കീവ്: റഷ്യ-ഉക്രെയ്ന്‍ അതിര്‍ത്തി മേഖലയില്‍ വീണ്ടും യുദ്ധഭീതി വര്‍ധിക്കുന്നു. സൈന്യത്തെ പിന്‍വലിക്കുകയാണെന്ന് റഷ്യ പ്രഖ്യാപിച്ചെങ്കിലും ഉക്രെയ്‌നോ പാശ്ചാത്യരാജ്യങ്ങളോ റഷ്യയെ വിശ്വാസത്തിലെടുത്തിട്ടില്ല. സൈന്യത്തെ പിന്‍വലിക്കുന്നതിന്റെ തെളിവായി റഷ്യ പുറത്തുവിട്ട ദൃശ്യങ്ങള്‍ യഥാര്‍ഥ സാഹചര്യത്തെ പ്രതിഫലിപ്പിക്കുന്നതല്ലെന്നും ഉക്രെയ്ന്‍ അതിര്‍ത്തിയിലെ സൈനിക വിന്യാസം റഷ്യ ശക്തമായി തുടരുകയാണെന്നുമാണ് യു.എസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
അതിനിടെ, ഉക്രെയ്ന്‍ നിയന്ത്രണത്തിലുള്ള സ്റ്റാനിറ്റ്‌സ്യ ലുഹാന്‍സ്‌കയിലെ നഴ്‌സറിക്ക് നേരെ ഷെല്ലാക്രമണമുണ്ടായി. ഡോണ്‍ബാസ് മേഖലയിലെ റഷ്യന്‍ പിന്തുണയുള്ള വിമതരാണ് ആക്രമണത്തിന് പിന്നിലെന്ന് ഉക്രെയ്ന്‍ ആരോപിച്ചു. മേഖലയിലെ വെടിനിര്‍ത്തല്‍ ധാരണയാണ് ലംഘിക്കപ്പെട്ടതെന്നും ഉക്രെയ്ന്‍ കുറ്റപ്പെടുത്തി. ആക്രമണത്തില്‍ തകര്‍ന്ന നഴ്‌സറി മുറിയുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇരുനില കെട്ടിടത്തില്‍ ജീവനക്കാരും കുട്ടികളും ഉണ്ടായിരുന്നപ്പോഴാണ് ഷെല്‍ പതിച്ചത്. മൂന്നു പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികള്‍ സുരക്ഷിതരാണ്.
വിമത മേഖലയിലെ സംഘര്‍ഷത്തിന്റെ പേരില്‍ പ്രകോപനമുണ്ടാക്കി യുദ്ധത്തിലേക്കു വഴിതുറക്കാനുള്ള റഷ്യയുടെ തന്ത്രമാണിതെന്ന് ഉക്രെയ്ന്‍ ആരോപിച്ചു.
അതേസമയം, ഉക്രെയ്‌ന്റെ ഭാഗത്തുനിന്നാണ് തങ്ങളുടെ നേരെ ഷെല്ലാക്രമണമുണ്ടായതെന്ന് ഡോണ്‍ബാസ് മേഖലയിലെ റഷ്യന്‍ പിന്തുണയുള്ള വിമതര്‍ ആരോപിച്ചു. ഇതിനു പിന്നാലെ, നാറ്റോ സഖ്യത്തിന്റെ നിലപാടുകള്‍ പരിധിവിട്ടുവെന്ന് ആരോപിച്ച് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് രംഗത്തെത്തി. നാറ്റോ അധികസേനയെ മേഖലയില്‍ വിന്യസിക്കുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതിനിടെ, നാറ്റോ സഖ്യത്തില്‍ ചേരുകയല്ലാതെ തങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ലെന്ന് ചൂണ്ടിക്കാട്ടി ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്‌കി രംഗത്തെത്തി. നാറ്റോയില്‍ ചേരുകയെന്നത് രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്തലാണ്. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി.
യുദ്ധം ആസന്നമാണെന്നാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ആവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസം മ്യൂണിക് സുരക്ഷാ സമ്മേളനത്തിനു തിരിക്കാനിരുന്ന സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനോട് യാത്ര മാറ്റിവയ്ക്കാനും യു.എന്‍ രക്ഷാസമിതി യോഗത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കാനും ബൈഡന്‍ ആവശ്യപ്പെട്ടു.
റഷ്യയുടെ സേനാ പിന്മാറ്റം തുടരുന്നതിനു തെളിവായി കിഴക്കന്‍ ഉക്രെയ്‌നിലെ ക്രൈമിയയില്‍ നിന്ന് ടാങ്കുകളും മറ്റും കയറ്റിയ ട്രെയിന്‍ നീങ്ങുന്നതിന്റെ വിഡിയോ റഷ്യന്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.