കൊച്ചി: കോവിഡ് പരിശോധന നിരക്കുകള്‍ കൂട്ടിയില്ലെങ്കില്‍ ലാബുകള്‍ അടച്ചിടുമെന്ന് ലാബ് ഉടമകളുടെ സംഘടന. സര്‍ക്കാര്‍ തീരുമാനം ഏകപക്ഷീയമെന്നും സംഘടന പ്രതികരിച്ചു. ആര്‍ടിപിസിആര്‍, ആന്റിജന്‍ പരിശോധന നിരക്കുകള്‍ 300 ഉം 100 മായി സര്‍ക്കാര്‍ കുറച്ചിരുന്നു. ഇതിനെതിരെയാണ് മെഡിക്കല്‍ ലബോറട്ടറി ഉടമകളുടെ സംഘടന രംഗത്തെത്തിയത്.
ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് അഞ്ഞൂറ് രൂപയും ആന്റിജന്‍ പരിശോധനയ്ക്ക് 300 രൂപയും ആയി തന്നെ തുടരണമെന്നാണ് സംഘടനയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കുമെന്നും ഇവര്‍ വ്യക്തമാക്കി. ലാബ് ഉടമകള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നും ആ സാഹചര്യത്തില്‍ കുറഞ്ഞ നിരക്കില്‍ സേവനങ്ങള്‍ നല്‍കാനാവില്ലെന്നുമാണ് നിലപാട്.
കുറച്ച നിരക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് അസോസിയേഷന്‍ സമരത്തിലേക്ക് നീങ്ങുകയാണ്. ഫെബ്രുവരി ഒന്‍പതിനാണ് സംസ്ഥാനത്ത് കോവിഡ് പരിശോധനകള്‍ക്കും പിപിഇ കിറ്റ്, എന്‍ 95 മാസ്‌ക് തുടങ്ങിയ സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് പുനക്രമീകരിച്ച് ആരോഗ്യ വകുപ്പിന്റെ ഉത്തരവ് ഇറങ്ങിയത്.
സര്‍ക്കാരിന്റെ പുതിയ തീരുമാനം അനുസരിച്ച്. ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഇനി മുതല്‍ 300 രൂപ മാത്രമേ ഈടാക്കാവൂ. ആന്റിജന്‍ ടെസ്റ്റിന് 100 രൂപ, എക്സ്പെര്‍ട്ട് നാറ്റ് 2,350 രൂപ, ട്രൂനാറ്റ് 1225 രൂപ, ആര്‍ടി ലാമ്പ് 1025 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. എല്ലാ ചാര്‍ജുകളും ഉള്‍പ്പെടെയുള്ള നിരക്കാണിത്. ഈ നിരക്കിനെതിരെയാണ് ലാബ് ഉടമകള്‍ രംഗത്തെത്തിയിരിക്കുന്നത്.
ആര്‍ടിപിസിആര്‍ 500 രൂപ, ആന്റിജന്‍ 300 രൂപ, എക്സ്പെര്‍ട്ട് നാറ്റ് 2500 രൂപ, ട്രൂനാറ്റ് 1500 രൂപ, ആര്‍ടി ലാമ്പ് 1150 രൂപ എന്നിങ്ങനെയായിരുന്നു മുമ്പത്തെ നിരക്ക്. തങ്ങളെ തോക്കിന്‍ മുനയില്‍ നിര്‍ത്തി പരിശോധന നടത്താന്‍ ആവശ്യപ്പെടുന്നതിന് തുല്യമാണ് പുതിയ കുറച്ച നിരക്കെന്നാണ് ലാബ് ഉടമകളുടെ നിലപാട്. ലാബ് ഉടമകളോട് കൂടി കൂടിയാലോചന നടത്തി പുതിയ നിരക്ക് നിശ്ചയിക്കണമെന്നാണ് ആവശ്യം.
ആര്‍ടിപിസിആര്‍ നിരക്ക് 900 രൂപയും, ആന്റിജന്‍ പരിശോധനയ്ക്ക് 250 രൂപയെങ്കിലും ആക്കി ഉയര്‍ത്തണമെന്നാണ് ലബോറട്ടറി ഓണേഴ്സ് അസോസിയേഷന്റെ ആവശ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.