സിഡ്നി: ഓസ്ട്രേലിയിലെ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് ശമ്പള വര്‍ധന ആവശ്യപ്പെട്ട് നഴ്‌സുമാര്‍ സമരം ചെയ്തതിനു പിന്നാലെ പാരാമെഡിക്കല്‍ ജീവനക്കാരും 24 മണിക്കൂര്‍ പണിമുടക്കി. പാരാമെഡിക്കല്‍ വിഭാഗത്തിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കണമെന്നും വേതന വര്‍ധന നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് ബുധനാഴ്ച്ച അര്‍ധരാത്രി പണിമുടക്ക് ആരംഭിച്ചത്.
പാരാമെഡിക്കല്‍ ജീവനക്കാരുടെ സമരം ആശുപത്രി അനുബന്ധ സേവനങ്ങള്‍ക്ക് തടസമുണ്ടാക്കിയതായി ന്യൂ സൗത്ത് വെയില്‍സ് ആംബുലന്‍സ് വിഭാഗം പറഞ്ഞു.
1,500 ജീവനക്കാരെ സര്‍ക്കാര്‍ നിയമിക്കണമെന്നാണ് സമരത്തിനു നേതൃത്വം നല്‍കുന്ന ഓസ്ട്രേലിയന്‍ പാരാമെഡിക്സ് അസോസിയേഷന്‍ ഓഫ് ന്യൂ സൗത്ത് വെയില്‍സ് ആവശ്യപ്പെടുന്നത്.
മതിയായ ജീവനക്കാരില്ലാത്തതു മൂലം കോവിഡ് മഹാമാരിക്കാലത്ത് ജീവനക്കാര്‍ അനുഭവിക്കുന്ന അമിത സമ്മര്‍ദം ഓസ്ട്രേലിയന്‍ പാരാമെഡിക്സ് അസോസിയേഷന്‍ പ്രസിഡന്റ് ക്രിസ് കാസ്റ്റലന്‍ ചൂണ്ടിക്കാട്ടി.
'രണ്ടു വര്‍ഷമായി ഞങ്ങള്‍ അസാധ്യമായത് ചെയ്യുന്നു. സമൂഹത്തിനു വേണ്ടി സഹനശക്തിയോടെയും ധൈര്യത്തോടെയും ചെയ്യാവുന്നതിലധികം ജോലികള്‍ ചെയ്യുന്നു. പക്ഷേ അനുഭാവപൂര്‍ണമായ സമീപനം സര്‍ക്കാരില്‍നിന്നും തിരിച്ചു പ്രതീക്ഷിക്കുന്നതായി ക്രിസ് കാസ്റ്റലന്‍ പറഞ്ഞു.
ശമ്പള വര്‍ധന ആവശ്യപ്പെട്ടും ആശുപത്രികളില്‍ നഴ്‌സുമാരുടെ ക്ഷാമം ചൂണ്ടിക്കാട്ടിയും ചൊവ്വാഴ്ചയാണ് ആയിരക്കണക്കിന് നഴ്‌സുമാര്‍ 24 മണിക്കൂര്‍ പണിമുടക്കിയത്. സമരം സംസ്ഥാനത്തുടനീളം ആശുപത്രി സേവനങ്ങളെ ബാധിച്ചിരുന്നു. രോഗികളുടെ സുരക്ഷ ഉറപ്പാക്കാന്‍ അത്യാവശ്യത്തിനു ജീവനക്കാര്‍ മാത്രം ഡ്യൂട്ടിക്കു ഹാജരായി.
കോവിഡ് വ്യാപനവും ജീവനക്കാരുടെ ക്ഷാമവും മൂലം ന്യൂ സൗത്ത് വെയില്‍സിലെ ആരോഗ്യ രംഗത്ത് കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ കടുത്ത പ്രതിസന്ധി നേരിടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26