'അയാം എ ഡിസ്‌കോ ഡാന്‍സര്‍..'; ഡിസ്‌കോ സംഗീതം ജനപ്രിയമാക്കിയ സംഗീതജ്ഞനും ഗായകനുമായ ബപ്പി ലഹിരി അന്തരിച്ചു

'അയാം എ ഡിസ്‌കോ ഡാന്‍സര്‍..'; ഡിസ്‌കോ സംഗീതം ജനപ്രിയമാക്കിയ സംഗീതജ്ഞനും ഗായകനുമായ ബപ്പി ലഹിരി അന്തരിച്ചു

ന്യൂഡല്‍ഹി: സംഗീതജ്ഞനും ഗായകനുമായ ബപ്പി ലഹിരി അന്തരിച്ചു. 69 വയസായിരുന്നു. മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഇന്ത്യന്‍ സിനിമയില്‍ ഡിസ്‌കോ സംഗീതം ജനപ്രിയമാക്കിയതില്‍ വലിയ പങ്കുവഹിച്ചയാളായിരുന്നു ബപ്പി ലഹിരി.

ഒബസ്ട്രക്ടീവ് സ്ലീപ് അപ്നിയയെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ജുഹുവിലെ ക്രിട്ടികെയര്‍ ആശുപത്രി ഡയറക്ടര്‍ ദീപക് നംജോഷിയാണ് ഇക്കാര്യം അറിയിച്ചത്. ഒരു മാസമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ അദ്ദേഹത്തെ തിങ്കളാഴ്ച ഡിസ്ചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍ വീട്ടിലെത്തിയതിന് ശേഷം ആരോഗ്യസ്ഥിതി വീണ്ടും മോശമായി. ഇതോടെ വീണ്ടും ആശുപത്രിയിലെത്തിക്കുകയായിരുന്നു.

1970-80കളിലെ ചല്‍ത്തേ ചല്‍ത്തേ, ഡിസ്‌കോ ഡാന്‍സര്‍, ഷറാബി തുടങ്ങിയ നിരവധി സിനിമകളിലെ ജനപ്രിയ ഗാനങ്ങളുടെ ബപ്പി ലഹിരി ഏറെ ജനപ്രീതി നേടിയിരുന്നു. 2020-ല്‍ പുറത്തിറങ്ങിയ ബാഗി '3' എന്ന സിനിമയിലെ ഭങ്കാസ് ആണ് അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ ബോളിവുഡ് ഗാനം. കൂടാതെ ഏറ്റവും അധികം സ്വര്‍ണാഭരണങ്ങള്‍ ധരിച്ചെത്തുന്ന ഗായകനെന്ന രീതിയിലും ബപ്പി ലഹിരി ഏറെ പ്രശസ്തനായിരുന്നു.

ലാഹിരിയുടെ വിയോഗ വാര്‍ത്ത അറിഞ്ഞ് ചലച്ചിത്ര നിര്‍മ്മാതാവ് അശോക് പണ്ഡിറ്റിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു, 'റോക്ക്സ്റ്റാര്‍ ബപ്പി ലഹിരി ജിയുടെ വിയോഗം കേട്ട് ഞെട്ടിപ്പോയി. എന്റെ അടുത്ത വീട്ടിലെ അയല്‍വാസി ഇപ്പോള്‍ ഇല്ലെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. നിങ്ങളുടെ സംഗീതം ഞങ്ങളുടെ ഹൃദയത്തില്‍ എന്നും നിലനില്‍ക്കും.'

അദ്ദേഹത്തിന്റെ പിതാവ് അപരേഷ് ലഹിരി പ്രശസ്ത ബംഗാളി ഗായകനായിരുന്നു. അമ്മ ബന്‍സരി ലഹിരി സംഗീതജ്ഞയും ഗായികയും ശാസ്ത്രീയ സംഗീതവും ശ്യാമ സംഗീതവും നന്നായി പഠിച്ചിരുന്ന വ്യക്തിയുമായിരുന്നു. സംഗീതത്തിന്റെ എല്ലാ മേഖലകളിലും മാതാപിതാക്കള്‍ അദ്ദേഹത്തെ പരിശീലിപ്പിച്ചു. ബപ്പി ലഹിരി അവരുടെ ഏകമകനായിരുന്നു.

വളരെ ചെറുപ്പത്തില്‍ തന്നെ ദേശീയതലത്തില്‍ മാത്രമല്ല, അന്തര്‍ദേശീയ തലത്തിലും പ്രശസ്തനാകാനുള്ള ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. അതിനുള്ള പരിശീലനങ്ങളും അദ്ദേഹം നടത്തിയിരുന്നു. മൂന്നാം വയസില്‍ തബല വായിക്കാന്‍ തുടങ്ങി. ആ ചെറുപ്രായത്തിലും പരിചയസമ്പന്നനായ ഒരു പ്രൊഫഷണലിന്റെ പ്രാവീണ്യത്തോടെ തബല വായിക്കുമ്പോള്‍ ബപ്പി മഹത്വത്തിന്റെ അടയാളങ്ങള്‍ കാണിച്ചു തുടങ്ങിയിരുന്നു.

സംഗീതത്തോടുള്ള ഇഷ്ടം ബപ്പി ലഹിരി തന്റെ മുഴുവന്‍ കുടുംബവുമായും പങ്കിട്ടു. അദ്ദേഹത്തിന്റെ ഭാര്യ ചിത്രണി ഗായകരുടെ കുടുംബത്തില്‍ നിന്നാണ് വരുന്നത്. അദ്ദേഹത്തിന്റെ മകള്‍ രമയും ഒരു മികച്ച ഗായികയാണ്. മകന്‍ ബപ്പ ലഹിരി തന്റെ പിതാവിന്റെ സംഗീതം പാരമ്പര്യമായി സ്വീകരിച്ച് ഹിന്ദി ചലച്ചിത്ര മേഖലയില്‍ സംഗീത സംവിധായകനായി തുടരുന്നു.

ബപ്പിക്ക് തന്റേതായ സമാനതകളില്ലാത്ത വ്യക്തിഗത ശൈലിയുണ്ട്. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും സമ്പൂര്‍ണ്ണ സമന്വയമാണ് അദ്ദേഹം. പരമ്പരാഗത ഇന്ത്യന്‍ കുര്‍ത്തയും ഷെര്‍വാണിയും മുതല്‍ പാശ്ചാത്യ ഷര്‍ട്ടുകളും ബ്ലേസറുകളും വരെ അദ്ദേഹത്തിന്റെ വാര്‍ഡ്രോബില്‍ ഉള്‍പ്പെടുന്നു. തന്റെ മുഖമുദ്രയായ സ്വര്‍ണ്ണാഭരണങ്ങള്‍ക്കും സണ്‍ ഗ്ലാസുകള്‍ക്കും ബപ്പി ഇന്ത്യയിലുടനീളം പ്രശസ്തനാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.