കാപ്പക്‌സില്‍ വീണ്ടും കോടികളുടെ അഴിമതി; എം.ഡി രാജേഷ് രണ്ടാമതും സസ്‌പെന്‍ഷനില്‍

കാപ്പക്‌സില്‍ വീണ്ടും കോടികളുടെ അഴിമതി; എം.ഡി രാജേഷ് രണ്ടാമതും സസ്‌പെന്‍ഷനില്‍

രണ്ടാമത്തെ പ്രാവശ്യമാണ് അഴിമതിയുമായി ബന്ധപ്പെട്ട് കാപ്പക്‌സ് എം.ഡി  ആര്‍. രാജേഷിനെ സസ്‌പെന്‍ഡ് ചെയ്യുന്നത്.

തിരുവനന്തപുരം: കശുമാവ് കൃഷിയുടെ വികസനത്തിനായി സ്ഥാപിച്ച കാപ്പക്‌സില്‍ കോടികളുടെ അഴിമതിയെന്ന് ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ കാപ്പക്‌സ് മാനേജിങ് ഡയറക്ടര്‍ ആര്‍. രാജേഷിനെ സസ്‌പെന്‍ഡ് ചെയ്തു. സാമ്പത്തിക ക്രമക്കേടിനാണ് സസ്‌പെന്‍ഷന്‍.

കര്‍ഷകരില്‍ നിന്നും തോട്ടണ്ടി നേരിട്ട് സംഭരിക്കാനുള്ള ഉത്തരവ് അട്ടിമറിച്ച് വിദേശത്തുനിന്നും തോട്ടണ്ടി ഇറക്കുമതി ചെയ്ത് കോടികള്‍ തട്ടിയെന്നാണ് പരിശോധനയില്‍ ബോധ്യമായത്. കാപ്പക്‌സ് എംഡി രാജേഷിനെ സ്ഥാനത്ത് നിന്നും മാറ്റി വിജിലന്‍സ് അന്വേഷണം നടത്തണമെന്നായിരുന്നു അഴിമതി അന്വേഷിച്ച സാമ്പത്തിക പരിശോധന വിഭാഗത്തിന്റെ ശുപാര്‍ശ. എന്നാല്‍ അഴിമതി വീരനായ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യുകയാണ് ചെയ്തത്. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് അഴിമതിയുമായി ബന്ധപ്പെട്ട് ഇയാള്‍ സസ്‌പെന്‍ഷനിലാകുന്നത്.

കേരളത്തിലെ കശുമാവ് കര്‍ഷകരില്‍ നിന്നും നേരിട്ട് തോട്ടണ്ടി സംഭരിക്കാന്‍ 2018 ലാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ കര്‍ഷകരില്‍ നിന്നും വാങ്ങി എന്ന് രേഖയുണ്ടാക്കി വിദേശത്തു നിന്നും തമിഴ്‌നാട്ടിലെ തുറമുഖത്ത് ഇറക്കിയ കശുവണ്ടി വാങ്ങിയെന്നാണ് കണ്ടെത്തല്‍. 2018 ലും 2019 ലും സമാനമായ ക്രമക്കേട് നടത്തിയിട്ടുണ്ട്. 2018 ല്‍ ഷിബു ടി.സി എന്ന കര്‍ഷകനില്‍ നിന്നും തോട്ടണ്ടി വാങ്ങി എന്നാണ് രേഖയിലുള്ളത്. പക്ഷെ അതിനുള്ള പണം നല്‍കിയത് തെക്കുംമറ്റത്തില്‍ എന്ന മറ്റൊരു സ്ഥാപനത്തിനാണ്.

ഷിബു സംഭരിച്ചെന്ന പേരില്‍ നല്‍കിയത് വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത തോട്ടണ്ടിയാണ്. ഷിബു വയനാട്ടില്‍ ഭൂമി പാട്ടത്തിനെടുത്ത് കശുവണ്ടി കൃഷി ചെയ്തുവെന്ന് ഡയറക്ടര്‍ ബോര്‍ഡിനെ തെറ്റിദ്ധരിപ്പിക്കാന്‍ വ്യാജ രേഖകള്‍ എംഡിയുടെ ഒത്താശയോടെ സമര്‍പ്പിച്ചുവെന്നാണ് ധനവകുപ്പിന്റെ റിപ്പോര്‍ട്ട്.

2019 ലും കര്‍ഷകരില്‍ നിന്നും വാങ്ങാതെ മെഹ്ബാബൂ ട്രേഡിംഗ് കമ്പനിയില്‍ നിന്നും തോട്ടണ്ടി വാങ്ങി. രണ്ടു കോടി 9 ലക്ഷം രൂപയ്ക്കായിരുന്നു സംഭരണം. ഇതിലും ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന കമ്പനിക്ക് ബാക്കി നല്‍കാനുള്ള തുക നല്‍കരുതെന്നാണ് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ ശുപാര്‍ശ.

അനധികൃത ഇടപാടിലൂടെ നഷ്ടമായ തുക എംഡിയില്‍ നിന്നും തിരിച്ചു പിടിക്കണമെന്നും വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ശുപാശയുണ്ട്. സാമ്പത്തിക ആരോപണത്തില്‍ രാജേഷ് നേരത്തെ സസ്‌പെന്‍ഷനിലായിരുന്നു. സസ്‌പെന്‍ഷനിലാകുമ്പോള്‍ പകുതി ശമ്പളം ബത്തയായി നല്‍കാറുണ്ട്. എന്നാല്‍ അന്വേഷണം അവസാനിക്കുന്നതിന് മുമ്പ് ഇയാള്‍ മുഴവന്‍ ശമ്പളവും എഴുതിയെടുത്തു.

ഇതുവഴി നഷ്ടം വന്ന ഏഴു ലക്ഷം തിരിച്ചുപിടിക്കണമെന്നും ശുപാര്‍ശയുണ്ട്. സാമ്പത്തിക ക്രമക്കേടിന് കൂട്ടുനിന്ന അക്കൗണ്ട്‌സ് ഓഫീസര്‍ സജീവ് കുമാര്‍, കോമേഴ്‌സ്യല്‍ അസിസ്റ്റന്‍് മഞ്ജു, കൊമേഷ്‌സ്യല്‍ മനേജര്‍ പി.സന്തോഷ് എന്നിവര്‍ക്കെതിരേയും വകുപ്പ് തല നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.