുവരെ ഇവരെ ആശുപത്രികളില്‍ നിന്ന് മാറ്റരുതെന്നാണ് നിര്‍ദേശം. സ്റ്റിറോയ്ഡ് മരുന്നുകള്‍ കഴിക്കുന്നവര്‍, കീമോതെറാപ്പി ചെയ്യുന്നവര്‍, അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍, ഡയാലിസിസ് രോഗികള്‍ എന്നിവരെയും പ്രായം നോക്കാതെ ആശുപത്രികളിലേക്ക് മാറ്റണം.

റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് മരണങ്ങളില്‍ 80 ശതമാനത്തിലേറെയും പ്രായമായവരും അനുബന്ധരോഗങ്ങള്‍ ഉള്ളവരും ആയതിനാലാണ് ഈ നിര്‍ദേശം നല്‍കാന്‍ കാരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.