കീവ്: 'സമാധാന ദൗത്യത്തിന്' എന്ന നാട്യത്തില്‍ കിഴക്കന്‍ ഉക്രെയ്‌നിലേക്ക് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ അയക്കുന്ന സൈനിക വ്യൂഹം അനുരഞ്ജനത്തിനു പകരം യുദ്ധത്തിന്റെ വിത്തുകള്‍ ആകും മേഖലയില്‍ വിതയ്ക്കുകയെന്ന കാര്യത്തില്‍ അന്താരാഷ്ട്ര നിരീക്ഷകര്‍ക്കിടയില്‍ ഏകാഭിപ്രായം. രൂക്ഷവും വിശാലമാകാന്‍ ഇടയുള്ളതുമായ യുദ്ധത്തിലേക്ക് ഉക്രെയ്‌നെ വലിച്ചിഴയ്ക്കുകയാണ് പുടിന്‍ എന്നു വ്യക്തം.
കിഴക്കന്‍ ഉക്രെയ്‌നിലെ റഷ്യന്‍ നിയന്ത്രണത്തിലുള്ള രണ്ട് 'വിമത' പ്രദേശങ്ങളുടെ സ്വാതന്ത്ര്യം റഷ്യന്‍ പ്രസിഡന്റ് അംഗീകരിച്ചത് അത്ര അപ്രതീക്ഷിതമല്ലെങ്കിലും നിര്‍ണ്ണായക നടപടിയാണ്. ഇവിടത്തെ റഷ്യന്‍ പക്ഷക്കാരുടെയും പുടിന്റെയും കണ്ണില്‍ ഡൊനെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കുകള്‍ ആണിവ. 2014 മുതല്‍ ഈ പ്രദേശങ്ങള്‍ റഷ്യയുടെ സായുധവും സാമ്പത്തികവും രാഷ്ട്രീയവുമായ നിയന്ത്രണത്തിലാണെന്നതാണു വസ്തുത. എന്നാല്‍ കഴിഞ്ഞ ദിവസം വരെ റഷ്യയും ഈ മേഖലകളെ ഉക്രെയ്നിന്റെ ഭാഗമായാണ് അംഗീകരിച്ചിരുന്നത്.
തന്റെ സൈന്യത്തെ ഉക്രെയ്‌നിലേക്ക് 'സമാധാനപാലന ദൗത്യത്തിനായി' അയക്കുന്നുവെന്നാണ് പുടിന്‍ പറയുന്നത്. അതായത് 2014-ല്‍ ക്രിമിയ പിടിച്ചടക്കിയതിന്റെ തുടര്‍ച്ചയായി റഷ്യ പരമാധികാര ഉക്രെയ്‌നിന്റെ കീഴിലുണ്ടായിരുന്ന പ്രദേശം ഔദ്യോഗികമായി കൈവശപ്പെടുത്താന്‍ നീങ്ങുന്നു.റഷ്യ ഈ പ്രദേശങ്ങള്‍ ഇതുവരെ പിടിച്ചെടുത്തിട്ടില്ല. തിങ്കളാഴ്ച താന്‍ ഒപ്പിട്ട രേഖ പ്രകാരം ഇവിടെ സൈനിക താവളങ്ങളും മിസൈലുകളും സ്ഥാപിക്കാന്‍ റഷ്യക്ക് അനുമതി കൈവന്നിരിക്കുന്നുവെന്ന വിചിത്രമായ നിലപാടാണ് പുടിന്റേത്.
എന്തുകൊണ്ട് ഉക്രെയ്ന്‍?
ആധുനിക ഉക്രെയ്‌നെ സോവിയറ്റ് യൂണിയന്റെ കൃത്രിമ നിര്‍മ്മിതി എന്ന് വിളിക്കുന്നു പുടിന്‍. രാഷ്ട്രപദവിക്കുള്ള ഉക്രെയ്‌നിന്റെ അവകാശത്തെ അദ്ദേഹം ചോദ്യം ചെയ്യുന്നു. റഷ്യക്കാരെയും ഉക്രേനിയക്കാരെയും അദ്ദേഹം 'ഒരു ജനത' ആയാണ് കാണുന്നതത്രേ. രണ്ടാമതായി, പടിഞ്ഞാറന്‍ ചായ് വുള്ള ഉക്രെയ്ന്‍ റഷ്യയ്ക്ക് അപകടകരമാണെന്ന് അദ്ദേഹം കരുതുന്നു. ഉക്രെയ്ന്‍ നാറ്റോ സൈനിക സഖ്യത്തില്‍ അംഗമാകാനുള്ള സാധ്യതയോടു ചേര്‍ന്ന് തെളിയുന്ന'റെഡ് ലൈന്‍' ക്രെംലിനു കാണാതിരിക്കാനാകില്ലെന്ന അഭിപ്രായക്കാരനാണ് പുടിന്‍.
റഷ്യന്‍ സൈന്യം ഉടന്‍ തന്നെ ഡൊനെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക് പ്രദേശങ്ങളിലേക്ക് ഔദ്യോഗിക പ്രവേശനം നടത്താനാണു സാധ്യത. 2014 മുതല്‍ റഷ്യന്‍ പടയാളികള്‍ സൈനിക വാഹനങ്ങള്‍ സഹിതമാണ് രഹസ്യമായി ഇവിടെ ഉക്രേനിയന്‍ സൈന്യത്തിനെതിരെ പോരാട്ടത്തില്‍ പങ്കെടുത്തുന്നത്. എന്നാല്‍ ഇനിയുണ്ടാകുന്ന പരസ്യ വിന്യാസം ഒരുപക്ഷേ വളരെ വലുതായിരിക്കുമെന്ന് നിരീക്ഷകര്‍ പറയുന്നു.'വിഘടനവാദികള്‍'ക്കെതിരെ ഉക്രെയ്ന്‍ പോരാട്ടം തുടരുകയാണെങ്കില്‍, മോസ്‌കോ ഉക്രെയ്‌നെ ഒരു വിശാലമായ യുദ്ധത്തിലേക്കാകും വീഴ്ത്തുക. ആക്രമണത്തില്‍ നിന്ന് ഡൊനെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കുകളെ പ്രതിരോധിക്കാന്‍ റഷ്യ ബാധ്യസ്ഥമാണെന്ന് കീവിനോട് പുടിന്‍ സൂചിപ്പിച്ചു കഴിഞ്ഞു.
ഈ മേഖലകളിലെ വിഘടനവാദ ഗവണ്‍മെന്റുകളുടെ പ്രാദേശിക അവകാശവാദങ്ങള്‍ അംഗീകരിച്ചുകൊണ്ട് റഷ്യ് ഉക്രെയ്‌നിലേക്കുള്ള കൂടുതല്‍ അധിനിവേശത്തെ ന്യായീകരിക്കാനും ഇനി ശ്രമിക്കും. മുന്‍നിരയുടെ മറുവശത്തുള്ള വലിയ നഗരമായ മരിയുപോളും റഷ്യയുടെ ലക്ഷ്യമാണെന്ന കാര്യം രഹസ്യമല്ല.നിലവിലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ തങ്ങളുടെ 'വിപുലീകരിച്ച അതിര്‍ത്തികള്‍' നിര്‍വചിച്ച ശേഷം ഉക്രേനിയന്‍ സൈന്യത്തിനെതിരെ ആക്രമണം ആരംഭിക്കാന്‍ പുടിന്‍ സൈനികരോട് ഉത്തരവിട്ടേക്കാമെന്ന നിരീക്ഷണം പല വിദഗ്ധരും പങ്കുവയ്ക്കുന്നു.
അത് വിശാലമായ ഒരു സംഘട്ടനത്തിന്റെ മുന്നോടിയാകുമെന്ന നിരീക്ഷണം ലോകരാജ്യങ്ങളെ വിഷമിപ്പിക്കുന്നു. റഷ്യ ഉക്രേനിയന്‍ അതിര്‍ത്തിയില്‍ 190,000 സൈനികരെ വിന്യസിച്ച് തലസ്ഥാനമായ കീവിനെ ഭീഷണിപ്പെടുത്തുകയും രാജ്യത്തിന്റെ ഭൂരിഭാഗവും തൂത്തുവാരുകയും ചെയ്യുന്ന ആക്രമണത്തിനു തയ്യാറാകവേ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യൂറോപ്പ് അഭിമുഖീകരിക്കുന്ന ഏറ്റവും ഭീതിജനകമായ സാഹചര്യമാണുണ്ടാകുകയെന്നതില്‍ ആര്‍ക്കുമില്ല രണ്ടഭിപ്രായം.
പാശ്ചാത്യ സഖ്യം എന്ത് ചെയ്യും?
പാശ്ചാത്യ രാജ്യങ്ങള്‍ ഭീഷണിയെ അപലപിച്ചുകൊണ്ട് മോസ്‌കോയ്‌ക്കെതിരെ ഉപരോധക്കുരുക്കു മുറുക്കിത്തുടങ്ങി. എന്നാല്‍ ഈ ശിക്ഷയുടെ ഫലമെന്താകുമെന്നതില്‍ അവ്യക്തത ബാക്കിയാകുന്നുണ്ട്. ഉക്രെയ്‌നിലേക്ക് വന്‍ സായുധ യുദ്ധസേനയെ അയക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ തയ്യാറാകുമെന്നു കരുതാനാകില്ല. എന്തായാലും കീവ്, ഖാര്‍കിവ് തുടങ്ങിയ വലിയ നഗരങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിയുന്ന തരത്തിലുള്ള ചടുലമായ സൈനിക നടപടിക്ക് റഷ്യ തയ്യാറാകുമെന്ന ചിന്ത അത്ര പ്രബലമല്ല.
ഉക്രെയ്‌നു നേരെ ആക്രമണമുണ്ടായാല്‍ റഷ്യയുടെ ബാങ്കിംഗ്, സാമ്പത്തിക മേഖലകളെ ലക്ഷ്യം വച്ചുണ്ടാവുന്ന നടപടിയെ 'എല്ലാ ഉപരോധങ്ങളുടെയും മാതാവ്' എന്ന് വിളിക്കുന്നു അമേരിക്ക.ആഴ്ചകളായി യൂറോപ്യന്‍ യൂണിയന്‍ വന്‍ ഉപരോധം സംബന്ധിച്ച് റഷ്യക്കെതിരെ ഭീഷണി ഉയര്‍ത്തുന്നുവെന്നതു ശരി. പക്ഷേ, ചൊവ്വാഴ്ച ബ്രസല്‍സില്‍ നയതന്ത്രജ്ഞര്‍ കൂടിക്കാഴ്ച നടത്തിയപ്പോഴും വിശദാംശങ്ങളില്‍ കൃത്യത വന്നതിന്റെ സൂചനകളുണ്ടായില്ല.
ഊര്‍ജ്ജ ഭീമനു വിന
രണ്ട് സ്വയം പ്രഖ്യാപിത റിപ്പബ്ലിക്കുകള്‍ക്കുള്ള റഷ്യയുടെ അംഗീകാരത്തിന് മറുപടിയായി നോര്‍ഡ് സ്ട്രീം 2 ഗ്യാസ് പൈപ്പ്‌ലൈനിനുള്ള സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയ ചൊവ്വാഴ്ച, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് നിര്‍ത്തിവച്ചതാണ് ഇതുമായി ബന്ധപ്പെട്ട സുപ്രധാന നടപടികളിലൊന്ന്.
2015-ല്‍ ആദ്യമായി പ്രഖ്യാപിച്ച ഈ 8.3 ബില്യണ്‍ പൗണ്ട് പദ്ധതി റഷ്യയുടെ സര്‍ക്കാര്‍ പിന്തുണയുള്ള ഊര്‍ജ്ജ ഭീമനായ ഗാസ്പ്രോമിന്റെ ഉടമസ്ഥതയിലുള്ളതാണ്.പടിഞ്ഞാറന്‍ സൈബീരിയയില്‍ നിന്ന് ജര്‍മ്മനിയുടെ വടക്ക്-കിഴക്ക് ഭാഗത്തുള്ള ലുബ്മിനിലേക്ക് വാതകം കൊണ്ടുപോകാന്‍ നിര്‍മ്മിച്ച നോര്‍ഡ് സ്ട്രീം 1 പൈപ്പ്‌ലൈനിന്റെ നിലവിലുള്ള ശേഷി ഇരട്ടിയാക്കുകയാണു ലക്ഷ്യം.താങ്ങാനാവുന്ന ചെലവില്‍ 26 ദശലക്ഷം ജര്‍മ്മന്‍ വീടുകള്‍ ചൂടാക്കാനുള്ള പ്രകൃതിവാതകം എത്തിക്കാന്‍ കഴിയുന്ന പൈപ്പാണിത്.
യൂറോപ്പില്‍ അഭിപ്രായ ഭിന്നത ജനിപ്പിച്ച ഊര്‍ജ്ജ പദ്ധതിയാണ് നോര്‍ഡ് സ്ട്രീം 2. ബാള്‍ട്ടിക് കടലിന്റെ അടിത്തട്ടിലൂടെയുള്ള 1230 കി മീ പൈപ്പ് ശൃഖല പരമ്പരാഗത വാതക ഗതാഗത രാജ്യമായ ഉക്രെയ്‌നെ മറികടന്നുള്ളതാണ്. റഷ്യയോടുള്ള യൂറോപ്പിന്റെ ഊര്‍ജ ആശ്രിതത്വം വര്‍ധിപ്പിക്കുന്ന പദ്ധതിയെന്നതാണ് പ്രധാന ആക്ഷേപം. ഉക്രെയ്‌ന് 'ട്രാന്‍സിറ്റ് ഫീസ് ' നിരസിക്കുന്നു, റഷ്യന്‍ അധിനിവേശത്തിന് വഴിയൊരുക്കുന്നു എന്നീ ആരോപണങ്ങള്‍ കൂടി മുന്‍നിര്‍ത്തിയാണ് യൂറോപ്യന്‍ യൂണിയനില്‍ നിന്നും യുഎസില്‍ നിന്നും ഉക്രെയ്‌നില്‍ നിന്നും പദ്ധതിക്ക് നേരെ പ്രതിരോധം ഉയര്‍ന്നിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.