തിരിച്ചടിച്ച് ഉക്രെയ്ന്‍; റഷ്യയുടെ അഞ്ച് വിമാനങ്ങളും ഒരു ഹെലികോപ്ടറും വെടിവച്ചിട്ടതായി ഉക്രേനിയന്‍ സായുധ സേന

തിരിച്ചടിച്ച് ഉക്രെയ്ന്‍;  റഷ്യയുടെ അഞ്ച് വിമാനങ്ങളും ഒരു ഹെലികോപ്ടറും വെടിവച്ചിട്ടതായി ഉക്രേനിയന്‍ സായുധ സേന

കീവ്: തിരിച്ചടിയുടെ ഭാഗമായി അഞ്ച് റഷ്യന്‍ വിമാനങ്ങള്‍ വെടിവച്ചിട്ടതായി ഉക്രെയ്ന്‍ അറിയിച്ചു. ഒരു ഹെലികോപ്ടറും തകര്‍ത്തു. അതോടൊപ്പം തന്നെ കിഴക്കന്‍ ഭാഗത്ത് രണ്ട് ടാങ്കുകളും നിരവധി റഷ്യന്‍ ട്രക്കുകളും നശിപ്പിച്ചതായും ഉക്രേനിയന്‍ സായുധ സേന വ്യക്തമാക്കി.

അതേസമയം കര, വ്യോമ, നാവിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് റഷ്യന്‍ ആക്രമണം തുടരുകയാണ്. ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകള്‍ എന്നിവ വഴി കീവ് നഗരം ആക്രമണത്തിനിരയായതായി ഉക്രെയ്ന്‍ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.

ബഹുമുഖ ആക്രമണ പദ്ധതിയാണ് റഷ്യ നടപ്പാക്കുന്നത്. സൈനിക കേന്ദ്രങ്ങളെയാണ് ഇപ്പോള്‍ റഷ്യ ലക്ഷ്യം വയ്ക്കുന്നത്. റഷ്യ ആക്രമണം ആരംഭിച്ചതിന് പിന്നാലെ യുദ്ധം നേരിടുമെന്നും തിരിച്ചടിക്കുമെന്നും ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി വ്യക്തമാക്കിയിരുന്നു. സ്വയം പ്രതിരോധിക്കുമെന്നും റഷ്യയെ പരാജയപ്പെടുത്തുമെന്നും ഉക്രെയ്ന്‍ വിദേശകാര്യമന്ത്രി ദിമിട്രോ കുലേബയും അറിയിച്ചു.

ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്നും വീടുകളില്‍ തന്നെ കഴിയണമെന്നും ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി ആവശ്യപ്പെട്ടു. സെലന്‍സ്‌കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി സംസാരിച്ചു. റഷ്യയ്ക്ക് മേല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തണം, റഷ്യയെ ഒറ്റപ്പെടുത്തണം, സാമ്പത്തിക സഹായം നല്‍കണം, ആയുധങ്ങള്‍ നല്‍കണം, മനുഷ്യത്വപരമായ പിന്തുണ നല്‍കണം എന്നീ ആവശ്യങ്ങള്‍ ഉക്രെയ്ന്‍ ലോക രാഷ്ട്രങ്ങളോട് അഭ്യര്‍ത്ഥിച്ചു.

അതേസമയം ഉക്രേനിയന്‍ വ്യോമ പ്രതിരോധം 'നിര്‍വീര്യമാക്കിയതായി' റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.വടക്കന്‍ അയല്‍ രാജ്യമായ ബെലാറസില്‍ നിന്നും റഷ്യന്‍ സൈന്യം ആക്രമണം തുടങ്ങി കഴിഞ്ഞതായി ഉക്രെയ്‌നിന്റെ അതിര്‍ത്തി രക്ഷാ സേന അറിയിച്ചു. ക്രിമിയ, റഷ്യ എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ കരസേന ഉക്രെയ്‌നിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഉക്രെയ്‌നിലെ പ്രധാന തുറമുഖ നഗരങ്ങളായ മാരിയുപോള്‍, ഒഡേസ എന്നിവിടങ്ങളില്‍ ഇപ്പോള്‍ ആക്രമണം തുടരുന്നു.

കീവ്, ഖാര്‍കിവ് എന്നിവിടങ്ങളിലെ ഉക്രേനിയന്‍ സൈനിക കമാന്‍ഡ് പോസ്റ്റുകള്‍ കനത്ത റോക്കറ്റ് ആക്രമണത്തിലാണ്. സൈന്യത്തെയും സര്‍ക്കാര്‍ ആസ്ഥാനത്തെയും ഒരേപോലെ ആക്രമിച്ച് സൈനീക ശ്രൃംഘലയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുക എന്നതാണ് റഷ്യ ലക്ഷ്യമിടുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.