സമൂഹമാധ്യമങ്ങളില്‍ കുരുങ്ങി മകന്റെ കുട്ടിക്കാലം നശിക്കരുത്; പണം ചെലവായെങ്കിലെന്ത്, അമ്മ കണ്ടെത്തിയ വഴി ലക്ഷ്യത്തില്‍

സമൂഹമാധ്യമങ്ങളില്‍ കുരുങ്ങി മകന്റെ കുട്ടിക്കാലം നശിക്കരുത്; പണം ചെലവായെങ്കിലെന്ത്, അമ്മ കണ്ടെത്തിയ വഴി ലക്ഷ്യത്തില്‍

മിനിയപ്പോളിസ്: മകന്റെ കൗമാരം സമൂഹമാദ്ധ്യമങ്ങളില്‍ കുരുങ്ങി നശിക്കാതിരിക്കാന്‍ യു.എസിലെ ഒരു അമ്മ കണ്ടെത്തിയ വഴി കൃത്യ ലക്ഷ്യത്തിലെത്തി. ഇത്തിരി പണച്ചെലവുണ്ടായെങ്കിലും മിനസോട്ടയിലെ മോട്ട്ലി സ്വദേശിയായ ലോര്‍ന ക്ലെഫ്സാസ അതീവ സന്തുഷ്ടയാണ്. പറഞ്ഞ വാക്ക് കടുകിടെ തെറ്റിക്കാതെ പതിനെട്ടാം പിറന്നാളിന് സമ്മാനമായി 1,800 ഡോളര്‍ കീശയിലാക്കാന്‍ കഴിഞ്ഞതിന്റെ ആഹ്‌ളാദം ലോര്‍നയോടൊപ്പം പങ്കിടുന്നു മകന്‍ സിവെര്‍ട്ട്.

കുട്ടികളില്‍ ഭൂരിഭാഗം പേര്‍ക്കും സമൂഹമാദ്ധ്യമങ്ങളില്‍ അക്കൗണ്ടുള്ള കാലത്ത് ഇത് കുറയ്ക്കാന്‍ മാതാപിതാക്കള്‍ പല മാര്‍ഗങ്ങളും തേടുക സ്വാഭാവികം. മക്കളുടെ ഇന്റര്‍നെറ്റ് ഉപയോഗം കാരണം സഹിക്കെട്ട് ചില മാതാപിതാക്കള്‍ ഫോണ്‍ തന്നെ തല്ലിപ്പൊട്ടിക്കുന്നു. എന്നാല്‍, മക്കളുടെ ഫോണ്‍ ഉപയോഗം തടയാന്‍ ലോര്‍ന സ്വീകരിച്ച മാര്‍ഗം സമൂഹമാദ്ധ്യമങ്ങളിലെ തന്നെ ചര്‍ച്ചാ വിഷയമായി മാറി.

ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലോര്‍ന ക്ലെഫ്സാസ തന്റെ മകന് ഒരു വാഗ്ദാനം നല്‍കി. മകന്‍ സമൂഹമാദ്ധ്യമങ്ങള്‍ ഒഴിവാക്കി, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൂര്‍ണമായും നീക്കം ചെയ്താല്‍, അവന്റെ 18ാം പിറന്നാളിന് അമ്മ വലിയൊരു തുക സമ്മാനമായി നല്‍കും. 2016 ലാണ് അമ്മ ഇത്തരത്തിലൊരു നിര്‍ദ്ദേശം മകന്റെ മുന്നിലേയ്ക്ക് വെച്ചത്. അന്ന് അവന് 12 വയസ്സായിരുന്നു പ്രായം.

കാലങ്ങള്‍ കടന്നു പോയി ആ മകന് ഇന്ന് 18 വയസ്സ് തികഞ്ഞു. അമ്മയുടെ വാക്കുകള്‍ കേട്ട മകന്‍ ആറ് വര്‍ഷക്കാലം സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അമ്മയും വാക്ക് പാലിച്ചു. മകന് 1,800 ഡോളറാണ് അവന്റെ 18 ാം പിറന്നാളിന് സമ്മാനമായി നല്‍കിയത്. ഏകദേശം ഒന്നര ലക്ഷത്തിലധികം രൂപ. സിവെര്‍ട്ടിന് 18 വയസ്സ് തികഞ്ഞപ്പോള്‍ കരാര്‍ അവസാനിച്ചു.

'12 വയസ്സുകാരനായ എനിക്ക് സമൂഹമാധ്യമങ്ങള്‍ ഉപേക്ഷിക്കുക എന്നത് അത്ര പ്രയാസമുള്ള കാര്യമായിരുന്നില്ല. എന്നാല്‍ സ്‌കൂളില്‍ കുട്ടികള്‍ ഇതിനെ കുറിച്ച് സംസാരിക്കുമ്പോഴും, മറ്റ് കൂട്ടുകാര്‍ ഇത് ഉപയോഗിക്കുമ്പോഴും മനസ്സ് ഇടയ്ക്കിടെ ഒന്ന് പതറും. എന്നാലും, വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മ നല്‍കാന്‍ പോകുന്ന ആ സമ്മാനത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്റെ മനസ്സിലെ ബുദ്ധിമുട്ടുകള്‍ നീങ്ങും' സിവര്‍ട്ട് പറഞ്ഞു.

'ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മകനെ സമൂഹമാദ്ധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നുമെല്ലാം ഞാന്‍ തടഞ്ഞു. അന്ന് അവന് ഇതിന് പകരമായി സമ്മാനം നല്‍കാം എന്ന് പറഞ്ഞപ്പോള്‍ അവന്‍ അതിന് തയ്യാറായി. അവന്റെ കുട്ടിക്കാലം സമൂഹമാദ്ധ്യമങ്ങളില്‍ കുടുങ്ങി പോകരുതെന്ന് മാത്രമായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യം. ഇന്ന് എന്റെ മകന് പതിനെട്ട് വയസ്സ് തികഞ്ഞു. ഇനിയും അവനെ സമൂഹമാദ്ധ്യമങ്ങളില്‍ നിന്നും വിലക്കുന്നത് ശരിയല്ല. അതിനാല്‍ ഇനി മുതല്‍ അവന് ഇവ ഉപയോഗിക്കാം' ഫേസ്ബുക്കില്‍ ലോര്‍ണ കുറിച്ചു.

ഫേസ്ബുക്കിലും, സ്നാപ്ചാറ്റിലും എല്ലാം വലിയ സൗഹൃദങ്ങള്‍ ഉണ്ടാക്കാനും, സ്നാപ്ചാറ്റില്‍ സ്ട്രീക്ക് നിലനിര്‍ത്താനുമെല്ലാം തന്റെ മൂത്ത മകള്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു. ഒരു കൗമാരക്കാരിയായിരിക്കെ തന്നെ സമൂഹമാദ്ധ്യമങ്ങള്‍ വളരെ അധികം ആക്ടീവ് ആയി മകള്‍ അതിന് അടിമപ്പെട്ടു. പിന്നീട് അവളോട് മനസ്സ് തുറന്ന് സംസാരിച്ചും മറ്റ് പല മാര്‍ഗങ്ങളിലൂടെയുമാണ് മകളുടെ ഫോണ്‍ ഉപയോഗം കുറക്കാനായത് എന്നും ലോര്‍ണ പറയുന്നു. മകളുടെ ഈ അവസ്ഥ മകനും ഉണ്ടാവാതിരിക്കാനാണ് താന്‍ ശ്രമിച്ചതെന്നും അതില്‍ വിജയിച്ചുവെന്നും ലോര്‍ണ കൂട്ടിച്ചേര്‍ത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.