മുല്ലപ്പെരിയാര്‍ കേസിലെ ഭരണഘടന ബെഞ്ച് വിധി പുനപരിശോധിക്കണമെന്ന് കേരളം

മുല്ലപ്പെരിയാര്‍ കേസിലെ ഭരണഘടന ബെഞ്ച് വിധി പുനപരിശോധിക്കണമെന്ന് കേരളം

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസിലെ ഭരണഘടന ബെഞ്ച് വിധി പുനപരിശോധിക്കണമെന്ന ആവശ്യവുമായി കേരളം. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടി വരെയായി ഉയര്‍ത്താന്‍ അനുവദിക്കുന്ന ഭരണഘടന ബെഞ്ചിന്റെ വിധി സുപ്രീം കോടതിയുടെ വിശാല ബെഞ്ച് പുനപരിശോധിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. സുപ്രീം കോടതിയില്‍ എഴുതി നല്‍കിയ വാദത്തിലാണ് കേരളം ഈ ആവശ്യം ഉന്നയിച്ചത്.

പുതിയ അണക്കെട്ട് നിര്‍മ്മിക്കുകയാണ് മുല്ലപ്പെരിയാര്‍ വിഷയത്തിന്റെ ശാശ്വത പരിഹാരമെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു. 126 വര്‍ഷം പഴക്കമുള്ള അണക്കെട്ടാണ് മുല്ലപ്പെരിയാറില്‍ ഉള്ളത്. പരിസ്ഥിതിയില്‍ കാര്യമായ വ്യതിയാനം ഉണ്ടാകുന്ന ഈ കാലഘട്ടത്തില്‍ എത്ര അറ്റകുറ്റപണി നടത്തിയാലും ബലപ്പെടുത്തിയാലും സുരക്ഷിതമാകില്ല. അതിനാല്‍ 2014ലെ വിധി സമഗ്രമായ പുനപരിശോധനയ്ക്ക് വിധേയമാക്കണമെന്നും കേരളം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

ജലം പങ്ക് വയ്ക്കുന്നതുമായ ബന്ധപ്പെട്ട തര്‍ക്കമല്ല മുല്ലപ്പെരിയാറില്‍ നിലനില്‍ക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുക മാത്രമാണ് കേരളത്തിന്റെ ലക്ഷ്യം. അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ കേരളത്തിലെ ദശലക്ഷകണക്കിന് ജനങ്ങളെ അത് ബാധിക്കുമെന്നും കേരളം സുപ്രീംകോടതിയില്‍ എഴുതി നല്‍കിയ വാദത്തില്‍ വ്യക്തമാക്കി.

കേരളത്തിന് സുരക്ഷയും, തമിഴ്നാടിന് വെള്ളവും ഉറപ്പാക്കുന്നതിനാണ് പരിഹാരശ്രമങ്ങള്‍ ഉണ്ടാകേണ്ടത് എന്നും സുപ്രീം കോടതിക്ക് കൈമാറിയ വാദത്തില്‍ കേരളം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.