ഇലക്ട്രിക് കാറുകളിലെ വൈദ്യുതി വീട്ടാവശ്യത്തിനും; ബൈഡയറക്ഷണല്‍ ചാര്‍ജറുകള്‍ ഓസ്ട്രേലിയന്‍ വിപണിയില്‍

ഇലക്ട്രിക് കാറുകളിലെ വൈദ്യുതി വീട്ടാവശ്യത്തിനും; ബൈഡയറക്ഷണല്‍ ചാര്‍ജറുകള്‍ ഓസ്ട്രേലിയന്‍ വിപണിയില്‍

മെല്‍ബണ്‍: ഇലക്ട്രിക് കാറുകളിലെ വൈദ്യുതി ഉപയോഗിച്ച് വീട്ടുപകരണങ്ങളും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ബൈഡയറക്ഷണല്‍ ചാര്‍ജറുകള്‍ (bidirectional chargers) ഓസ്ട്രേലിയന്‍ വിപണിയിലേക്ക്. നൂതന സാങ്കേതിക വിദ്യയോടെയുള്ള ഇത്തരം ബൈഡയറക്ഷണല്‍ ചാര്‍ജറുകള്‍ ട്രയലുകള്‍ക്കു ശേഷം ആഴ്ചകള്‍ക്കുള്ളില്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു ഇലക്ട്രിക് വാഹനത്തിലേക്ക് (ഇവി) വൈദ്യുതി ചാര്‍ജ് ചെയ്യാനും ഡിസ്ചാര്‍ജ് ചെയ്യാനും കഴിവുള്ള ചാര്‍ജറാണ് ബൈഡയറക്ഷണല്‍ ചാര്‍ജര്‍. ഒരു വീട്ടിലേക്കാവശ്യമുള്ള വൈദ്യുതി നല്‍കാനും അടിയന്തരഘട്ടത്തില്‍ ബാക്കപ്പ് പവറായി പ്രവര്‍ത്തിക്കാനുമുള്ള ഊര്‍ജം സംഭരിക്കാന്‍ വാഹനത്തെ പ്രാപ്തമാക്കുകയാണ് ബൈഡയറക്ഷണല്‍ ചാര്‍ജറുകള്‍ ചെയ്യുന്നത്. ഗാര്‍ഹിക വൈദ്യുതി ചെലവ് കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കും. ഇതുകൂടാതെ പവര്‍ ഗ്രിഡിലേക്കും വൈദ്യുതി നല്‍കി പണം സമ്പാദിക്കാമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. കാറ്റില്‍നിന്നും സൗരോര്‍ജ്ജത്തില്‍നിന്നും വൈദ്യുതി സംഭരിക്കാനാകും.


എന്താണ് ബൈഡയറക്ഷണല്‍ ചാര്‍ജിംഗ്?

സാധാരണ ഇലക്ട്രിക് വാഹന (ഇവി) ചാര്‍ജറുകളില്‍ നിന്ന് വ്യത്യസ്തമാണ് ബൈഡയറക്ഷണല്‍ ചാര്‍ജിംഗ്. ഇത്തരത്തിലുള്ള ചാര്‍ജിംഗ് വെഹിക്കിള്‍-ടു-ഗ്രിഡ് (vehicle-to-grid or V2G) അല്ലെങ്കില്‍ വെഹിക്കിള്‍-ടു-ഹോം (vehicle-to-home or V2H) എന്നീ സാങ്കേതിക വിദ്യകളാണ് ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.

ഇലക്ട്രിക് കാര്‍ ബാറ്ററിയിലേക്ക് ഊര്‍ജം ശേഖരിക്കുന്നതിനോടൊപ്പം ഒരു വീട്ടിലേക്കും (വെഹിക്കിള്‍ ടു ഹോം) വീട്ടുപകരണങ്ങളിലേക്കും ആവശ്യമായ ഊര്‍ജം നല്‍കാന്‍ സാധിക്കും. ഇതുകൂടാതെ വാണിജ്യാടിസ്ഥാനത്തില്‍ പവര്‍ ഗ്രിഡിലേക്ക് (വെഹിക്കിള്‍-ടു-ഗ്രിഡ്) ഊര്‍ജം നല്‍കി പണം സമ്പാദിക്കാനും കാര്‍ ഉടമകള്‍ക്ക് കഴിയുമെന്നാണ്‌ അവകാശവാദം. നിരവധി തടസങ്ങള്‍ മറികടന്നാണ് ഓസ്ട്രേലിയയിലേക്ക് ബൈഡയറക്ഷണല്‍ ചാര്‍ജറുകള്‍ വിപണിയില്‍ ഇറക്കുന്നത്.


ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ നടക്കുമ്പോള്‍തന്നെ ബൈഡയറക്ഷണല്‍ ചാര്‍ജര്‍ എപ്പോള്‍ ലഭ്യമാകുമെന്ന നിരവധി അന്വേഷണങ്ങള്‍ വന്നിരുന്നതായി ഗവേഷകനായ നേതാവ് ബ്‌ജോണ്‍ സ്റ്റംബര്‍ഗ് പറഞ്ഞു. മെല്‍ബണ്‍ ആസ്ഥാനമായുള്ള ഇവി ചാര്‍ജിംഗ് കമ്പനിയായ ജെ.ഇ.ടി ചാര്‍ജ് ഈ മാസവും ഏപ്രിലിലുമായി രണ്ടു ഡെലിവറികളാണു പ്രതീക്ഷിക്കുന്നത്.

ഒരു ബൈഡയറക്ഷണല്‍ ചാര്‍ജറിന് 10,000 ഓസ്‌ട്രേലിയന്‍ ഡോളറാണ് വില. പുതിയ ബാറ്ററികള്‍ കൂടുതല്‍ വ്യാപകമാകുമ്പോള്‍ വില പകുതിയിലധികം കുറയുമെന്നാണ് പ്രതീക്ഷയെന്ന് ജെ.ഇ.ടി ചാര്‍ജ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടിം വാഷിംഗ്ടണ്‍ പറഞ്ഞു.

വൈദ്യുത വാഹനങ്ങളിലെ ബാറ്ററികള്‍ക്ക് ഒരു ഹോം ബാറ്ററിയുടെ മൂന്നോ നാലോ ഇരട്ടി ശേഷി ഊര്‍ജം സംഭരിക്കാനാകും. ഒരു കാറിനു മാത്രം വൈദ്യുതി ഉപയോഗിക്കുന്നതിനപ്പുറം വീടിനു മുഴുവന്‍ ഊര്‍ജം പകരാന്‍ കഴിയുന്ന വിധമുള്ള ചുവടുവെപ്പാണ് V2H എന്ന സാങ്കേതിക വിദ്യയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബൈഡയറക്ഷണല്‍ ചാര്‍ജറുകള്‍ ഉപയോഗിച്ച് ഇവി പ്ലഗ് ചെയ്യുമ്പോള്‍ വെര്‍ച്വല്‍ പവര്‍ പ്ലാന്റ് വഴി (വി.പി.പി) ഊര്‍ജം സംഭരിക്കപ്പെടുന്നു. നല്ല വെയിലുള്ള പകലില്‍ സൗരോര്‍ജവും കാറ്റില്‍നിന്നുള്ള വൈദ്യുതിയും ഉപയോഗിച്ച് ബാറ്ററികള്‍ ചാര്‍ജ് ചെയ്യാനുമാകും. ഈ ഊര്‍ജം ഗ്രിഡിലേക്കു നല്‍കാനുമാകും.

ധാരാളം വൈദ്യുത കാറുകള്‍ ഉള്ള സ്ഥാപനങ്ങള്‍ക്ക് ഊര്‍ജം നല്‍കുന്നതിലൂടെ പണം സമ്പാദിക്കാനുള്ള അവസരമായി ഇതിനെ കാണാം.

അതേസമയം, എല്ലാ വൈദ്യുത കാറുകളിലും ബൈഡയറക്ഷണല്‍ ചാര്‍ജറുകള്‍ ഉപയോഗിക്കാനാവില്ല. നിസാന്‍ ലീഫും മിത്സുബിഷി പ്ലഗ്-ഇന്‍ ഹൈബ്രിഡുകളും മാത്രമാണ് ഇപ്പോള്‍ ഓസ്ട്രേലിയയില്‍ വി2ജി വാഗ്ദാനം ചെയ്യുന്ന കാറുകള്‍. ഈ വര്‍ഷം മുതല്‍ വില്‍ക്കുന്ന കാറുകളില്‍ വി2ജി സാങ്കേതിക വിദ്യയുണ്ടാകുമെന്ന് ഫോക്സ്വാഗണ്‍ ഉറപ്പിച്ചു പറയുന്നു.

2025 ആകുമ്പോള്‍ എല്ലാ പുതിയ വൈദ്യുത കാറുകളിലും വി2ജി സാങ്കേതിക വിദ്യ ഉണ്ടായിരിക്കുമെന്നാണ് വാഹനലോകം പ്രതീക്ഷിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.