അനുദിന വിശുദ്ധര്‍ - ഫെബ്രുവരി 18
അപ്പസ്തോലിക കാലഘട്ടത്തിന്റെ ആദ്യ നാളുകളില്‍ തന്നെ രക്തസാക്ഷിത്വം വരിച്ച വിശുദ്ധനാണ് ശിമയോന്‍. വിശുദ്ധ യൗസേപ്പിന്റെ സഹോദരനായ ക്ലെയോഫാസിന്റെയും മറിയത്തിന്റെയും മകനായിരുന്ന ശിമയോന്‍ അപ്പസ്‌തോലനായ യാക്കോബിന്റെ പിന്‍ഗാമിയായി ജെറുസലേമിലെ രണ്ടാമത്തെ മെത്രാനായിരുന്നു. 62 ലെ ഈസ്റ്റര്‍ ദിവസം യാക്കോബിനെ യഹൂദര്‍ വധിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ അനുജനായ ശിമയോന്‍ ആ സ്ഥാനം ഏറ്റെടുത്തത്.
ക്രിസ്തുവിന്റെ ദൈവത്വത്തെയും മറ്റ് അടിസ്ഥാന വിശ്വാസങ്ങളെയും ചോദ്യം ചെയ്യുന്ന പല വാദമുഖങ്ങളും ഉയര്‍ന്നു വന്ന കാലമായിരുന്നു അത്. ഇതിനിടെ 66 ല്‍ ജറൂസലേം ആക്രമിക്കപ്പെടുമെന്നു മനസിലാക്കിയ ശിമയോന്‍ തന്റെ വിശ്വാസികളെയും കൂട്ടി 65 മൈല്‍ അകലെ ജോര്‍ദ്ദാന്റെ മറുകരയിലുള്ള പെല്ലാ എന്ന സ്ഥലത്തു പോയി താമസിച്ചു. നാലു വര്‍ഷത്തിനുശേഷം തിത്തൂസിന്റെ സൈന്യം ജൂദയായില്‍ കടന്ന് ജറൂസലേം കീഴടക്കി നശിപ്പിച്ചു. അന്ന് ആറുലക്ഷത്തോളം യഹൂദര്‍ വധിക്കപ്പെട്ടു.
എന്നാല്‍ ക്രിസ്തു തന്റെ ഒടുവിലത്തെ അത്താഴം ഒരുക്കുകയും പന്തക്കുസ്തായില്‍ പരിശുദ്ധാത്മാവ് എഴുന്നള്ളി വരുകയും ചെയ്ത സ്ഥലം അത്ഭുതകരമായി രക്ഷപെട്ടു. അവിടെ പിന്നീട് ഒരു ദേവാലയം പണിതുയര്‍ത്തി. തകര്‍ക്കപ്പെട്ട നഗരത്തിലേക്ക് ശിമയോനും വിശ്വാസികളും തിരിച്ചെത്തിയെന്നും ആഡ്രിയന്‍ ചക്രവര്‍ത്തി ആ നഗരം നശിപ്പിക്കുന്നതുവരെ അവിടെ കഴിഞ്ഞെന്നും കരുതപ്പെടുന്നു.
വെസ്പേഷ്യന്‍, ഡൊമീഷ്യന്‍ ചക്രവര്‍ത്തിമാര്‍ ദാവീദിന്റെ വംശത്തില്‍പ്പെട്ട മുഴുവനാളുകളെയും കൊന്നൊടുക്കാന്‍ ആജ്ഞാപിച്ചെങ്കിലും വിശുദ്ധ ശിമയോന്‍ അത്ഭുതകരമായി രക്ഷപെട്ടു, പക്ഷേ, ട്രാജന്‍ ചക്രവര്‍ത്തി മതപീഡനം ഏറ്റെടുത്തപ്പോള്‍ ചില യഹൂദ അവിശ്വാസികള്‍ ശിമയോന്‍ ക്രിസ്തുവിന്റെ ബന്ധുവാണെന്നും ക്രിസ്ത്യാനിയാണെന്നും പ്രചരിപ്പിച്ച് ഒറ്റിക്കൊടുത്തു.
അങ്ങനെ അദ്ദേഹം തടവിലാക്കപ്പെടുകയും അനേകം ദിവസത്തെ പീഡനത്തിനുശേഷം 106 ഫെബ്രുവരി 18 ന് കുരിശില്‍ തറയ്ക്കപ്പെട്ടു മരിക്കുകയും ചെയ്തു. അന്നു ശിമയോന് 120 വയസുണ്ടായിരുന്നുവെന്നാണ് ചരിത്ര രേഖ. വിശുദ്ധ ശിമയോന്റെ മരണത്തോടെ ക്രിസ്തുവിനെ നേരില്‍ കണ്ട ശിഷ്യരുടെ 'അപ്പസ്തോലിക് യുഗം' അവസാനിച്ചു.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. ക്ലോഡ് ദെലാ കൊളമ്പിയേര്‍
2. ജര്‍മ്മന്‍ കവിയായ ആഞ്ചില്‍ബെര്‍ട്ട്
3. ഏഷ്യാമൈനറിലെ ചാരലമ്പിയാസും കൂട്ടരും
4. മാക്‌സിമൂസും ക്ലവേഡിയൂസും പ്രെപെഡിക്‌നായും അലക്‌സാണ്ടറും കുത്തിയാസും
5. ആഫ്രിക്കന്‍ രക്തസാക്ഷികളായ ലുസിയൂസും സില്‍വാനൂസും റൂത്തുളൂസും ക്ലാസിക്കൂസും സെക്കൂസും ഫ്രുക്‌സ്തുളൂസും മാക്‌സിമൂസും.
'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.