പ്രസിഡന്റ്‌സ് ഡേ ആഘോഷത്തില്‍ അമേരിക്ക; മുന്‍ രാഷ്ട്ര നായകര്‍ക്ക് സ്‌നേഹ സ്മരണാഞ്ജലി

പ്രസിഡന്റ്‌സ് ഡേ ആഘോഷത്തില്‍ അമേരിക്ക; മുന്‍ രാഷ്ട്ര നായകര്‍ക്ക് സ്‌നേഹ സ്മരണാഞ്ജലി

വാഷിംഗ്ടണ്‍: അമേരിക്കയ്ക്ക് ഇന്ന് പ്രസിഡന്റ്‌സ് ഡേ ആഘോഷം; 11 ഫെഡറല്‍ അവധി ദിവസങ്ങളില്‍ ഒന്ന്. പ്രഥമ പ്രസിഡന്റ് ജോര്‍ജ്ജ് വാഷിംഗ്ടണിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് എല്ലാ വര്‍ഷവും ഫെബ്രുവരിയിലെ മൂന്നാമത്തെ തിങ്കളാഴ്ച രാജ്യം 45 മുന്‍ പ്രസിഡന്റുമാരെ പ്രത്യേകമായി ആദരിക്കുന്നു.

രണ്ട് നൂറ്റാണ്ടുകള്‍ക്കപ്പുറത്തേക്ക് നീളുന്നതാണ് പ്രസിഡന്റ്‌സ് ഡേ ആഘോഷത്തിന്റെ ചരിത്രം. 1799-ല്‍ ജോര്‍ജ്ജ് വാഷിംഗ്ടണ്‍ മരിച്ച ശേഷമാണ് ഈ ദിനം സര്‍വ സൈന്യാധിപന്‍ കൂടിയായ പ്രസിഡന്റിനെ ആദരിക്കാന്‍ വേണ്ടി നിശ്ചയിച്ചത്. 19-ാം നൂറ്റാണ്ടില്‍ വാഷിംഗ്ടണ്‍ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമായി ആഘോഷിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ജന്മദിനമായ ഫെബ്രുവരി 22 സ്മരണാ ദിനവുമായി മാറി. 1789-ല്‍ വാഷിംഗ്ടണ്‍ പ്രസിഡന്റായ ശേഷം , അദ്ദേഹം ഫെബ്രുവരി 22-ന് തന്റെ ജന്മദിനം ആഘോഷിച്ചിരുന്നു.

1832-ല്‍, ജോര്‍ജ്ജ് വാഷിംഗ്ടണിന്റെ നൂറാം ജന്മദിന വാര്‍ഷികം വലിയ ആഘോഷമായിരുന്നു. 1848-ല്‍ വാഷിംഗ്ടണ്‍ സ്മാരകത്തിന്റെ നിര്‍മ്മാണം ആരംഭിച്ചതോടെ അദ്ദേഹത്തിന്റെ ഐതിഹാസിക ജീവിതം കൂടുതല്‍ ആദരിക്കപ്പെട്ടു.എങ്കിലും, 1870-കളുടെ അവസാനം വരെ വാഷിംഗ്ടണിന്റെ ജന്മദിനം ഫെഡറല്‍ അവധിയായിരുന്നില്ല. ആ ആശയം ആദ്യമായി നിര്‍ദ്ദേശിച്ചത് സെനറ്റര്‍ സ്റ്റീഫന്‍ വാലസ് ഡോര്‍സിയാണ്, 1879-ല്‍ അന്നത്തെ പ്രസിഡന്റ് റഥര്‍ഫോര്‍ഡ് ബി. ഹെയ്സ് അത് നിയമമാക്കി.

ആദ്യ കുറച്ച് വര്‍ഷങ്ങളില്‍ ഈ അവധി കൊളംബിയ ഡിസ്ട്രിക്റ്റില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു, എന്നാല്‍ 1885-ല്‍ അത് ദേശീയ അവധിയായി വിപുലീകരിച്ചു. ക്രിസ്മസ് ദിനം, പുതുവത്സര ദിനം, സ്വാതന്ത്ര്യദിനം, താങ്ക്സ്ഗിവിംഗ് എന്നിവയ്ക്കു പുറമെയുള്ള അഞ്ചാമത്തെ അവധി ദിനമായി അത്. ഒരു അമേരിക്കക്കാരന്റെ ജീവിതവും നേട്ടങ്ങളും ആഘോഷിക്കുന്ന ആദ്യ ഫെഡറല്‍ അവധി . ജോര്‍ജ്ജ് വാഷിംഗ്ടണിനു ശേഷം മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ കാര്യത്തിലും പിന്നീട് ഇതാവര്‍ത്തിച്ചു.


പ്രസിഡന്റ്‌സ് ഡേ വാഷിംഗ്ടണുമായി അവിഭാജ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെങ്കിലും എല്ലാ പ്രസിഡന്റുമാരുടെയും നേട്ടങ്ങള്‍ ഉള്‍പ്പെടുത്തുന്നതായി പിന്നീട് ആ ദിനം. വാഷിംഗ്ടണിന്റെ ജന്മദിനമായ ഫെബ്രുവരി 22 തന്നെയായിരുന്നു അവധി ദിനത്തിനായി ആദ്യം തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍ 1968 ലെ നിയമനിര്‍മ്മാണ മാറ്റത്തിലൂടെ ഫെബ്രുവരിയിലെ മൂന്നാമത്തെ തിങ്കളാഴ്ചയെന്ന ഭേദഗതി നടപ്പായി.

ഏകീകൃത തിങ്കളാഴ്ച അവധി ബില്‍ കോണ്‍ഗ്രസ് പാസാക്കിയത് പ്രത്യേക ലക്ഷ്യത്തോടെയായിരുന്നു. തിങ്കളാഴ്ചത്തെ അവധിക്ക് 'മിഡ് വീക്ക് ബ്രേക്കി'നേക്കാള്‍ മൂല്യമുണ്ടെന്നതാണു കാരണം. അമേരിക്കന്‍ തൊഴിലാളികള്‍ക്ക് കൂടുതല്‍ നീണ്ട വാരാന്ത്യങ്ങള്‍ സമ്മാനിക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിച്ചു. 3 ദിവസ വാരാന്ത്യം സൃഷ്ടിക്കുന്നതിലൂടെ, 'രാഷ്ട്രത്തിന്റെ ആത്മീയവും സാമ്പത്തികവുമായ ജീവിതത്തിന് ഗണ്യമായ നേട്ടങ്ങള്‍ കൊണ്ടുവരാന്‍' കഴിയുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടി.

ഏകീകൃത തിങ്കളാഴ്ച അവധി ബില്ലിനെക്കുറിച്ച് ചര്‍ച്ച ചെയ്തപ്പോഴാണ് വാഷിംഗ്ടണിന്റെയും പ്രസിഡന്റ് എബ്രഹാം ലിങ്കണിന്റെയും ബഹുമാനാര്‍ത്ഥം 'പ്രസിഡന്റ്‌സ് ഡേ' എന്ന പുനര്‍നാമകരണം വേണമെന്ന് നിര്‍ദ്ദേശം വന്നത്.ഫെബ്രുവരി 12 ആണ് ലിങ്കണിന്റെ ജന്മദിനം. ഈ നിര്‍ദ്ദേശം ആദ്യം നിരസിക്കപ്പെട്ടു. എന്നാല്‍ 1971-ല്‍ ബില്‍ പ്രാബല്യത്തില്‍ വന്നയുടനെ, പ്രസിഡന്റ്‌സ് ഡേ പൊതുവായി അംഗീകരിക്കപ്പെടുകയായിരുന്നു.ഫെഡറല്‍ അവധിയുടെ ചുവടുപിടിച്ച് 'പ്രസിഡന്റ്‌സ് ഡേ' സെയില്‍സ് ആഘോഷവും ഇതോടൊപ്പം പിന്നീട് പൊടിപൊടിച്ചുതുടങ്ങി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.