ആമസോണ്‍ വിട്ട് യു.എസ് ടെക് കമ്പനി ബോള്‍ട്ടിനെ നയിച്ച് മജു.സി.കുരുവിള; സി.ഇ.ഒമാരുടെ 'എലൈറ്റ് ക്ലബി'ലെ മലയാളി

 ആമസോണ്‍ വിട്ട് യു.എസ് ടെക് കമ്പനി ബോള്‍ട്ടിനെ നയിച്ച് മജു.സി.കുരുവിള; സി.ഇ.ഒമാരുടെ 'എലൈറ്റ് ക്ലബി'ലെ മലയാളി

സാന്‍ ഫ്രാന്‍സിസ്‌കോ: ആമസോണിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ബോള്‍ട്ടിന്റെ തലവനായെത്തിയ മജു.സി.കുരുവിള ഇതിനൊപ്പം നടന്നുകയറിയത് യു.എസ്.എയിലെ ഇന്ത്യന്‍ വംശജരായ ടെക് സി.ഇ.ഒമാരുടെ 'എലൈറ്റ് ഗ്രൂപ്പി'ലേക്ക്. ഫോര്‍എവര്‍ 21 അടക്കമുള്ള ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്സൈറ്റുകള്‍ക്ക് പേയ്മെന്റ് സോഫ്റ്റ്വെയര്‍ നല്‍കിവരുന്ന സ്ഥാപനമാണ് ബോള്‍ട്ട്. കട്ടപ്പന നിന്ന് കര്‍ണാടക വഴി സിയാറ്റിലില്‍ വരെ പ്രകടമാക്കിയ പ്രാവീണ്യവുമായി കഠിനാധ്വാനത്തിന്റെ പിന്‍ബലവുമായാണ് മജു എന്ന മലയാളി പ്രതിഭ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ ബോള്‍ട്ടിന്റെ സിഇഒ ആയത്.

ഇന്ത്യന്‍ സമൂഹം അമേരിക്കയ്ക്ക് കഴിഞ്ഞ വര്‍ഷം മൂന്ന് സിഇഒമാരെ നല്‍കി: പരാഗ് അഗര്‍വാള്‍, ആനന്ദ് ഈശ്വരന്‍, കേദാര്‍ ദേശ്പാണ്ഡെ. 2022-ല്‍ ഈ നിരയിലേക്കുള്ള ആദ്യത്തെയാളാണ് 44-കാരനായ മജു; ആമസോണിന്റെ മുന്‍ വൈസ് പ്രസിഡന്റ്. നിലവില്‍ 8.5 ബില്യണ്‍ ഡോളറാണ് ബോള്‍ട്ടിന്റെ മൂല്യം. സമീപഭാവിയില്‍ 14 ബില്യണ്‍ മൂല്യനിര്‍ണ്ണയമാണ് പ്രൊമോട്ടര്‍മാര്‍ ലക്ഷ്യമിടുന്നത്. 6 വര്‍ഷം മുമ്പ് സ്ഥാപിതമായ, ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ക്കായി പേയ്മെന്റ് സോഫ്റ്റ്വെയര്‍ സൊല്യൂഷനുകള്‍ നിര്‍മ്മിക്കുന്ന ബോള്‍ട്ട്, 2021 ജനുവരിയില്‍ കുരുവിളയെ ചീഫ് പ്രൊഡക്റ്റ് ആന്‍ഡ് ടെക്നോളജി ഓഫീസറായി നിയമിച്ചു. 2021 ഓഗസ്റ്റില്‍ അദ്ദേഹത്തിന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുടെ (സിഒഒ) റോള്‍ ലഭിച്ചു. തുടര്‍ന്ന് വെറും 5 മാസത്തിനുള്ളില്‍ സിഇഒ ആയി സ്ഥാനക്കയറ്റവും.

ആയിരക്കണക്കിന് എന്‍ജിനീയര്‍മാര്‍ ചേര്‍ന്ന സംഘത്തെ നയിച്ച പരിചയവുമായാണ് മജു ബോള്‍ട്ടിലെത്തിയത്. ബോള്‍ട്ട് സ്ഥാപകന്‍ കൂടിയായ റയാന്‍ ബ്രെസ്ലോ ട്വീറ്റ് ചെയ്തത് ഇങ്ങനെ്: 'ബോള്‍ട്ട് ഒരിക്കലും കാര്യങ്ങള്‍ മറ്റുള്ളവരെപ്പോലെ ചെയ്യാറില്ല. ഭയരഹിതമായ തീരുമാനങ്ങളെടുക്കുകയും ദുഷ്‌കീര്‍ത്തി ഒഴിവാക്കുകയും ചെയ്യുന്നവരാണ് ഞങ്ങള്‍. മറ്റൊരു ഭയരഹിതമായ തീരുമാനം പ്രഖ്യാപിക്കുകയാണിന്ന്. മജു കുരുവിള ബോള്‍ട്ടിന്റെ പുതിയ സിഇഒ ആയിരിക്കുന്നു. ഏതാണ്ട് കമ്പനിയുടെ ഭൂരിഭാഗം കാര്യങ്ങളും അദ്ദേഹം നോക്കുന്ന സ്ഥിതിക്ക്, ഞാന്‍ സ്വയം ഒരു ചോദ്യമുന്നയിച്ചു: എന്തുകൊണ്ട് നൂറ് ശതമാനം ആയിക്കൂടാ?'. മുന്‍ സ്ഥാനത്തിരുന്ന് ബോള്‍ട്ടിന്റെ സഞ്ചാരപഥം തന്നെ മാറ്റിയ ആളെ കൂടുതല്‍ ഉത്തരവാദിത്തം ഏല്‍പ്പിക്കുന്നതോടെ അതൊരു വീരേതിഹാസ യാത്ര തന്നെയായിരിക്കുമെന്നും ബ്രെസ്ലോ കൂട്ടിച്ചേര്‍ത്തു.

'അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് കരുത്ത് പകരുകയും രാജ്യത്ത് സാംസ്‌കാരിക ചലനാത്മകത വളര്‍ത്തിയെടുക്കാന്‍ സഹായിക്കുകയും ചെയ്തു' ഇന്ത്യാക്കാരെന്ന് 2020 ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ജോ ബൈഡന്‍ സമ്മതിച്ചിരുന്നു.ഇന്ത്യന്‍ വംശജരായ സ്ഥാപകര്‍, സഹസ്ഥാപകര്‍, സിഇഒമാര്‍, സിടിഒമാര്‍ എന്നിവരുടെ മേല്‍ക്കൈയിലാണ് യു എസിലെ ഏകദേശം 20,000 സ്റ്റാര്‍ട്ടപ്പുകളില്‍ 25 ശതമാനത്തിന്റെയും വളര്‍ച്ച. ഈ സ്റ്റാര്‍ട്ടപ്പ് വിപ്ലവത്തിന് പിന്നിലെ സാങ്കേതിക ശക്തിയുടെ നിര്‍ണ്ണായക ബിന്ദുവാണ് മജു.സി.കുരുവിള. ബോള്‍ട്ടിന്റെ സ്ഥാപകനും സിഇഒയുമായ റയാന്‍ ബ്രെസ്ലോയ്ക്കു പകരമായി മജു.സി.കുരുവിള ബോര്‍ഡില്‍ എക്സിക്യൂട്ടീവ് ചെയര്‍മാനായും പുതിയ റോള്‍ ഏറ്റെടുത്തു.'ജോലി ചെയ്യാന്‍ ഏറ്റവും മികച്ചയിടം' എന്ന അംഗീകാരം പലവട്ടം കരസ്ഥമാക്കിയിട്ടുള്ള കമ്പനിയാണു ബോള്‍ട്ട്.

നിലവില്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ താമസിക്കുന്ന മജു ബോള്‍ട്ടിന്റെ നേതൃത്വ ടീമില്‍ ചേരാനുള്ള തന്റെ തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് ലിങ്ക്ഡ്ഇനില്‍ എഴുതി:'സങ്കീര്‍ണ്ണ പ്രശ്നങ്ങളുടെ നിര്‍ദ്ധാരണത്തിലൂടെ എനിക്ക് ചുറ്റുമുള്ള ലോകത്തെ ലളിതമാക്കാനും മെച്ചപ്പെടുത്താനും സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കാമെന്നതില്‍ ഞാന്‍ എപ്പോഴും ആകര്‍ഷിക്കപ്പെടുന്നു. ആശുപത്രികളും ഇന്‍ഷുറന്‍സ് കമ്പനികളും തമ്മിലുള്ള സാമ്പത്തിക പരിവര്‍ത്തനങ്ങളുടെ ഓട്ടോമേഷന്‍, ആമസോണിലെ പ്രൈം പൂര്‍ത്തീകരണം, ആഗോള മഹാമാരിയുടെ സമയത്ത് ആമസോണിന്റെ ആഗോള ലോജിസ്റ്റിക്സ് പുനര്‍വിചിന്തനം എന്നിങ്ങനെ വിവിധ ഡൊമെയ്നുകളിലുടനീളമുള്ള മഹാ വെല്ലുവിളികളെ നേരിടുന്നതിനായി പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചത് എന്റെ കരിയറിലെ ഭാഗ്യമാണ്. കൂടാതെ, ഇപ്പോള്‍ ഞങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങുന്നതും വില്‍ക്കുന്നതും എങ്ങനെ ലളിതമാക്കുക (വിപ്ലവമുണ്ടാക്കുക) എന്ന വെല്ലുവിളിയിലേക്ക് ശ്രദ്ധ തിരിക്കുന്നു.'

മലഞ്ചരക്കു വ്യാപാരത്തില്‍ മയങ്ങാതെ

കര്‍ണാടകയിലെ മംഗളൂരു യൂണിവേഴ്സിറ്റിയില്‍ നിന്നാണ് മജു കംപ്യൂട്ടര്‍ എന്‍ജിനിയറിംഗില്‍ ബിരുദം നേടിയത്. മിഷിഗണ്‍ സര്‍വ്വകലാശാലയില്‍ നിന്ന് എംബിഎയും. 1999-ല്‍ ഹണിവെല്ലില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായി. 2001 ഫെബ്രുവരിയില്‍ മൈക്രോസോഫ്റ്റില്‍ ചേര്‍ന്നു. മൈക്രോസോഫ്റ്റിലെ രണ്ട് വര്‍ഷത്തെ സേവനത്തിന് ശേഷം അദ്ദേഹം സിയാറ്റിലിലെ മില്ലിമാനില്‍ വൈസ് പ്രസിഡന്റ് ആയി. അവിടെ ആശുപത്രികളും ഇന്‍ഷുറന്‍സ് കമ്പനികളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ ലളിതമാക്കി. 2013 മാര്‍ച്ചില്‍ സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ് ഡയറക്ടറായി ആമസോണില്‍ ചേര്‍ന്ന ദിവസം അദ്ദേഹത്തിന്റെ കരിയറിലെ ഒരു നിര്‍ണായക നിമിഷമായിരുന്നു. 7 വര്‍ഷവും 10 മാസവും ആണ് ആമസോണില്‍ ഉണ്ടായിരുന്നത്.ആമസോണിന്റെ ആഗോള ലോജിസ്റ്റിക്സും ആമസോണ്‍ പ്രൈം ഫുള്‍ഫില്‍മെന്റ് ടെക്നോളജി ടീമും വിജയകരമായി കൈകാര്യം ചെയ്തു. ആമസോണില്‍, 'കമ്പനിയുടെ അതിവേഗം വളരുന്ന എഞ്ചിനീയറിംഗ് താരങ്ങളില്‍ ഒരാള്‍' എന്നാണ് അദ്ദേഹത്തെ നേതൃത്വം പരാമര്‍ശിച്ചിരുന്നത്.

കട്ടപ്പനയിലെ ചെറുവള്ളില്‍ കുടുംബാംഗമായ മജു സി കുരുവിള അമേരിക്കയിലെ ആഗോള ടെക്‌നോളജി കമ്പനികളിലെ സുപ്രധാന റോളുകളിലേക്ക് എത്തിയ കഥ സംരംഭകരെയും പ്രൊഫഷണലുകളെയും ആവേശം കൊള്ളിക്കുന്നതാണ്. കട്ടപ്പനയിലെ ഓസാനാം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് മജു പത്താം ക്ലാസ് വരെ പഠിച്ചത്. ചങ്ങനാശ്ശേരി എസ്.ബി കോളജില്‍ നിന്ന് പ്രീഡിഗ്രി പാസായശേഷം മംഗളൂരുവില്‍ കംപ്യൂട്ടര്‍ എന്‍ജിനിയറിംഗ് പഠനത്തിന് ചേരാനുള്ള കാരണം കംപ്യൂട്ടറിനോടുള്ള ഇഷ്ടമായിരുന്നു.

'അന്നൊക്കെ എന്‍ജിനിയറിംഗ് പഠനം കഴിഞ്ഞാലും ജ്യേഷ്ഠനെപ്പോലെ തിരികെ വന്ന് കുടുംബ ബിസിനസായ മലഞ്ചരക്ക് വ്യാപാരത്തില്‍ ഏര്‍പ്പെടുക എന്ന പതിവ് രീതിക്കപ്പുറം ചിന്തിച്ചതേയില്ല. എന്നാല്‍ സീനിയേഴ്‌സില്‍ പലരും നല്ല ജോലി കിട്ടി അമേരിക്കയ്ക്കും മറ്റും പോകുന്നതു കണ്ടപ്പോഴാണ് അങ്ങനെയും ഒരു സാധ്യതയുണ്ടല്ലോ എന്ന് ചിന്തിച്ചത്.എന്‍ജിനിയറിംഗ് കഴിഞ്ഞ ഉടനെ ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ പ്രോജക്ട് അസിസ്റ്റന്റായി ജോലി കിട്ടിയത് വലിയൊരു വഴിത്തിരിവായി. അന്ന് അവിടെ സൂപ്പര്‍ കംപ്യൂട്ടര്‍ സെന്ററില്‍ ഏറ്റവും പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ അവസരം കിട്ടി. അതിനിടെ, പ്രശസ്ത ബഹുരാഷ്ട്ര കമ്പനിയായ ഹണിവെല്ലില്‍ ജോലികിട്ടി. അവരാണ് എന്നെ പ്രോജക്ടിനായി അമേരിക്കയിലേക്ക് അയക്കുന്നത്. ഒന്നര വര്‍ഷത്തിനുശേഷം മൈക്രോസോഫ്റ്റില്‍ ജോലി കിട്ടി, 2001 ന്റെ തുടക്കത്തില്‍ അമേരിക്കയിലെ സിയാറ്റിലില്‍ എത്തി. അന്നു മുതല്‍ ഇവിടെയാണ്.'- മജുവിന്റെ വാക്കുകള്‍.

'മൈക്രോസോഫ്റ്റിലെ ജോലി വളരെ സന്തോഷകരമായി മുമ്പോട്ടുപോകുന്നതിനിടെ ഒരു പരിചയക്കാരന്‍ എന്നോട് ചോദിച്ചു, ആരോഗ്യസേവന മേഖലയിലെ ഒരു സ്റ്റാര്‍ട്ടപ്പിലേക്ക് വരുന്നോ എന്ന്. മൈക്രോസോഫ്റ്റിലെ മികച്ച ജോലി വിട്ടുപോകാന്‍ സാധാരണ ആരും തയ്യാറാകില്ല. പക്ഷേ, ഞാന്‍ വലിയ ഒരു റിസ്‌ക് എടുത്ത് മൈക്രോസോഫ്റ്റിലെ രണ്ടുവര്‍ഷത്തെ ജോലി മതിയാക്കി സ്റ്റാര്‍ട്ടപ്പില്‍ ചേര്‍ന്നു. ആ കമ്പനിയിലെ ആദ്യ എന്‍ജിനീയര്‍ ആയിരുന്നു ഞാന്‍. ചീഫ് ടെക്‌നോളജി ഓഫിസര്‍ എന്ന നിലയില്‍ കമ്പനിയുടെ പ്രോഡക്ട്‌സ് വികസിപ്പിച്ചെടുത്തു. ക്രമേണ 300 പേരുള്ള ഒരു ടീമിനെ വളര്‍ത്തിയെടുത്ത് രാജ്യാന്തരതലത്തിലേക്ക് ബിസിനസ് വ്യാപിപ്പിച്ചു. ഇതിനിടെ വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎ ബിരുദവും നേടി.

അതിവേഗം ആമസോണിലൂടെ

'ഒബാമ കെയര്‍' ഒക്കെ വന്ന് ഹെര്‍ത്ത് കെയര്‍ മേഖല മുന്നേറുന്ന കാലമായിരുന്നു അത്. 10 വര്‍ഷത്തിനുശേഷം വളരെ മികച്ച മൂല്യം നേടിയ കമ്പനി വിറ്റപ്പോള്‍ ഇനി എന്ത് എന്ന ചിന്ത വന്നു. സ്വന്തമായി ഒരു സ്റ്റാര്‍ട്ടപ്പ് തുടങ്ങാനായിരുന്നു പ്ലാന്‍. ആയിടെ സിയാറ്റിലില്‍ ഒരു കമ്പനി പ്രശസ്തമായി വരികയായിരുന്നു- ആമസോണ്‍ !

അതില്‍ എന്റെ കുറേ സുഹൃത്തുക്കളും ഉണ്ടായിരുന്നു. അവിടെ നടക്കുന്നതെന്താണെന്ന് മനസ്സിലാക്കിയ ശേഷം പതുക്കെ സ്വന്തമായി കമ്പനി തുടങ്ങാമെന്ന് വിചാരിച്ചു. ആമസോണ്‍ ഭയങ്കര വേഗതയില്‍ വളരുന്ന കാലത്താണ് ഞാന്‍ അവിടെ ജോലിക്ക് ചേരുന്നത്. ചെന്നുകയറിയതും ആ വേഗത്തില്‍പ്പെട്ട് എട്ടു വര്‍ഷം കണ്ണടച്ചു തുറക്കുംപോലെ കടന്നുപോയി എന്നു പറയാം.

ഒന്നില്‍ തുടങ്ങി 300 പേരുള്ള ടീമിനെ വളര്‍ത്തിയെടുത്ത അനുഭവസമ്പത്ത് എനിക്കുണ്ടെങ്കിലും വലിയ കമ്പനികളിലെ മാനേജ്‌മെന്റിന് അതിന്റേതായ രീതികള്‍ ഉണ്ട്. ആദ്യം 500 പേരെ മാനേജ് ചെയ്തുകൊണ്ടായിരുന്നു തുടക്കം. ബിസിനസിലെ എന്റെ താല്‍പര്യം കണക്കിലെടുത്ത് വളരെ പെട്ടെന്ന് തന്നെ വലിയ വലിയ ചുമതലകള്‍ എന്നെ ഏര്‍പ്പിക്കാന്‍ തുടങ്ങി. അങ്ങനെ 3500 പേരുള്ള ടീമിനെ മാനേജ് ചെയ്യുന്ന വൈസ് പ്രസിഡന്റ് പദവിയിലെത്തി.തുടര്‍ന്ന് ആമസോണിന്റെ ആഗോള ലോജിസ്റ്റിക്‌സ് ബിസിനസ് മുഴുവന്‍ ഏറ്റെടുത്ത് നടത്താന്‍ എന്നോട് ആവശ്യപ്പെടുകയായിരുന്നു. മഹാമാരി വന്നതോടെ ഹൈസ്പീഡ് ഓട്ടത്തിന് ചെറിയൊരു ബ്രേക്ക് ആയി. ഞാന്‍ വീണ്ടും പഴയതുപോലെ ചിന്തിക്കാന്‍ തുടങ്ങി.'


'പൊതുവേ ഒരേപോലെ ഏറെ നാള്‍ തുടരുന്നത് എനിക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ല. മഹാമാരി വന്നപ്പോള്‍ പുതിയ ചിന്തകളൊക്കെ മനസില്‍ മുളപൊട്ടുന്ന സമയത്താണ് ബോള്‍ട്ടിന്റെ സ്ഥാപകന്‍ റയാന്‍ ബ്രെസ്ലോ ബന്ധപ്പെടുന്നത്. തമ്മില്‍ കണ്ട ഉടന്‍ തന്നെ ഞങ്ങള്‍ക്കിടയില്‍ ഒരു ബന്ധമുള്ളതായി അനുഭവപ്പെട്ടു.ആറു മാസത്തോളം പരസ്പരം സംസാരിച്ച് മനസ്സിലാക്കിയ ശേഷമാണ് ആമസോണ്‍ വിട്ട് ബോള്‍ട്ടില്‍ ചേരാന്‍ തീരുമാനിക്കുന്നത്. ലോകത്തിന് എന്തെങ്കിലുമൊക്കെ നല്ല കാര്യങ്ങള്‍ ചെയ്യണം എന്നാഗ്രഹിക്കുന്ന വ്യക്തിയാണ് ചെറുപ്പക്കാരനായ റയാന്‍.

ഓണ്‍ലൈന്‍ കൊമേഴ്‌സ് വളരെ സുരക്ഷിതവും സുഗമവുമാക്കാനുള്ള നടപടികളിലൂടെ ലോകത്തെവിടെയുമുള്ള ആളുകള്‍ക്ക് ഓണ്‍ലൈനിലൂടെയുള്ള വാങ്ങല്‍ തികച്ചും സൗകര്യപ്രദമായി മാറ്റിയ ആമസോണ്‍ ആ ബിസിനസ് കേന്ദ്രീകരിച്ചു. അങ്ങനെ ഓണ്‍ലൈന്‍ വ്യാപാരം സൗകര്യപ്രദമായി തോന്നിയ ആളുകള്‍ക്ക് ഇനി മറ്റു സ്ഥലങ്ങളില്‍ നിന്നും വാങ്ങിയാല്‍ കൊള്ളാമെന്നായി. അപ്പോഴാണ് ഇത് വികേന്ദ്രീകരിക്കാനുള്ള ടെക്‌നോളജിയുമായി റയാന്‍ കടന്നുവന്നത്.

ആശയം ഉണ്ടെങ്കിലും വലിയ തോതില്‍ ചെയ്യാന്‍ മറ്റുള്ളവരുടെയും സഹായം വേണം. അതാണ് റയാന്‍ എന്നെ സമീപിക്കാന്‍ കാരണം. ബോള്‍ട്ടില്‍ ടെക്‌നോളജി, പ്രോഡക്ട് മേഖലകള്‍ നയിക്കുകയായിരുന്നു എന്റെ ദൗത്യം. സ്റ്റാര്‍ട്ടപ്പ് രംഗത്തെയും ആമസോണിലെയും അനുഭവസമ്പത്തും ഇ-കൊമേഴ്‌സ് മേഖലയിലെ പ്രത്യേക താല്‍പര്യവും മൂലം വളരെ പെട്ടെന്ന് തന്നെ ഈ രംഗത്ത് നേട്ടമുണ്ടാക്കാനായി.

കമ്പനി വളരെ വേഗം വളരാന്‍ തുടങ്ങിയപ്പോള്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുടെ കൂടി ജോലി ഏറ്റെടുക്കുകയായിരുന്നു. ഒരു വര്‍ഷം ആയപ്പോഴേക്കും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പദവിയും എന്നെ ഏല്‍പ്പിച്ചു. ബോള്‍ട്ടിന്റെ സാമ്പത്തികവര്‍ഷം ആരംഭിക്കുന്ന ഫെബ്രുവരി ഒന്നിനാണ് ഈ പദവിയില്‍ എത്തിയത്.

കമ്പനിയുടെ സ്ഥാപകരെപ്പോലെ ചിന്തിക്കുന്ന ആളുകളെ കണ്ടെത്തി ജോലിക്കുവെക്കാന്‍ ശ്രമിക്കുന്നതാണ് പ്രധാനപ്പെട്ട കാര്യം. ആരോടും കൃത്യമായി എന്ത് ചെയ്യണം എന്ന് പറയാതിരിക്കാന്‍ ശ്രമിക്കും. പകരം കമ്പനിയുടെ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ് എന്ന് പറഞ്ഞു മനസ്സിലാക്കും. അത് എങ്ങനെ നേടിയെടുക്കാം എന്ന് അവര്‍ കൂടിയാലോചിച്ച് തീരുമാനിക്കണം. കൃത്യമായി ഇന്നത് ചെയ്യൂ എന്ന് പറഞ്ഞാല്‍ വെറും ജീവനക്കാരന്റെ മനോഭാവത്തിലേക്ക് വരും. ഇന്റര്‍വ്യൂ ചെയ്യുമ്പോഴും, വെറും ഒരു ജോലി എന്നതില്‍ കവിഞ്ഞ് ഒരു ദൗത്യം ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നവരെയാണ് തെരഞ്ഞെടുക്കുന്നത്. ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ആളുകളെ കണ്ടെത്തി വളരെ നല്ല വേതനം നല്‍കി ജോലി ഏല്‍പ്പിക്കുന്നതാണ് ഞങ്ങളുടെ ശൈലി. പിന്നെ, തികഞ്ഞ സ്വാതന്ത്ര്യം നല്‍കും.

ശൈലി പശുവിന്റേതാകരുത്

വലിയ കാര്യങ്ങള്‍ പോയി ചെയ്‌തോളൂ, 20 ശതമാനം പരാജയപ്പെട്ടാലും സാരമില്ല എന്ന് കമ്പനി പറയുമ്പോള്‍ ആളുകളുടെ പേടി മാറും. ഇക്കാര്യങ്ങളെല്ലാം വീണ്ടും കൂടുതല്‍ മികച്ചയാളുകളെ കമ്പനിയിലേക്ക് ആകര്‍ഷിക്കും. 'Work like lions, not like cows' എന്നാണ് ഞങ്ങള്‍ പറയുന്നത്. സിംഹത്തിന്റേത് അതീവശ്രദ്ധയോടെ, പൂര്‍ണ ശക്തിയോടെയുള്ള ആക്രമണമാണ്. അല്ലാത്തപ്പോള്‍ വെറുതെ കിടക്കും. പശു എല്ലായ്‌പ്പോഴും മേഞ്ഞു നടക്കുകയല്ലേ. വരിക, പൂര്‍ണശ്രദ്ധയോടെ ജോലി ചെയ്യുക, പരമാവധി പ്രഭാവം സൃഷ്ടിക്കുക- അതാണ് ഞങ്ങള്‍ക്ക് വേണ്ടത്. ജോലിയും വിനോദവും കൂട്ടിക്കലര്‍ത്തരുത്. എപ്പോഴും ജോലിയാണ്, എന്നാല്‍ റിസള്‍ട്ടൊന്നും കാണാനില്ല എന്ന അവസ്ഥ വരാന്‍ പാടില്ല.ഇത് ശീലിച്ചാല്‍ വളരെ വേഗം ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. അല്ലെങ്കില്‍ ഒരിക്കലും ജോലി തീരാത്ത അവസ്ഥയാകും. നാളുകളായി ഈ രീതി പിന്തുടരുന്നതിനാല്‍ എനിക്കിപ്പോള്‍ പെട്ടെന്ന് വായിച്ച് കാര്യങ്ങള്‍ ഗ്രഹിക്കാനും വളരെ പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കാനും കഴിയുന്നുണ്ട്. ഇത് പരിശീലനത്തിലൂടെ നേടിയെടുത്ത കാര്യമാണ്, സ്വതവേ ഉണ്ടായ കഴിവല്ല.

ഏറ്റവും അടിസ്ഥാനപരമായ കാര്യം, പുതിയ ലോകത്ത് മുന്നേറാന്‍ കമ്പനികള്‍ പുതിയ രീതികള്‍ അവലംബിക്കണം എന്നതാണ്. പല കമ്പനികളും ഇന്ന് ജീവനക്കാരെ പങ്കാളികളായാണ് കാണുന്നത്. ലോകത്തിന് നല്ല കാര്യങ്ങള്‍ ചെയ്യുന്ന കമ്പനികളില്‍ ജോലി ചെയ്യാനാണ് പുതിയ തലമുറയ്ക്ക് താല്‍പ്പര്യം. സാമൂഹ്യപ്രതിബദ്ധതയില്ലാത്ത, വലിയ ലാഭമുണ്ടാക്കുന്ന കമ്പനികളോട് അവര്‍ക്ക് താല്‍പ്പര്യമില്ല.ഇ- കൊമേഴ്‌സ് വികേന്ദ്രീകരിക്കാനും കൂടുതല്‍ ജനാധിപത്യപരമാക്കാനുമാണ് ബോള്‍ട്ട് നിലകൊള്ളുന്നത്. ആ ലക്ഷ്യം തന്നെ ജീവനക്കാരെ പ്രചോദിപ്പിക്കുന്നതാണ്.

ജോലി ദിനങ്ങള്‍ നാലു ദിവസമായി ചുരുക്കാന്‍ ആഗ്രഹിക്കുന്ന, മികച്ച തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന കമ്പനികളെ സഹായിക്കാനായി conscious.org എന്ന ഒരു വെബ്‌സൈറ്റ് ഞങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ തന്നെ ധാരാളം പേര്‍ അത് പിന്തുടരുന്നുണ്ട്.

സി.ഇ.ഒ ആണെങ്കിലും മുന്‍നിര ജീവനക്കാരനാണെങ്കിലും എപ്പോഴും ജോലി ചെയ്തുകൊണ്ടിരിക്കാനാകില്ല. അനുദിന കാര്യങ്ങളില്‍ മാത്രം അകപ്പെട്ടുപോകും. പൊതുവെ, അഞ്ചു ദിവസം ജോലിക്കും രണ്ടു ദിവസം കുടുംബത്തിനും വേണ്ടി മാറ്റിവെക്കേണ്ടിവരുമ്പോള്‍ കൂടുതലായി ഒരു വെള്ളിയാഴ്ച കിട്ടിയാല്‍ ചിന്ത, നെറ്റ്വര്‍ക്കിംഗ്, വിനോദം എന്നിവയ്‌ക്കൊക്കെ സമയം കിട്ടും.'

'ഭാഗ്യം എന്നും കൂടെയുണ്ടായിരുന്നു'

തന്റെ വിജയത്തിന് സഹായിച്ച ഏറ്റവും വലിയ ഘടകങ്ങളെപ്പറ്റി മജു.സി.കുരുവിള:'ഭാഗ്യം എന്നും കൂടെയുണ്ടായിരുന്നു എന്നു പറയാം. പപ്പയും മമ്മിയുമൊക്കെ പറയാറുള്ളതു പോലെ, അവരുടെ പ്രാര്‍ത്ഥനയുടെ അനുഗ്രഹം എപ്പോഴുമുണ്ടായിരുന്നു. ഞാന്‍ ജനിച്ചുവളര്‍ന്ന അന്തരീക്ഷമാണ് മറ്റൊന്ന്. വീട്ടില്‍ എപ്പോഴും ബിസിനസ് സംസാരിക്കുന്നതു കേട്ടാണ് ഞാന്‍ വളര്‍ന്നത്. പറയുന്ന കാര്യങ്ങളെല്ലാം അന്ന് എനിക്ക് മനസ്സിലായില്ലെങ്കിലും, തീര്‍ച്ചയായും അത് ബിസിനസില്‍ താല്‍പ്പര്യം ജനിപ്പിക്കാന്‍ കാരണമായി. ടെക്‌നോളജിക്കൊപ്പം ബിസിനസ് വശങ്ങളോടുമുള്ള എന്റെ താല്‍പ്പര്യം കാരണം ആളുകള്‍ എന്നെ പല കാര്യങ്ങളിലും പങ്കെടുപ്പിക്കുമായിരുന്നു. അതും പുതിയ കാര്യങ്ങള്‍ മനസ്സിലാക്കി കൂടുതല്‍ ഉയര്‍ന്ന പദവികളിലെത്തിക്കാന്‍ സഹായകമായി.

എപ്പോഴും ഒരു ജീവനക്കാരന്‍ എന്നതിനപ്പുറം കമ്പനിയുടെ സ്ഥാപകനെപ്പോലെയുള്ള ചിന്താഗതി മൂലം കൂടുതല്‍ വളരാന്‍ സാധിച്ചു. ചെറുപ്പത്തില്‍ കുടുംബ ബിസിനസിലെ പ്രതിസന്ധികള്‍ കണ്ടിട്ടുള്ളതിനാല്‍ എവിടെ ചെല്ലുമ്പോഴും പിറകിലാകരുത് എന്ന വാശിയോടെ കാര്യങ്ങള്‍ പഠിക്കാനും ശ്രമിച്ചു. തുടര്‍ച്ചയായി പഠിച്ചുകൊണ്ടിരുന്നു എന്നതാണ് നേട്ടങ്ങള്‍ക്കു പിന്നിലെ പ്രധാന ഘടകം.'

'സാങ്കേതിക രംഗത്ത് മലയാളികള്‍ ശോഭിക്കുന്നുണ്ടെങ്കിലും കമ്പനികള്‍ ഉയര്‍ന്നുവരാന്‍ കേരളത്തിലെ സാഹചര്യം അനുകൂലമല്ല എന്നു തന്നെ പറയേണ്ടിവരും. അത്യാവശ്യം വേണ്ടത് ഏറ്റവും മികച്ച ഒരു യൂണിവേഴ്‌സിറ്റിയാണ്. അതുണ്ടെങ്കില്‍ തന്നെ, അതിനോടനുബന്ധിച്ച് നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ ഉയര്‍ന്നുവരും. സ്റ്റാന്‍ഫഡ് യൂണിവേഴ്‌സിറ്റിയാണ് സിലിക്കണ്‍ വാലിയുടെ ഉദയത്തിന് കാരണം. മികച്ച ആശയങ്ങളില്‍ നിക്ഷേപിക്കാന്‍ തയ്യാറുള്ളവരുടെ നിരയാണ് അത്യാവശ്യം വേണ്ട മറ്റൊരു ഘടകം. യുവതലമുറയ്ക്ക് നല്ല റോള്‍മോഡലുകള്‍ ഉണ്ടാകേണ്ടത് വളരെ പ്രധാനമാണ്. കേരളത്തില്‍ അത്തരമൊരു സാഹചര്യമുണ്ടോ? നമ്മുടെ മാധ്യമങ്ങളില്‍ നിരന്തരം ചര്‍ച്ചയാകുന്നത്, വിവാദങ്ങളും ക്രിമിനല്‍ കേസുമൊക്കെയല്ലേ? ഇവിടെയാകട്ടെ, ഇലോണ്‍ മസ്‌ക് ആണ് വാര്‍ത്തകളില്‍. ഒരു തരത്തിലും റിസ്‌ക് എടുക്കാന്‍ അനുവദിക്കാത്ത കുടുംബ, സാമൂഹ്യ സാഹചര്യങ്ങളാണ് കേരളത്തില്‍. അങ്ങനെ വളര്‍ന്നുവരുന്ന യുവതലമുറയില്‍ നിന്ന് വളരെ വലിയ കാര്യങ്ങള്‍ പ്രതീക്ഷിക്കാമോ?'

സ്വന്തം ആരോഗ്യ ശീലങ്ങളെപ്പറ്റി മജു:'എനിക്ക് നിന്നുകൊണ്ട് ജോലി ചെയ്യാന്‍ ഇഷ്ടമാണ്. അപ്പോള്‍ നല്ല എനര്‍ജി ആണ്. മഹാമാരിക്ക് മുമ്പ് ഫുട്‌ബോള്‍ കളി പതിവായിരുന്നു. ഇപ്പോള്‍ എന്നും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും നടക്കും. അതിനിടെ പല കാര്യങ്ങളെക്കുറിച്ചും ചിന്തിക്കാനും തീരുമാനമെടുക്കാനും പറ്റും. പല പ്രധാനപ്പെട്ട ഫോണ്‍ വിളികളും അപ്പോഴാണ്. ഒരു കാര്യം മനസ്സിലാക്കണം, സ്വയം ആരോഗ്യവാനായിരുന്നില്ലെങ്കില്‍ ബിസിനസ് നന്നായി നടത്താനാവില്ല.'


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.