22,000 കോടിയുടെ വായ്പാ തട്ടിപ്പ്: എബിജി ഷിപ്പ്യാര്‍ഡ് ഡയറക്ടര്‍മാര്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

 22,000 കോടിയുടെ വായ്പാ തട്ടിപ്പ്: എബിജി ഷിപ്പ്യാര്‍ഡ് ഡയറക്ടര്‍മാര്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

ഗന്ധിനഗര്‍: എബിജി ഷിപ്യാര്‍ഡ് ലിമിറ്റഡിനെതിരായ 22,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസില്‍ പ്രതികള്‍ക്കെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഗുജറാത്ത് ആസ്ഥാനമായുള്ള കപ്പല്‍ നിര്‍മാണ കമ്പനിയാണ് എബിജി ഷിപ്യാര്‍ഡ്. വിമാനത്താവളം വഴിയോ മറ്റ് അതിര്‍ത്തി വഴിയോ എബിജി കമ്പനി ഉടമകളെ രാജ്യം വിടാന്‍ അനുവദിക്കരുതെന്നും നിയമ നടപടികള്‍ നേരിടുന്നവരാണ് ഇവരെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.

എബിജി ഷിപ്യാര്‍ഡ് ലിമിറ്റഡ് കമ്പനിയുടെ മുന്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഋഷി കമലേഷ് അഗര്‍വാള്‍, അന്നത്തെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സന്താനം മുത്തുസ്വാമി, ഡയറക്ടര്‍മാരായ അശ്വിനി കുമാര്‍, സുശീല്‍ കുമാര്‍ അഗര്‍വാള്‍, രവി വിമല്‍, മറ്റൊരു കമ്പനിയായ എബിജി ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്‍ക്കെതിരെ ഫെബ്രുവരി ഏഴിനാണ് കേസെടുത്തത്. വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത ശേഷം തിരിച്ചടച്ചില്ല എന്നാണ് കേസ്. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വിശ്വാസ ലംഘനം, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

എസ്ബിഐ അടക്കം 28 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് 2005-12 കാലത്ത് വായ്പ നല്‍കിയത്. 2013ല്‍ എബിജിയുടെ വായ്പ നിഷ്‌ക്രിയ ആസ്തിയായി മാറി. 2014ല്‍ വായ്പ അക്കൗണ്ട് പുനക്രമീകരിച്ചെങ്കിലും വായ്പ തിരിച്ചടക്കാന്‍ കമ്പനിക്കായില്ല. ഇതോടെ 2016ല്‍ അക്കൗണ്ട് നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിച്ചു. തുടര്‍ന്നുള്ള ഓഡിറ്റിലാണ് ക്രമക്കേട്, വായ്പ വകമാറ്റല്‍, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ വ്യക്തമായത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2019ലെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ബാങ്കുകളുടെ ഭാഗത്തും കേസെടുക്കാന്‍ ഏജന്‍സിയുടെ ഭാഗത്തും കാലതാമസമുണ്ടായെന്ന് ആരോപണമുണ്ടായിരുന്നു. എന്നാല്‍ എസ്ബിഐ ആരോപണം നിഷേധിച്ചു. പരാതി ലഭിച്ചിട്ടും എഫ്‌ഐആര്‍ ഇടാന്‍ ഒന്നര വര്‍ഷമെടുത്തത് എന്തുകൊണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ചോദിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.