ചെസ്സില്‍ ലോക ചാമ്പ്യന്‍ മാഗ്‌നസ് കാള്‍സനെ അട്ടിമറിച്ച് ഇന്ത്യയുടെ 16 കാരന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ പ്രഗ്‌നാനന്ദ

ചെസ്സില്‍ ലോക ചാമ്പ്യന്‍ മാഗ്‌നസ് കാള്‍സനെ അട്ടിമറിച്ച് ഇന്ത്യയുടെ 16 കാരന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ പ്രഗ്‌നാനന്ദ

ന്യൂഡല്‍ഹി: ചെസ്സിലെ മുടിചൂടാമന്നനും ലോക ചാമ്പ്യനുമായ മാഗ്‌നസ് കാള്‍സനെ അടിയറവ് പറയിച്ച് ഇന്ത്യയുടെ 16 കാരന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. പ്രഗ്‌നാനന്ദ. എയര്‍തിങ്സ് മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ റാപിഡ് ചെസ്സ് പോരാട്ടത്തിലാണ് ഇന്ത്യന്‍ താരത്തിന്റെ ഉജ്ജ്വല വിജയം.

ടൂര്‍ണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ്മാസ്റ്റര്‍ കൂടിയാണ് ചെന്നൈ സ്വദേശിയായ പ്രഗ്‌നാനന്ദ. എട്ടാം റൗണ്ടിലാണ് ലോക ചാമ്പ്യനെ മുട്ടുകുത്തിച്ചത്. തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ വിജയിച്ചെത്തിയ കാള്‍സന് ഇന്ത്യന്‍ താരത്തിന് മുന്നില്‍ അടിയറവ് പറയേണ്ടി വന്നു.

തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ പൊരുതി തോറ്റ ശേഷമാണ് കൗമാരക്കാരന്‍ കാള്‍സിന് മുന്നിലെത്തിയത്. എന്നാല്‍, നാലാം പോരാട്ടത്തില്‍ പ്രഗ്‌നാനന്ദ ലോക ചമ്പ്യനെ തന്നെ മുട്ടുകുത്തിച്ചു.ടൂര്‍ണമെന്റില്‍ പ്രഗ്‌നാനന്ദയുടെ ആദ്യ വിജയമാണിത്. 39 നീക്കങ്ങള്‍ക്കാണ് പ്രഗ്‌നാനന്ദ ലോക ചാമ്പ്യനെ വീഴ്ത്തിയത്.

എയര്‍തിങ്സ് മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ റാപിഡ് ചെസ്സിന്റെ പ്രാഥമിക റൗണ്ടില്‍ ഇനിയും ഏഴു മല്‍സരങ്ങള്‍ ബാക്കിയുണ്ട്. റഷ്യയുടെ ഇയാന്‍ നെപ്പോമ്‌നിയാസ്റ്റി ആണ് കൂടുതല്‍ പോയിന്റ് നേടി ഒന്നാം സ്ഥാനത്തുള്ളത്.പ്രഗ്‌നാനന്ദ പന്ത്രണ്ടാമതാണിപ്പോള്‍.

അഭിമന്യു മിശ്ര, സെര്‍ജി കര്‍ജാകിന്‍, ഗുകേഷ് ഡി, ജാവോഖിര്‍ സിന്ദറോവ് എന്നിവര്‍ക്ക് ശേഷം ഗ്രാന്‍ഡ്മാസ്റ്റര്‍ പട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പ്രഗ്‌നാനന്ദ. 2013ല്‍ ലോക യൂത്ത് ചെസ്സ് ചാമ്പ്യന്‍ഷിപ്പ് അണ്ടര്‍-8 കിരീടം നേടി, ഏഴാമത്തെ വയസ്സില്‍ ഫിഡെ മാസ്റ്റര്‍ പദവി സ്വന്തമാക്കി. 2015ല്‍ അണ്ടര്‍-10 കിരീടവും നേടി.2016ല്‍, 10 വയസ്സുള്ളപ്പോള്‍, ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്ട്ര ചെസ്സ് മാസ്റ്ററായി.

2022ലെ ടാറ്റ സ്റ്റീല്‍ ചെസ്സ് ടൂര്‍ണമെന്റിന്റെ മാസ്റ്റേഴ്സ് വിഭാഗത്തില്‍ പ്രഗ്‌നാനന്ദ കളിച്ചു. ആന്‍ഡ്രി എസിപെങ്കോ, വിദിത് ഗുജറാത്തി, നില്‍സ് ഗ്രാന്‍ഡെലിയസ് എന്നിവര്‍ക്കെതിരായ മത്സരങ്ങളില്‍ വിജയിച്ച് 5.5 പോയന്റുമായി 12-ാം സ്ഥാനം കരസ്ഥമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.