ഹൈടെക് നഗരത്തിനരികെ മൂന്നു പതിറ്റാണ്ട് വനവാസം; സിംഗപ്പൂരിനെ ഞെട്ടിച്ച ജീവിതവുമായി 79 കാരന്‍ സെങ്

ഹൈടെക് നഗരത്തിനരികെ മൂന്നു പതിറ്റാണ്ട് വനവാസം; സിംഗപ്പൂരിനെ ഞെട്ടിച്ച ജീവിതവുമായി 79 കാരന്‍ സെങ്

സിംഗപ്പൂര്‍: ഹൈടെക് നഗരമായ സിംഗപ്പൂരില്‍ പച്ചക്കറികളും പൂക്കളും വിറ്റ് ജീവിതായോധനം നടത്തിവന്ന എഴുപത്തിയൊന്‍പതുകാരന്‍ ഓ ഗോ സെങ് 30 വര്‍ഷമായി ഏകാന്ത വാസം നടത്തിയിരുന്നത് കാട്ടിലെ ടാര്‍പ്പോളിന്‍ കുടിലില്‍. മഹാനഗരത്തിന്റെ ഭാഗമായിരുന്നിട്ടും വനവാസിയായിരുന്ന ഓ ഗോ സെങ്ങിന്റെ കഥ ഈയിടെയാണ് പുറത്തു വന്നതും സോഷ്യല്‍ മീഡിയയില്‍ വൈറലായതും. അതോടെ രാജ്യം ഞെട്ടി. ദ്വീപിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള വനത്തില്‍ ആരുമറിയാതെയാണ് ഇത്ര കാലം സെങ് കഴിഞ്ഞതെന്ന വിവരം കേട്ട് ജനരോഷവും തീവ്രം.

അംബരചുംബികളും ആഡംബര അപ്പാര്‍ട്ടുമെന്റുകളും തലയയുയര്‍ത്തി നില്‍ക്കുന്ന സിംഗപ്പൂരില്‍ 30 വര്‍ഷം താമസിച്ചത് കാട്ടിലാണെങ്കിലും എഴുപത്തിയൊന്‍പതാം വയസിലും ആരോഗ്യത്തില്‍ മുമ്പന്‍ തന്നെ ഓ ഗോ സെങ്. വീടെന്ന് സെങ്് വിളിക്കുന്ന കാട്ടിലെ കുടിലില്‍ ഊര്‍ജ്ജസ്വലനായാണ് അദ്ദേഹം കഴിഞ്ഞത്. ലൈസന്‍സ് ഇല്ലാതെ നഗരത്തില്‍ കച്ചവടം നടത്തുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് സെങിന്റെ കഥ പുറംലോകമറിഞ്ഞത്.

കൊറോണക്കാലത്ത് മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കാതായതോടെ പൂക്കളുടെയും പച്ചക്കറികളുടെയും വില്‍പന നിലച്ച് കടുത്ത പ്രതിസന്ധി നേരിട്ടിരുന്നു സെങിന്. പിന്നീട് സൈക്കിളില്‍ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുനടന്ന് വിറ്റുതുടങ്ങിയപ്പോള്‍ ലൈസന്‍സ് ഇല്ലാത്തതു പ്രശ്‌നമായി.ക്രിസ്മസ് കാലത്ത് തെരുവില്‍ അനധികൃതമായി പച്ചക്കറി വിറ്റതിന് സെങിനെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. ഉല്‍പന്നങ്ങള്‍ കണ്ടുകെട്ടി. അതുവഴി കടന്നുപോയ ഒരു ചാരിറ്റി പ്രവര്‍ത്തക ഈ രംഗം കണ്ടതോടെയാണ് വനവാസിക്കഥ പുറംലോകമറിയുന്നത്.


ഒന്നും വില്‍ക്കാനാവാതെ വെറുംകൈയ്യോടെ വീടണയേണ്ടി വരുന്ന സെങ്ങിനെ ഓര്‍ത്ത് ചാരിറ്റി പ്രവര്‍ത്തക വിവിയന്‍ പാന്‍ വേദനിച്ചു. ഈ സംഭവം വീഡിയോ സഹിതം അവര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് വൈറലായി. ഇത് ബുക്കിറ്റ് പഞ്ചാങ് എംപി ലിയാങ് എങ് ഹ്വായുടെ ശ്രദ്ധയില്‍ പെട്ടു.അദ്ദേഹമാണ് മുഴുവന്‍ വിവരങ്ങളും പുറത്ത് കൊണ്ടുവന്നത്.

സന്‍ഗെയ് ടെന്‍ഗായിലായിരുന്നു സെങ്ങ് താമസിച്ചിരുന്നത്. എന്നാല്‍ 1980ല്‍ പുതിയ കെട്ടിടങ്ങള്‍ ഉയരുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ കുടുംബം ഉള്‍പ്പെടെ ഒട്ടേറെപേര്‍ ഭവനരഹിതരായി. പലര്‍ക്കും വീട് ലഭിച്ചെങ്കിലും സെങ്ങിന് ലഭിച്ചില്ല. അഭിമാനിയായ അദ്ദേഹം മറ്റുള്ളവര്‍ക്ക് ഭാരമാവാനും താല്‍പര്യപ്പെട്ടില്ല.അന്നു മുതല്‍ സെങ് കാട്ടിലേക്ക് താമസം മാറ്റി. തടികളും മുളയും ടാര്‍പോളിനുമുപയോഗിച്ച് കാട്ടില്‍ കുടില്‍ കെട്ടി താമസമാരംഭിച്ചു. സ്വയം പാകം ചെയ്തു കഴിച്ചു.

ടെന്റിന്റെ പിന്‍ഭാഗത്തായിരുന്നു കിടപ്പുമുറി. കുടിലിനടുത്ത് തോട്ടമൊരുക്കി പാചകാവശ്യത്തിനുള്ളതൊക്കെ അദ്ദേഹം വിളയിച്ചെടുത്തു. തുണിയും മറ്റും ഉപയോഗിച്ച് പച്ചക്കറി തോട്ടത്തിനു ചുറ്റും വേലികെട്ടി സംരക്ഷിച്ചു. എലിശല്യമാണ് കാട്ടിലെ ജീവിതത്തെ അലോസരപ്പെടുത്തുന്നത്. തന്റെ തുണികളിലൊക്കെ അത് ഓട്ടയുണ്ടാക്കുന്നുവെന്നാണ് പരിഭവം.അതേസമയം, കൊതുകുകളുമായി തനിക്ക് ചങ്ങാത്തമുണ്ടായിരുന്നു.അവ ഉപദ്രവിച്ചിരുന്നില്ല.



സിംഗപ്പൂരില്‍ ഭവനരഹിതര്‍ കുറവാണ്. പൊതുതാമസസ്ഥലങ്ങള്‍ ധാരാളമുണ്ട്. എംപിയുടെ സഹായത്തോടെ ഇപ്പോള്‍ അദ്ദേഹത്തിന് ഒരു വീടുലഭിച്ചു. ആദ്യമായി ടെലിവിഷന്‍ കണ്ടു. സുമനസ്സുകള്‍ ഫ്രിഡ്ജും മറ്റ് ഉപകരണങ്ങളും നല്‍കി. ഓ ഗോ സെങിന്റെ നിറഞ്ഞ ചിരിയില്‍ തന്റെ പുതുജീവിതം പ്രതിഫലിക്കുന്നുണ്ട്. എങ്കിലും പഴയ ഓര്‍മകളെ താലോലിക്കാന്‍ എല്ലാദിവസവും കാട്ടിലെ കുടിലിലെത്തും. കാട്ടിലെ തന്റെ തോട്ടത്തെ പരിചരിച്ച് മണിക്കൂറുകള്‍ കഴിയും.ജീവിതത്തിലെ സുവര്‍ണ്ണ കാലം ആ മുപ്പതാണ്ടു തന്നെ സെങ്ങിന്. ഏകാന്തത തന്നെ അലട്ടിയിരുന്നില്ലെന്നു പറയുന്നുണ്ട് സെങ്. വാസസ്ഥലത്തിനടുത്തുള്ള ഉയരമുള്ള മരത്തിന്റെ തണലാണ് ഉഷ്ണമേഖലാ ചൂടില്‍ നിന്ന് രക്ഷയേകിയത്.

ഇടയ്ക്കിടെ ഓ ഗോ സെങ് അയല്‍രാജ്യമായ ഇന്തോനേഷ്യയിലെ ദ്വീപായ ബറ്റാമിലേക്ക് കടത്തുവള്ളത്തില്‍ യാത്ര ചെയ്തിരുന്നു. അവിടെ ഭാര്യയുണ്ട്, മെഡിസിനു പഠിക്കുന്ന മകളും. മാസം ശരാശരി 500 സിംഗപ്പൂര്‍ ഡോളര്‍ എന്ന കണക്കില്‍ നല്‍കിപ്പോന്നിരുന്നു കുടുംബനാഥന്‍, കൊറോണക്കാലം വരുന്നതുവരെ. ഇപ്പോള്‍ ഭാര്യയെയും മകളെയും പുതു വീട്ടിലേക്ക് കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ്. എങ്ങനെയാണ് സെങ് ജീവിക്കുന്നത് എന്ന കാര്യം തങ്ങള്‍ക്ക് അറിയില്ലെന്നാണ് ഭാര്യയും മകളും പറയുന്നത്. കുടുംബത്തിന് നല്‍കാനുള്ള പണവുമായി വീട്ടിലെത്തുന്ന അച്ഛനോട് എങ്ങനെ കഴിയുന്നുവെന്ന് ചോദിക്കുമ്പോള്‍ താന്‍ ഒരു പൂന്തോട്ടത്തില്‍ കഴിയുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്ന് മകള്‍ പറയുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.