എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് രഹസ്യ വിവരങ്ങള്‍ നല്‍കിയ പൊലീസുകാരനെ പിരിച്ചുവിട്ടു

എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക്  രഹസ്യ വിവരങ്ങള്‍ നല്‍കിയ പൊലീസുകാരനെ പിരിച്ചുവിട്ടു

തൊടുപുഴ: എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് ഔദ്യോഗിക വിവരങ്ങൾ ചോര്‍ത്തി നല്‍കിയ സംഭവത്തില്‍ പൊലീസുകാരനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടു. കരിമണ്ണൂര്‍ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ അനസ് പി കെയെയാണ് പിരിച്ചു വിട്ടത്.

ഇടുക്കി എസ്.പി കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. പൊലീസ് ശേഖരിച്ച ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ വിവരമാണ് ചോര്‍ത്തി നല്‍കിയത്. സംഭവത്തില്‍ ശിക്ഷ നടപടി സ്വികരിക്കുന്നതിനു മുന്നോടിയായി പോലീസുകാരന് ഇടുക്കി ജില്ലാ പൊലീസ് മേധാവി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

കരുതല്‍ നടപടികളുടെ ഭാഗമായി പൊലീസ് ശേഖരിച്ച ആര്‍എസ്‌എസ് പ്രവര്‍ത്തകരുടെ വിവരങ്ങളാണ് കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനിലെ പൊലീസുകാരനായിരുന്ന അനസ് പി കെ ചോര്‍ത്തി നല്‍കിയത്. സംഭവത്തില്‍ തൊടുപുഴ ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു.

തുടര്‍ന്ന് വകുപ്പു തല അന്വേഷണം നടത്താന്‍ നാര്‍ക്കോട്ടിക്ക് സെല്‍ ഡി വൈ എസ് പി എ ജി ലാലിനെ നിയോഗിച്ചു. ഇദ്ദേഹം നടത്തിയ അന്വേഷണത്തിലും അനസ് ഔദ്യോഗിക രഹസ്യം എസ്ഡിപിഐ ക്കാര്‍ക്ക് ചോര്‍ത്തി നല്‍കിയതായി കണ്ടെത്തി. വിവരങ്ങള്‍ ചോര്‍ത്തിയതിന്റെ ഡിജിറ്റല്‍ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചു.

തൊടുപുഴയില്‍ ഒരു കെഎസ്‌ആര്‍ടിസി ബസ് ഡ്രൈവറെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ബസില്‍ നിന്ന് വലിച്ചിറക്കി മര്‍ദിച്ചിരുന്നു. സമൂഹ മാധ്യമത്തില്‍ ചില പോസ്റ്റുകള്‍ ഇട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ഇതേത്തുടര്‍ന്ന് അറസ്റ്റിലായവരുടെ മൊബൈല്‍ ഫോണുകള്‍ പോലീസ് പരിശോധിച്ചു. പ്രതികളില്‍ ഒരാളായ വണ്ണപ്പുറം സ്വദേശി ഷാനവാസിന്‍റെ മൊബൈലില്‍ നിന്നാണ് ചോര്‍ത്തല്‍ സംബന്ധിച്ച സൂചനകള്‍ പൊലീസിന് ലഭിച്ചത്.

തുടര്‍ന്ന് തൊടുപുഴ ഡിവൈഎസ് പി നടത്തിയ അന്വേഷണത്തിലാണ് ഷാവനാസുമായി അനസ് നിരന്തരമായി ആശയവിനിമയം നടത്തിയിരുന്നതായും പോലീസ് ഡാറ്റാബേസിലുള്ള ആര്‍എസ്‌എസ് നേതാക്കളുടെ പേരും അഡ്രസും അടക്കം ഇയാള്‍ക്ക് വാട്സാപ്പിലൂടെ അയച്ചു നല്‍കിയതായും കണ്ടെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.