പരിപ്പിനും പയറിനും ഇന്ത്യ ഇറക്കുമതി തീരുവ ഒഴിവാക്കി; ഓസ്‌ട്രേലിയന്‍ കര്‍ഷകര്‍ക്ക് ആഹ്‌ളാദം

പരിപ്പിനും പയറിനും ഇന്ത്യ ഇറക്കുമതി തീരുവ ഒഴിവാക്കി; ഓസ്‌ട്രേലിയന്‍ കര്‍ഷകര്‍ക്ക് ആഹ്‌ളാദം

സിഡ്‌നി: ഓസ്ട്രേലിയന്‍ കര്‍ഷകര്‍ക്ക് ആഹ്‌ളാദം പകര്‍ന്ന് പരിപ്പ്, പയറു വര്‍ഗങ്ങളുടെ ഇറക്കുമതി തീരുവ ഇന്ത്യ ഒഴിവാക്കി. ഇന്ത്യക്കാരുടെ പ്രിയ വിഭവമായ പരിപ്പ്, പയറു വര്‍ഗങ്ങള്‍ ഇനി ഓസ്‌ട്രേലിയയില്‍നിന്ന് കൂടുതലായി ഇറക്കുമതി ചെയ്യാന്‍ വഴിയൊരുക്കുന്നതാണ് പ്രഖ്യാപനം. ഓസ്ട്രേലിയയിലെ പയറു കയറ്റുമതിക്കാര്‍ക്ക് ദശലക്ഷക്കണക്കിന് ഡോളര്‍ വരുമാനവും നേടിക്കൊടുക്കുന്നതാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനം. ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പയറിന്റെ 11 ശതമാനം ഇറക്കുമതി തീരുവയാണ് ഇന്ത്യ എടുത്തുകളഞ്ഞത്. തീരുമാനം ഇതിനകം പ്രാബല്യത്തില്‍ വന്നു. അതേസമയം, വെള്ളക്കടലയുടെ തീരുവ 66 ശതമാനമായി തുടരും.

കുതിച്ചുയരുന്ന ഭക്ഷ്യവിലപ്പെരുപ്പം തടയാനാണ് തീരുവ കുറയ്ക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഓസ്‌ട്രേലിയന്‍ വിദേശകാര്യ-വ്യാപാര വകുപ്പിന്റെ കണക്കനുസരിച്ച്, ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുന്നതിനു മുന്‍പ് ഇന്ത്യ പയറിന്റെ ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താവായിരുന്നു. ഏകദേശം 900 മില്യണ്‍ ഡോളറിന്റെ പയറാണ് ഓസ്‌ട്രേലിയയില്‍നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നത്.

എന്നാല്‍ 2017-ല്‍ ഇന്ത്യ പയറിനും വെള്ളക്കടലയ്ക്കും 33 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയിരുന്നത്. 2020-ല്‍ പയറിന്റെ നികുതി 11 ശതമാനമായി കുറച്ചു.

തീരുവ പൂര്‍ണമായി പിന്‍വലിച്ചത് കര്‍ഷകര്‍ക്ക് ഏറെ ആഹ്‌ളാദം നല്‍കുന്ന വാര്‍ത്തയാണെന്ന് ഗ്രെയിന്‍ പ്രൊഡ്യൂസേഴ്സ് ഓസ്ട്രേലിയ വക്താവ് ആന്‍ഡ്രൂ വൈഡ്മാന്‍ പറഞ്ഞു.

ഓസ്ട്രേലിയന്‍ സമ്പദ്വ്യവസ്ഥയ്ക്ക്, പ്രത്യേകിച്ച് കാര്‍ഷികമേഖലയില്‍ ഇത് വലിയ ഉണര്‍വു നല്‍കുമെന്നും ആന്‍ഡ്രൂ കൂട്ടിച്ചേര്‍ത്തു.

ഓസ്ട്രേലിയയിലെ ഈ വര്‍ഷം ധാന്യങ്ങളുടെ റെക്കോര്‍ഡ് വിളവെടുപ്പാണുണ്ടായത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനം നിരവധി കര്‍ഷകര്‍ക്ക് മികച്ച ഉത്പാദനത്തിനുള്ള പ്രോത്സാഹനം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചര്‍ച്ചകളുടെ ഭാഗമായി ഓസ്ട്രേലിയന്‍ വാണിജ്യ മന്ത്രി ഡാന്‍ ടെഹാന്‍ ഇന്ത്യ സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് തീരുവ ഒഴിവാക്കാനുള്ള ഇന്ത്യയുടെ തീരുമാനമുണ്ടായത്.

പയറിന്റെ തീരുവ ഒഴിവാക്കിയതില്‍ സന്തോഷമുണ്ട്. ഗ്രെയിന്‍ ഗ്രോവേഴ്സ് ചീഫ് എക്സിക്യുട്ടീവ് ഡേവ് മക്കിയോണ്‍ പറഞ്ഞു. ഭാവിയില്‍ അനാവശ്യമായ വ്യാപാര തടസങ്ങള്‍ ഒഴിവാക്കാന്‍ നൂതനമായ സമീപനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജനസംഖ്യ ഇന്ത്യയിലാണെങ്കിലും, ഓസ്ട്രേലിയയുടെ ധാന്യ വിളവെടുപ്പിന്റെ രണ്ടു ശതമാനത്തില്‍ താഴെ മാത്രമാണ് ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.