മേയര്‍ക്ക് താലികെട്ട്; വരന്‍ എംഎല്‍എ: ആര്യ രാജേന്ദ്രനും സച്ചിന്‍ദേവും വിവാഹിതരാകുന്നു

 മേയര്‍ക്ക് താലികെട്ട്; വരന്‍ എംഎല്‍എ: ആര്യ രാജേന്ദ്രനും സച്ചിന്‍ദേവും വിവാഹിതരാകുന്നു


തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശേരി എംഎല്‍എ കെ.എം സച്ചിന്‍ ദേവും വിവാഹിതരാകുന്നു. വിവാഹ തീയതി പ്രഖ്യാപിച്ചില്ലെങ്കിലും ഇരുകുടുംബങ്ങളും ധാരണയായതായി സച്ചിന്റെ പിതാവ് കെ.എം നന്ദകുമാര്‍ പറഞ്ഞു. ഒരു മാസത്തിന് ശേഷമാവും വിവാഹം.

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ രാജേന്ദ്രന്‍. പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആര്യ രാജേന്ദ്രന്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതും മേയറാകുന്നതും.

നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും നടനുമായ  ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ പരാജയപ്പെടുത്തിയാണ് സച്ചിന്‍ ദേവ് ആദ്യമായി എംഎല്‍എയാകുന്നത്. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് സച്ചിന്‍ ദേവ് വളര്‍ന്നത്.

ബാലസംഘം കാലം മുതലുള്ള ഇവരുടെ പരിചയമാണ് വിവാഹത്തിലേക്കെത്തിയത്. ബാലസംഘം, എസ്എഫ്‌ഐ പ്രവര്‍ത്തന കാലത്തു തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു. സച്ചിന്‍ ദേവ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ്.

നിലവില്‍ എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കൂടിയാണ് സച്ചിന്‍ദേവ്. കോഴിക്കോട് ഗവണ്‍മെന്റ് ആര്‍ട്സ് കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും കോഴിക്കോട് ലോ കോളേജില്‍ നിന്നും നിയമ ബിരുദവും നേടിയിട്ടുണ്ട്.

ഇരുപത്തൊന്നാം വയസിലാണ് ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം മേയര്‍ ആകുന്നത്. തിരുവനന്തപുരം ഓള്‍ സെയിന്റ്സ് കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് ആര്യ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ശ്രദ്ധ നേടിയത്. ബാല സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവുമാണ് ആര്യ.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.