റഷ്യ-ഉക്രെയ്ന്‍ യുദ്ധം: ഇന്ത്യയില്‍ അവശ്യ സാധനങ്ങളുടെ വില വര്‍ധിക്കും

റഷ്യ-ഉക്രെയ്ന്‍ യുദ്ധം: ഇന്ത്യയില്‍ അവശ്യ സാധനങ്ങളുടെ വില വര്‍ധിക്കും

മുംബൈ: റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം രാജ്യത്ത് അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകും. ഇന്ധനവിലയില്‍ ഉണ്ടാകുന്ന വര്‍ധനവാണ് പ്രധാന വെല്ലുവിളി. അസംസ്‌കൃത എണ്ണവില 100 ഡോളര്‍ പിന്നിട്ടിരിക്കുകയാണ്. ഇത് പെട്രോള്‍ ഡീസല്‍ വിലയില്‍ 12 മുതല്‍ 14 രൂപവരെ വര്‍ദ്ധനവിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍.

രാജ്യത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഭാഗമായി കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ധന വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. അതേസമയം, തിരഞ്ഞെടുപ്പ് കഴിയുന്നതോടെ വില വര്‍ധനവ് പ്രതീക്ഷിച്ചിരുന്ന രാജ്യത്ത് പുതിയ പ്രതിസന്ധിയുണ്ടാക്കുന്ന വര്‍ധനവ് വലിയ തിരിച്ചടിയാകും.

ഇന്ധനവിലയിലുണ്ടാകുന്ന വര്‍ധനവ് എല്ലാ മേഖലയിലും പ്രതിസന്ധി സൃഷ്ടിക്കും. പ്രത്യേകിച്ചും ചരക്ക് ഗതാഗതത്തിന്റെ ചെലവ് വര്‍ധിക്കുന്നതിനനുസരിച്ച് അവശ്യവസ്തുക്കളുടെ വിലയും ഉയരും. ഇത് പണപ്പെരുപ്പത്തിന് കാരണമാകുകയും റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ ഉയര്‍ത്താനും ഇത് ഇടയാകും. ഇന്ധനവില വര്‍ധനവ് പെട്രോള്‍, ഡീസല്‍ വിലകളെ മാത്രമല്ല, എല്‍പിജിയിലും മണ്ണെണ്ണയിലും വരെ വന്‍ വര്‍ധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇത് സാധാരണക്കാരുടെ ജീവിതത്തിന് വലിയ വെല്ലുവിളിയാകും.

രാജ്യത്തെ പല താപനിലയങ്ങളിലും ദ്രവീകൃത പ്രകൃതിവാതകം ആവശ്യമാണ്. അതിനാല്‍ ഇത് വൈദ്യുതി വില വര്‍ധനവിനും കാരണമാകും. മറ്റൊരു തിരിച്ചടി ഗോതമ്പിനുണ്ടാകുന്ന വില വര്‍ധനവാണ്. ലോകത്തില്‍ ഗോതമ്പ് ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന രാജ്യം റഷ്യയാണ്. ഉക്രെയ്‌നും തൊട്ടു പിന്നിലുണ്ട്. ഈ രണ്ട് രാജ്യങ്ങളും പ്രതിസന്ധിയിലാകുമ്പോള്‍ ലോക രാജ്യങ്ങളിലെ ഭക്ഷ്യമേഖലയെ അത് കാര്യമായി ബാധിക്കും.

കൂടാതെ അലൂമിനിയം, ചെമ്പ്, കോബാള്‍ട്ട് എന്നിവയുടെ പ്രധാന ഉല്‍പാദകരും റഷ്യയാണ്. അതുകൊണ്ട് ലോഹവില ഉയരാനും ഇപ്പോഴത്തെ സൗഹചര്യത്തില്‍ സാധ്യതയുണ്ട്. ഇത് വ്യാവസായികമേഖലയ്ക്കും വാഹനമേഖലയ്ക്കും വന്‍ തിരിച്ചടിയാകും സൃഷ്ടിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.