ന്യൂനപക്ഷ ക്ഷേമ വകുപ്പ് എന്തിന്? സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് പിരിച്ചുവിടണമെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ.

ന്യൂനപക്ഷ ക്ഷേമ വകുപ്പ് എന്തിന്?    സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് പിരിച്ചുവിടണമെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ.

കൊച്ചി: കേരളത്തിലെ ന്യൂനപക്ഷ സമൂഹത്തിന് ഒന്നാകെ ആക്ഷേപവും അപമാനവും ആയി മാറിയിരിക്കുന്ന സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് പിരിച്ചുവിടാൻ കേരള സർക്കാർ തയ്യാറാകണമെന്ന് കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ. വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.


മതനിരപേക്ഷതയെ കുറിച്ച് നിരന്തരം പ്രസംഗിക്കുന്നവർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ നടക്കുന്ന അഴിമതിയും അനീതിയും കാണാതെ പോകുന്നത് ദുഃഖകരമാണ്. സ്വജനപക്ഷപാതത്തിൻ്റെയും കെടുകാര്യസ്ഥതയുടെയും മതമൗലികവാദ പ്രവർത്തനങ്ങളുടെയും ഇടത്താവളമായി വകുപ്പ് അധ:പതിച്ചിരിക്കുന്നു .


ക്രിസ്ത്യൻ, മുസ്ലിം, സിക്ക്, പാഴ്സി, ബുദ്ധർ, ജൈനർ എന്നീ ആറു വിഭാഗങ്ങളാണ് നിയമപരമായി ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങൾ. ഈ ആറു വിഭാഗങ്ങൾക്കും വേണ്ടിയാണ് കേന്ദ്ര സർക്കാർ പദ്ധതികൾ ആവിഷ്കരിക്കുന്നത് പദ്ധതി തുക അനുവദിക്കുന്നതും. എന്നാൽ, സംസ്ഥാന സർക്കാരിൻറെ പദ്ധതികളും തുകയും ന്യൂനപക്ഷത്തിലെ ഭൂരിപക്ഷം അധികാരത്തിൻ്റെ പിൻബലത്തിൽ തട്ടി എടുക്കുമ്പോൾ രാഷ്ട്രീയ ഭരണ നേതൃത്വങ്ങൾ നിസംഗത പാലിക്കുന്നത് ക്രൈസ്തവർ ഉൾപ്പെടെയുള്ള മറ്റു വിഭാഗങ്ങളെ അപമാനിക്കുന്നതും അവഗണിക്കുന്നതാണ്.


ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ ക്രൈസ്തവർ ഉൾപ്പെടെ അഞ്ച് വിഭാഗങ്ങളെ മാറ്റിനിർത്തി, ഒരു വിഭാഗം ഒന്നാകെ കയ്യടക്കുന്നത് എതിർക്കപ്പെടണം. ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നതിൻ്റെ അനുവാദത്തിന് പിന്നിൽ യാതൊരു പഠനവും ഇല്ലെന്ന് സർക്കാർ രേഖ തന്നെ തെളിവായി ഉള്ളപ്പോൾ തിരുത്തലുകൾക്ക് തയ്യാറാകാതെയുള്ള ന്യൂനപക്ഷക്ഷേമ വകുപ്പിൻ്റെ ധാർഷ്ഠ്യം അതിരുകടക്കുന്നു.


സച്ചാർ കമ്മിറ്റിയുടെയും പാലോളി കമ്മിറ്റിയുടെയും നിർദ്ദേശങ്ങളുടെ മറവിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഖജനാവിൽനിന്ന് എല്ലാ ന്യൂനപക്ഷങ്ങളുടെയും ക്ഷേമത്തിനായി അനുവദിക്കുന്ന നികുതിപ്പണം മതപഠന ശാലകളിൽ നടത്തുന്നതിനും, അധ്യാപകർക്ക് ശമ്പളവും പെൻഷനും ക്ഷേമനിധിയും ഏർപ്പെടുത്തുന്നതിനും, ചെലവഴിക്കുന്നത് മതേതരത്വ രാജ്യത്തിന് ചേർന്നതാണോ എന്ന് പൊതുസമൂഹം വിലയിരുത്തണം.


ന്യൂനപക്ഷ ക്ഷേമ പദ്ധതി ഫണ്ടുകളുടെ വിനിയോഗം അന്വേഷണ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലെയ്റ്റി കൗൺസിൽ കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്ന് വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.