തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമസഭയില്‍ പൂര്‍ത്തിയാക്കി. പ്രസംഗം പൂര്‍ണമായും വായിക്കാതെ അവസാന ഭാഗം വായിച്ച് അവസാനിപ്പിക്കാന്‍ സ്പീക്കറുടെ അനുമതി തേടുകയായിരുന്നു.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ തമിഴ്‌നാടുമായി ചര്‍ച്ച തുടരുമെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന നിലപാടാണ് കേരളം സ്വീകരിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു.
കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. കോവിഡിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞത് ആശ്വാസമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. സൗജന്യമായി വാക്‌സിന്‍ നല്‍കാനായെന്നും ഗവര്‍ണര്‍ പറഞ്ഞു. കോവിഡ് പോരാളികള്‍ക്ക് അദ്ദേഹം അഭിനന്ദനവും നേര്‍ന്നു.
കൂടാതെ 18 വയസിന് മുകളിലുള്ള നൂറ് ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കാനായെന്നും. നീതി ആയോഗ് കണക്കുകളില്‍ മികച്ച പ്രകടനമാണ് കേരളത്തിന്റേത്. ആരോഗ്യ മേഖലയില്‍ കേരളം മുന്നിലാണെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കി.
കൂടാതെ സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടി മാതൃകാ പരമാണെന്നും നിരവധി പദ്ധതികള്‍ സമയ പരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കിയെന്നും ഗവര്‍ണര്‍ അറിയിച്ചു. 2011 ലെ ഭവന നിര്‍മാണ നിയമം പരിഷ്‌കരിക്കുമെന്നും ഹൗസിംങ് പോളിസിയില്‍ മാറ്റം വരുത്തുമെന്നും ഗവര്‍ണര്‍ പറഞ്ഞു. സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭിക്കാന്‍ നടപടികള്‍ ആവിഷ്‌കരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കെ-റെയില്‍ പദ്ധതിയേയും നയപ്രഖ്യാപനത്തില്‍ പ്രശംസിച്ചു. കെ-റെയില്‍ പരിസ്ഥിതി സൗഹാര്‍ദ്ദ പദ്ധതിയാണ്. പദ്ധതിയില്‍ തൊഴില്‍ ലഭ്യത ഉറപ്പാക്കും. കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തിനുള്ള വകയിരുത്തല്‍ കുറഞ്ഞതില്‍ കേന്ദ്ര സര്‍ക്കാരിന് തുറന്ന വിമര്‍ശനവും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ നടത്തി. സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി കേന്ദ്രം നിയമനിര്‍മാണങ്ങള്‍ നടത്തുന്നത് സംസ്ഥാനത്തെ ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ കേന്ദ്രം കൈകടത്തിയെന്നും ഗവര്‍ണര്‍ പ്രസംഗത്തില്‍ കുറ്റപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.