സിഡ്‌നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് ശമ്പള വര്‍ധന ആവശ്യപ്പെട്ട് ആയിരത്തിലധികം നഴ്‌സുമാര്‍ പണിമുടക്കി. പ്രതിഷേധ സമരം പിന്‍വലിക്കണമെന്ന സംസ്ഥാന ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കമ്മിഷന്റെ ഉത്തരവ് ലംഘിച്ചാണ് നഴ്‌സുമാര്‍ പണിമുടക്കിയത്.
പ്രാദേശിക മേഖലകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രതിഷേധ റാലികളില്‍ 150-ലധികം സര്‍ക്കാര്‍ ആശുപത്രികളില്‍നിന്നുള്ള നഴ്‌സുമാരാണ് പങ്കെടുത്തത്. സിഡ്‌നിയില്‍ പാര്‍ലമെന്റിലേക്കു നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ നിരവധി നഴ്‌സുമാരാണ് പങ്കെടുത്തത്. തങ്ങള്‍ അമിത ജോലി ഭാരം മൂലം ക്ഷീണിച്ചതായി എഴുതിയ പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയാണ് പ്രതിഷേധിച്ചത്.
ശമ്പള വര്‍ധന ആവശ്യപ്പെട്ടും കോവിഡ് മഹാമാരിയില്‍ വീര്‍പ്പുമുട്ടുന്ന ആശുപത്രികളിലെ ജീവനക്കാരുടെ ക്ഷാമവും ചൂണ്ടിക്കാട്ടിയാണ് പണിമുടക്ക്.
ചികിത്സയിലുള്ള രോഗികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ പരിമിതമായ എണ്ണം നഴ്‌സുമാരെ ആശുപത്രികളില്‍ നിലനിര്‍ത്തി ബാക്കിയുള്ളവര്‍ പണിമുടക്കില്‍ പങ്കെടുത്തു. ഒന്‍പതു വര്‍ഷത്തിനു ശേഷമാണ് നഴ്‌സുമാര്‍ പണിമുടക്കുന്നത്.
പണിമുടക്ക് സംസ്ഥാനത്തുടനീളമുള്ള ആരോഗ്യ സേവനങ്ങളില്‍ ചെറിയ തടസങ്ങള്‍ക്കും കാലതാമസത്തിനും കാരണമായതായി ന്യൂ സൗത്ത് വെയില്‍സ് ആരോഗ്യ വിഭാഗം അറിയിച്ചു.
നഴ്‌സുമാരുടെ ശമ്പളക്കുറവും ജീവനക്കാരുടെ ക്ഷാമം മൂലമുള്ള പ്രതിസന്ധിയും ചൂണ്ടിക്കാട്ടി നഴ്സസ് യൂണിയനും ആരോഗ്യമന്ത്രി ബ്രാഡ് ഹസാര്‍ഡുമായി ഇന്നലെ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് പ്രതിഷേധവുമായി നഴ്‌സുമാര്‍ തെരുവിലിറങ്ങിയത്. നഴ്‌സുമാര്‍ പണിമുടക്കുമായി മുന്നോട്ട് പോയതില്‍ മന്ത്രി അതൃപ്തി പ്രകടിപ്പിച്ചു.
ആരോഗ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഒരും വാഗ്ദാനവും ഉണ്ടായില്ലെന്ന് ന്യൂ സൗത്ത് വെയില്‍സ് നഴ്സസ് ആന്‍ഡ് മിഡ്വൈവ്സ് അസോസിയേഷന്‍ പ്രസിഡന്റ് ഒബ്രേ സ്മിത്ത് പറഞ്ഞു.
ഓരോ ഷിഫ്റ്റിലും നാല് രോഗികള്‍ക്ക് ഒരു നഴ്സ് എന്ന അനുപാതവും, പൊതുമേഖലാ രംഗത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള 2.5 ശതമാനത്തിന് മുകളില്‍ ശമ്പള വര്‍ദ്ധനയുമാണ് നഴ്സുമാര്‍ ആവശ്യപ്പെടുന്നത്.
മഹാമാരിയുടെ സമയത്ത് അധിക സമ്മര്‍ദ്ദം കാരണം പല നഴ്‌സുമാരും ജോലിയില്‍നിന്നു വിട്ടു പോകുന്നതായി സമരത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.