ബംഗളൂരു: നന്ദി ഹില്‍സില്‍ 300 അടി താഴ്ചയുള്ള പാറയിടുക്കില്‍ കുടുങ്ങിയ വിദ്യാര്‍ഥിയെ വ്യോമസേനയുടെ ഹെലികോപ്ടര്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തി. ബംഗളൂരു പി.ഇ.എസ് കോളജ് ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് വിദ്യാര്‍ഥിയും ഡല്‍ഹി സ്വദേശിയുമായ നിഷാങ്ക് ശര്‍മയാണ് (19) മലയില്‍ കുടുങ്ങിയത്.
ഞായറാഴ്ച രാവിലെയാണ് നിഷാങ്ക് ട്രക്കിങ്ങിനായി തന്റെ ബൈക്കില്‍ നന്ദി ഹില്‍സിലേക്കു പുറപ്പെട്ടത്. നന്ദി ഹില്‍സിലെത്തി മടങ്ങുന്നതിനു മുമ്പ് മലയില്‍ കയറാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍, കാല്‍ തെന്നി പാറയിടുക്കില്‍ വീണു. വീഴ്ചയില്‍ ചെറിയ പരിക്കേറ്റെങ്കിലും അല്‍പസമയത്തിനുശേഷം ഫോണില്‍ ലോക്കല്‍ പോലീസിനെ വിവരമറിയിച്ചു. പിന്നീട് വീട്ടുകാരെയും.
വിവരമറിഞ്ഞതോടെ ഡിവൈ.എസ്.പി വാസുദേവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തേക്ക് കുതിച്ചു. എന്നാല്‍, ഏറെ ദുര്‍ഘടമായ പ്രദേശത്തായിരുന്നു കുടുങ്ങിക്കിടന്നിരുന്നത്. വിദ്യാര്‍ഥിയുമായി പോലീസുകാര്‍ക്ക് സംസാരിക്കാനായെങ്കിലും കുടുങ്ങിയ സ്ഥലം കണ്ടെത്താനായില്ല. കുത്തനെയുള്ള പാറയായതിനാല്‍ പരമാവധി 30 അടി വരെ മാത്രമേ പോലീസുകാര്‍ക്ക് എത്താനായുള്ളൂ.
പരിക്കേറ്റതിനാല്‍ വിദ്യാര്‍ഥിയെ പുറത്തെത്തിക്കുന്നതും പ്രയാസകരമാവുമെന്ന് മനസിലാക്കിയതോടെ പോലീസ് ഡെപ്യൂട്ടി കമ്മിഷണറെ വിവരമറിയിച്ചു.
ഡെപ്യൂട്ടി കമ്മിഷണറുടെ അടിയന്തര സന്ദേശം ലഭിച്ചതോടെ എം.ഐ 17 ഹെലികോപ്ടറുമായി രക്ഷാദൗത്യത്തിന് വ്യോമസേന കുതിച്ചെത്തി. ഹെലികോപ്ടറില്‍നിന്ന് നല്‍കിയ കയറില്‍ നിഷാങ്കിനെ സൈന്യം ജീവിതത്തിലേക്ക് തിരികെ കയറ്റുമ്പോള്‍ രക്ഷാദൗത്യം അഞ്ചു മണിക്കൂര്‍ പിന്നിട്ടിരുന്നു. വൈകിട്ട് ആറോടെയാണ് രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയായത്. പരിക്കേറ്റതിനാലും വെള്ളവും ഭക്ഷണവും ലഭിക്കാത്തതിനാലും അവശനായിരുന്ന നിഷാങ്കിനെ ഉടന്‍ യെലഹങ്ക എയര്‍ബേസിലെത്തിച്ച് അവിടെ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതായി ഓപറേഷന് നേതൃത്വം നല്‍കിയ ചിക്കബല്ലാപുര എസ്.പി ജി.കെ. മിഥുന്‍ കുമാര്‍ പറഞ്ഞു. അടുത്തിടെ പാലക്കാട് ചെറാട് കൂര്‍മ്പാച്ചി മലയില്‍ കുടുങ്ങിയ ആര്‍. ബാബുവിനെ സൈന്യം രക്ഷിച്ചത് വലിയ വാര്‍ത്തയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.