'എട്ടുമാസത്തിനുള്ളില്‍ രാജ്യത്ത് പുതിയ കോവിഡ് തരംഗം ഉണ്ടായേക്കാം'; മുന്നറിയിപ്പുമായി ദൗത്യ സംഘം

'എട്ടുമാസത്തിനുള്ളില്‍ രാജ്യത്ത് പുതിയ കോവിഡ് തരംഗം ഉണ്ടായേക്കാം'; മുന്നറിയിപ്പുമായി ദൗത്യ സംഘം

ന്യൂഡല്‍ഹി:  രാജ്യത്ത് ആറു മുതല്‍ എട്ടുമാസത്തിനുള്ളില്‍ പുതിയ കോവിഡ് തരംഗം സംഭവിച്ചേക്കാമെന്ന് കോവിഡ് ദൗത്യസംഘം അംഗം. പുതിയ കോവിഡ് വകഭേദം വന്നാല്‍ ഇതിനുള്ള സാധ്യത ഉണ്ടെന്ന് നാഷണല്‍ ഐഎംഎ കോവിഡ് ദൗത്യ സംഘം സഹ ചെയര്‍മാന്‍ ഡോ. രാജീവ് ജയദേവന്‍ മുന്നറിയിപ്പ് നല്‍കി.

നിലവില്‍ രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ 15,000ല്‍ താഴെയാണ്. മൂന്നാം തരംഗത്തിന് കാരണമായ ഒമിക്രോണിന്റെ വ്യാപനശേഷി കുറഞ്ഞതാണ് കോവിഡ് കേസുകള്‍ കുറയാന്‍ കാരണം. നിലവില്‍ ഒമിക്രോണ്‍ വകഭേദമായ ബിഎ.2 ആണ് വ്യാപകമായി കണ്ടുവരുന്നത്. മുന്‍പ് കണ്ടെത്തിയ ബിഎ.1 ഉപവകഭേദം മറ്റൊരു വ്യാപനത്തിന് കാരണമാകില്ലെന്നും രാജീവ് വ്യക്തമാക്കി. ബിഎ. 1 ഉപവകഭേദം ബാധിച്ചവരെ ബിഎ. 2 ഒരുതരത്തിലും ബാധിക്കില്ല. അതിനാല്‍ ഈ വകഭേദം മറ്റൊരു തരംഗത്തിന് കാരണമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വൈറസ് ചുറ്റിലുമുണ്ട്. രോഗപ്പകര്‍ച്ച ഉയര്‍ന്നും താഴ്ന്നും ദീര്‍ഘകാലം നിലനിന്നേക്കാം. അടുത്ത വകഭേദം വന്നാല്‍ വീണ്ടുമൊരു തരംഗത്തിന് സാധ്യതയുണ്ട്. എപ്പോള്‍ വരുമെന്ന് കൃത്യമായി പറയാന്‍ കഴിയില്ല. ചരിത്രം പരിശോധിച്ചാല്‍ ആറുമുതല്‍ എട്ടുമാസത്തിനുള്ളില്‍ ഇത് സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വാക്‌സിന്‍ സ്വീകരിച്ചത് വഴി ലഭിച്ച രോഗപ്രതിരോധശേഷിയെ ഒമിക്രോണ്‍ മറികടക്കുന്നതാണ് കണ്ടത്. ഭാവിയില്‍ പുതിയ വകഭേദം ഉണ്ടായാല്‍ ഈ പ്രവണത തുടരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതിനാല്‍ ജാഗ്രത തുടരേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.