രാജാധികാരത്തിലും വിശ്വാസം മുറുകെ പിടിച്ച കെന്റിലെ വിശുദ്ധ എഥെല്‍ബെര്‍ട്ട്

രാജാധികാരത്തിലും വിശ്വാസം മുറുകെ പിടിച്ച കെന്റിലെ വിശുദ്ധ എഥെല്‍ബെര്‍ട്ട്

അനുദിന വിശുദ്ധര്‍ - ഫെബ്രുവരി 24

ആംഗ്ലോ -സാക്‌സണ്‍മാരുടെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന വിശുദ്ധ എഥെല്‍ബെര്‍ട്ട് എ.ഡി 560 ലാണ് ജനിച്ചത്. ബ്രിട്ടണ്‍ ആക്രമിച്ച ആദ്യ സാക്‌സണ്‍ ആയിരുന്ന ഹെന്‍ഗിസ്റ്റിന്റെ പേരക്കുട്ടിയായിരുന്നു എഥെല്‍ബെര്‍ട്ട്. ഹെന്‍ഗിസ്റ്റ് 560 മുതല്‍ ഏതാണ്ട് 36 വര്‍ഷത്തോളം ഏറ്റവും പഴയ രാജ്യങ്ങളിലൊന്നായ കെന്റില്‍ ഭരണം നടത്തി.

പിന്നീട് അധികാരത്തിലെത്തിയ എഥെല്‍ബെര്‍ട്ട് 568 ല്‍ വിംമ്പിള്‍ഡന്‍ യുദ്ധത്തില്‍ വെച്ച് വെസെക്‌സിലെ സീവ്‌ലിനോട് പരാജയപ്പെട്ടു. എങ്കിലും അദ്ദേഹം മൂന്നാമത്തെ ആംഗ്ലോ-സാക്‌സണ്‍ ഭരണാധികാരി എന്ന നിലയില്‍ പ്രശസ്തനാവുകയും ഹമ്പറിനു തെക്കുള്ള എല്ലാ സാക്‌സണ്‍ രാജാക്കന്‍മാരുടേയും രാജകുമാരന്‍മാരുടേയും മേല്‍ ആധിപത്യം നേടുകയും ചെയ്തു. അദ്ദേഹം ഫ്രാങ്കിഷ് റൈന്‍ലാന്‍ഡുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

ഫ്രാങ്കിഷ് രാജാവായിരുന്ന ക്ലോവിസിന്റെ പേരക്കുട്ടിയും ഒരു ക്രിസ്ത്യന്‍ രാജകുമാരിയുമായിരുന്ന ബെര്‍ത്തായെയാണ് എഥെല്‍ബെര്‍ട്ട് വിവാഹം ചെയ്തത്. വിവാഹ ഉടമ്പടി പ്രകാരം രാജകുമാരിക്ക് തന്റെ മത വിശ്വാസം തുടരുന്നതിനുള്ള അധികാരം ഉണ്ടായിരുന്നു. അവള്‍ തന്റെ പുരോഹിതനും സെനില്‍സിലെ മെത്രാനുമായിരുന്ന വിശുദ്ധ ലിയുഡ് ഹാര്‍ഡിനേയും തന്റെ കൂടെ കൊണ്ട് വന്നു.

റോമന്‍ കാലഘട്ടത്തില്‍ വിശുദ്ധ ലിയുഡ് ഹാര്‍ഡ്, കാന്റര്‍ബറിയില്‍ പണികഴിപ്പിക്കുകയും വിശുദ്ധ മാര്‍ട്ടിന്റെ നാമധേയത്തില്‍ സമര്‍പ്പിക്കുകയും ചെയ്യപ്പെട്ടിരുന്ന ഒരു ദേവാലയത്തില്‍ വെച്ച്, അവിശ്വാസികളുടെ നാട്ടില്‍ അദ്ദേഹം സുവിശേഷം പ്രസംഗിക്കുവാന്‍ ആരംഭിച്ചു.

ഏറെ സ്‌നേഹവതിയും മാന്യയുമായിരുന്ന ബെര്‍ത്താ എഥെല്‍ബെര്‍ട്ടിനും അദ്ദേഹത്തിന്റെ ആളുകള്‍ക്കും ക്രിസ്തീയ ജീവിതത്തിന്റെ ഒരു മാതൃകയായിരുന്നു. മഹാനായ വിശുദ്ധ ഗ്രിഗറി ബെര്‍ത്തായുടെ ഉത്സാഹത്തേയും ഭക്തിയേയും വിശുദ്ധ ഹെലന്റെ ഭക്തിയോട് സാമ്യപ്പെടുത്തിയത് ചരിത്രരേഖകളില്‍ നമുക്ക് കാണാം.

മഹാനായ പോപ്പ് ഗ്രിഗറി വിശുദ്ധ അഗസ്റ്റിനെയും അദ്ദേഹത്തിന്റെ സുവിശേഷകരെയും ഇവിടേക്ക് അയക്കുകയും അവര്‍ താനെറ്റ് എന്ന ദ്വീപില്‍ കപ്പലിറങ്ങി തങ്ങളുടെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കായി എഥെല്‍ബെര്‍ട്ടിന്റെ അനുവാദം ചോദിക്കുകയും ചെയ്തു.

എഥെല്‍ബെര്‍ട്ട് അവരോടു അവിടെ താന്‍ ഒരു തീരുമാനമെടുക്കുന്നത് വരെ അവിടെ തുടരുവാന്‍ ആവശ്യപ്പെടുകയും അവരെ നല്ലപോലെ പരിപാലിക്കുകയും ചെയ്തു. എന്നാല്‍ ഈ സുവിശേഷകര്‍ വല്ല മന്ത്രവാദികളുമായിരിക്കുമെന്ന് എഥെല്‍ബെര്‍ട്ട് ഭയപ്പെട്ടു, അതിനാല്‍ അദ്ദേഹം തന്റെ ഭവനത്തിലേക്ക് വരാന്‍ അനുവദിച്ചിരുന്നില്ല.

അക്കാലങ്ങളില്‍ പൊതുസ്ഥലത്ത് വച്ച് മന്ത്രങ്ങള്‍ ഉരുവിട്ടാല്‍ അവ ഫലിക്കില്ല എന്നൊരു വിശ്വാസമുണ്ടായിരുന്നു. അതിനാല്‍ താനെറ്റ് എന്ന ദ്വീപിലെ വലിയൊരു ഓക്ക് മരത്തിനു ചുവട്ടില്‍ അവരുമായിട്ടുള്ള കൂടിക്കാഴ്ചക്ക് എഥെല്‍ബെര്‍ട്ട് തീരുമാനമെടുത്തു.

ഒരു ദിവസം രാവിലെ അഗസ്റ്റിനും സഹ സുവിശേഷകരും ഒരു വലിയ വെള്ളിക്കുരിശും മരപ്പലകയില്‍ വരച്ചിട്ടുള്ള യേശുവിന്റെ ചിത്രവുമായി പ്രാര്‍ത്ഥനകളും ചൊല്ലികൊണ്ട് എഥെല്‍ബെര്‍ട്ടുമായുള്ള കൂടിക്കാഴ്ചക്ക് വന്നു. ഏറ്റവും മുന്‍പിലായി വിശുദ്ധ അഗസ്റ്റിനായിരുന്നു. വലിയൊരു രാജസേവക വൃന്ദത്തിനു നടുവിലായിരുന്നു രാജാവിരുന്നത്. അവര്‍ തങ്ങളുടെ സന്ദര്‍ശകരെ ഉചിതമായ വിധത്തില്‍ സ്വീകരിച്ചിരുത്തി.

അഗസ്റ്റിനു പറയുവാനുണ്ടായിരുന്നത് വളരെയേറെ ശ്രദ്ധയോടെ കൂടി കേട്ടതിനു ശേഷം അദ്ദേഹം ഇപ്രകാരം മറുപടി കൊടുത്തു: ''നീ നല്ല വിധം സംസാരിക്കുകയും നല്ല വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തു, ഇതെല്ലാം എനിക്ക് പുതിയതും യാതൊരു ഉറപ്പുമില്ലാത്തതുമാണ്. ഇത്രയും കാലം ഞാനും എന്റെ മുഴുവന്‍ രാജ്യവും വിശുദ്ധമായി കണ്ടിരുന്നവയെല്ലാം ഉപേക്ഷിച്ചിട്ട് നിങ്ങള്‍ പറയുന്ന കാര്യങ്ങളില്‍ വിശ്വസിക്കുകയെന്നത് സാധ്യമല്ല.

എന്നാല്‍ ഇത്രയും ദൂരം താണ്ടി താങ്കള്‍ ഇവിടെ വരികയും നിങ്ങളുടേതായതെല്ലാം ഞങ്ങള്‍ക്കും പങ്കുവെക്കുവാന്‍ തയ്യാറായതിനാലും ഞങ്ങള്‍ നിങ്ങള്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും വരുത്തുകയില്ല. മറിച്ച് നിങ്ങള്‍ക്ക് ജീവിക്കുവാന്‍ വേണ്ടതെല്ലാം ഞങ്ങള്‍ ചെയ്ത് തരാം. നിങ്ങളുടെ മതവിശ്വാസത്തെയും മതപ്രചാരണ പ്രവര്‍ത്തനങ്ങളെയും ഞങ്ങള്‍ ശല്ല്യപ്പെടുത്തുകയില്ല. നിങ്ങള്‍ക്ക് സാധ്യമായവരെയെല്ലാം മതപരിവര്‍ത്തനം ചെയ്യുവാന്‍ ഞാന്‍ നിങ്ങളെ അനുവദിച്ചിരിക്കുന്നു''.

രാജാവ് അവരെ തന്റെ രാജകീയ നഗരിയായ കാന്റര്‍ബറിയില്‍ പാര്‍പ്പിച്ചു. വിശുദ്ധ ഗ്രിഗറി അലെക്‌സാണ്ട്രിയായിലെ പാത്രിയാര്‍ക്കീസായിരുന്ന ഇയൂലോജിയൂസിനയച്ച കത്തില്‍ പറഞ്ഞിരിക്കുന്നതനുസരിച്ച് ആ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പായി ഏതാണ്ട് 10,000 ത്തോളം പേര്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു. 597 ലെ പെന്തക്കോസ്ത് തിരുനാള്‍ ദിനത്തില്‍ എഥെല്‍ബെര്‍ട്ട് രാജാവ് വിശുദ്ധ അഗസ്റ്റിനില്‍ നിന്നും ജ്ഞാനസ്‌നാനം സ്വീകരിച്ചു.

യേശുവിനെ സ്വീകരിച്ച എഥെല്‍ബെര്‍ട്ട് മറ്റൊരു മനുഷ്യനായി മാറുകയായിരുന്നു. തന്റെ ജീവിതത്തിന്റെ അവസാന 20 വര്‍ഷക്കാലത്തോളം അദ്ദേഹത്തിന്റെ ഏക ആഗ്രഹം തന്റെ പ്രജകളുടെ മനസില്‍ ക്രിസ്തുവിനെ പ്രതിഷ്ട്ടിക്കുകയെന്നതായിരുന്നു. യേശുവിനോടുള്ള ഭക്തിക്ക് അദ്ദേഹം ഒരിക്കലും ഒരു കുറവും വരുത്തിയിരുന്നില്ല. അധികാരത്തിന്റേയും സമ്പത്തിന്റെയും ഇടയിലും എഥെല്‍ബെര്‍ട്ട് പരിപൂര്‍ണമായ വിശ്വാസ ജീവിതത്തില്‍ മുന്നേറി.

വിഗ്രഹാരാധന ഇല്ലായ്മ ചെയ്തു. വിഗ്രഹാരാധകരുടെ ക്ഷേത്രങ്ങള്‍ ദേവാലയങ്ങളാക്കി മാറ്റി. എന്നിരുന്നാലും പൂര്‍ണമനസോടെയുള്ള മതപരിവര്‍ത്തനമാണ് യഥാര്‍ത്ഥ പരിവര്‍ത്തനം എന്നറിയാമായിരുന്നതിനാല്‍ അദ്ദേഹം തന്റെ പ്രജകള്‍ക്ക് മത വിശ്വാസത്തിന്റെ കാര്യത്തില്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു. എന്നിരുന്നാലും ആയിരകണക്കിനാളുകള്‍ മതപരിവര്‍ത്തനം ചെയ്തു.

കെന്റിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ നിയമാവലിയായിരുന്നു ഇതുവരെ അറിയപ്പെട്ടതില്‍ വെച്ച് ജര്‍മ്മന്‍ ഭാഷയില്‍ എഴുതപ്പെട്ട ഏറ്റവും ആദ്യത്തെ നിയമാവലി. ഇതില്‍ ഏറ്റവും ആദ്യത്തേത്, 'ആരെങ്കിലും ദേവാലയത്തില്‍ നിന്നോ പുരോഹിതന്‍മാരില്‍ നിന്നോ മോഷ്ടിക്കുകയാണെങ്കില്‍ ഉടനടി തന്നെ പരിഹാരവും ചെയ്യേണ്ടതാണ്' എന്നതായിരുന്നു.

വിശുദ്ധ എഥെല്‍ബെര്‍ട്ട് തന്റെ രാജകൊട്ടാരം വിശുദ്ധ അഗസ്റ്റിനു നല്‍കുകയും അവിടെ ഒരു കത്തിഡ്രല്‍ പണിയുകയും ചെയ്തു. കൂടാതെ നഗര കവാടത്തിനു പുറത്തായി വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും നാമധേയത്തില്‍ ഒരു ആശ്രമം പണികഴിപ്പിക്കുകയും ചെയ്തു. ഇത് പില്‍ക്കാലത്ത് വിശുദ്ധ അഗസ്റ്റിന്റെ പേരില്‍ അറിയപ്പെട്ടു.

റോച്ചസ്റ്ററിലെ വിശുദ്ധ ആന്‍ഡ്രൂസിന്റേതുള്‍പ്പെടെ നിരവധി ദേവാലയങ്ങള്‍ക്ക് വിശുദ്ധന്‍ അടിത്തറയിടുകയും ചെയ്തു. കിഴക്കന്‍ ദേശത്തെ സാക്‌സണ്‍ രാജാവായിരുന്ന സെബെര്‍ട്ടിന്റേയും കിഴക്കന്‍ എയ്ഞ്ചല്‍സിലെ രാജാവായിരുന്ന റെഡ്വാള്‍ഡിന്റേയും മതപരിവര്‍ത്തനത്തിനു കാരണക്കാരന്‍ വിശുദ്ധ എഥെല്‍ബെര്‍ട്ട് ആയിരുന്നു. സെബെര്‍ട്ട് രാജാവിന്റെ ഭൂപ്രദേശമായിരുന്ന ലണ്ടനില്‍ വിശുദ്ധന്‍ ഒരു കത്തിഡ്രല്‍ ദേവാലയം നിര്‍മ്മിച്ചു.

ഇംഗ്ലീഷ് പ്രദേശങ്ങളിലെ സുവിശേഷ പ്രഘോഷണ രംഗത്തുണ്ടായ പുരോഗതിയില്‍ വിശുദ്ധ ഗ്രിഗറി പാപ്പാ വളരെയധികം സന്തുഷ്ടനായിരുന്നു. അദ്ദേഹം വിശുദ്ധ എഥെല്‍ബെര്‍ട്ടിന് നിരവധി സമ്മാനങ്ങള്‍ നല്‍കി. 616 ഫെബ്രുവരി 24ന് കാന്റര്‍ബറിയില്‍ വച്ച് വിശുദ്ധ എഥെല്‍ബെര്‍ട്ട് ദൈവസന്നിധിയിലേക്ക് യാത്രയായി.

വിശുദ്ധന്റെ മരണത്തിനു ശേഷം അദ്ദേഹത്തിന്റെ ഭൗതീകശരീരം വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും ആശ്രമത്തിലുള്ള വിശുദ്ധ മാര്‍ട്ടിന്റെ ദേവാലയത്തില്‍ തന്റെ ഭാര്യ ബെര്‍ത്തായുടെ ശവകുടീരത്തിനു സമീപമായി അടക്കം ചെയ്തു.

പിന്നീട് അദ്ദേഹത്തിന്റെ ഭൗതീകാവശിഷ്ടങ്ങള്‍ അതേ ദേവാലയത്തിന്റെ അള്‍ത്താരക്ക് താഴെ നിക്ഷേപിച്ചു. ഹെന്‍ട്രി എട്ടാമന്‍ രാജാവിന്റെ സമയത്തുള്‍പ്പെടെ പല അവസരങ്ങലും ഇത് പലവിധ അത്ഭുത പ്രവര്‍ത്തികളുടേയും ഉറവിടമായി തീരുകയും ചെയ്തിട്ടുണ്ട്.

ആദ്യകാലം മുതലേ ഔദ്യോഗികമല്ലാത്ത പല ആരാധനകളും കാന്റര്‍ബറിയില്‍ വിശുദ്ധനായി നടത്തപ്പെടുന്നുണ്ടായിരുന്നുവെങ്കിലും പതിമൂന്നാം നൂറ്റാണ്ടു മുതലാണ് വിശുദ്ധന്റെ തിരുനാള്‍ ദിനം റോമന്‍ ദിനസൂചികകളില്‍ ഇടം പിടിച്ചത്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. അഡെലാ

2. അയര്‍ലന്‍ഡുകാരനായ കുമിന്‍

3. സിസിലിയിലെ ജോണ്‍ തെറിസ്ത്രസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.