ട്വന്റി20 പ്രവര്‍ത്തകനെ സിപിഎം തല്ലിക്കൊന്നത് തന്നെ; സി.പി.എമ്മിന് ആരും ചോദ്യം ചെയ്യാന്‍ പാടില്ലെന്ന ധിക്കാരം: വി.ഡി സതീശന്‍

ട്വന്റി20 പ്രവര്‍ത്തകനെ സിപിഎം തല്ലിക്കൊന്നത് തന്നെ; സി.പി.എമ്മിന് ആരും ചോദ്യം ചെയ്യാന്‍ പാടില്ലെന്ന ധിക്കാരം: വി.ഡി സതീശന്‍

തിരുവനന്തപുരം: കിഴക്കമ്പലം പഞ്ചായത്തിലെ ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപു കൊല്ലപ്പെട്ടത് സി.പി.എമ്മിന്റെ ക്രൂരമായ മര്‍ദനത്തെ തുടര്‍ന്നാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ജനാധിപത്യപരമായ രീതിയില്‍ പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. വിളക്കണയ്ക്കല്‍ സമരത്തിന് ആഹ്വാനം നല്‍കിയതിന്റെ പേരിലാണ് പട്ടികജാതി കോളനിയില്‍ കടന്നു കയറി സി.പി.എം പ്രദേശിക നേതാക്കളുടെ സാന്നിധ്യത്തില്‍ ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിനെ മര്‍ദിച്ചതെന്നും സതീശന്‍ കുറ്റപ്പെടുത്തി.

മര്‍ദനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അന്നു തന്നെ വെന്റിലേറ്ററിലേയ്ക്ക് മാറ്റേണ്ട സ്ഥിതി ആയിരുന്നു. എം.എല്‍.എയ്‌ക്കെതിരെ വിളക്കണയ്ക്കല്‍ സമരം നടത്തിയതിന് ക്രൂരമായ ആക്രമണമാണ് സി.പി.എം നടത്തിയതെന്നും സതീശന്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെ വ്യാപക ആക്രമം അഴിച്ചുവിടുകയാണ്. കേരള സര്‍വകലാശാലയിലെ തെരഞ്ഞെടുപ്പിന് പിന്നാലെ യൂണിവേഴ്‌സിറ്റി കേളജില്‍ ആക്രമണം നടത്തിയിരുന്നുവെന്നും ആദ്ദേഹം വ്യക്തമാക്കി.

ആര്‍ട് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് കെ.എസ്.യു പ്രതിനിധി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതാണ് ആക്രമണത്തിന് കാരണം. ചവറ, ശാസ്താംകോട്ട കോളജുകളും എസ്.എഫ്.ഐ ആക്രമണത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റിന്റെ വീടിനു നേരെ കല്ലെറിഞ്ഞു. ആരും ചോദ്യം ചെയ്യാന്‍ പാടില്ലെന്ന ധിക്കാരമാണ് സി.പി.എമ്മിനെന്നും അദ്ദേഹം പറഞ്ഞു.

പിണറായി സര്‍ക്കാരിന് തുടര്‍ ഭരണം ലഭിച്ചതോടെ സി.പി.എം പോഷക സംഘടനാ നേതാക്കള്‍ക്കുണ്ടായ ധാര്‍ഷ്ട്യത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ദീപു എന്ന ചെറുപ്പക്കാരന്‍. അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കേണ്ട. ദീപുവിനെ സി.പി.എം പ്രവര്‍ത്തകര്‍ തല്ലിക്കൊന്നതാണ്. വെന്റിലേറ്ററില്‍ കിടക്കുന്നയാള്‍ പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയില്ലെന്ന സ്ഥലം എം.എല്‍.എയുടെയും സി.പി.എമ്മിന്റെയും വാദം ബാലിശമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.