വിദേശത്തുള്ള കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ മയക്കുമരുന്നു കേസില്‍ കുടുക്കിയ പഞ്ചായത്തംഗവും കൂട്ടാളികളും അറസ്റ്റില്‍

വിദേശത്തുള്ള കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ മയക്കുമരുന്നു കേസില്‍ കുടുക്കിയ പഞ്ചായത്തംഗവും കൂട്ടാളികളും അറസ്റ്റില്‍

കട്ടപ്പന: ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ ഭര്‍ത്താവിന്റെ ബൈക്കില്‍ നിന്ന് എം.ഡി.എം.എ കണ്ടെത്തിയ സംഭവം മനപ്പൂര്‍വം സൃഷ്ടിച്ചത്. വണ്ടന്‍മേട് ഗ്രാമപഞ്ചായത്തിലെ എല്‍.ഡി.എഫ് അംഗം സൗമ്യയും (33) കാമുകനായ പ്രവാസി മലയാളി വിനോദും (43) ചേര്‍ന്ന് സൗമ്യയുടെ ഭര്‍ത്താവായ തൊട്ടാപ്പുരയ്ക്കല്‍ സുനിലിനെ കള്ളക്കേസില്‍ കുടുക്കാനാണ് ബൈക്കിന്റെ ടാങ്ക് കവറിനുള്ളില്‍ അഞ്ചുഗ്രാം എം.ഡി.എം.എ ഒളിപ്പിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്.

സംഭവത്തില്‍ സംശയം തോന്നിയ പൊലീസ് സൗമ്യയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തായത്. സൗമ്യയെയും മയക്കുമരുന്ന് എത്തിച്ചു നല്‍കിയ കൊല്ലം വേങ്ങക്കര റഹിയ മന്‍സിലില്‍ എസ്. ഷാനവാസ് (39), കൊല്ലം മുണ്ടക്കല്‍ അനിമോന്‍ മന്‍സിലില്‍ എസ്. ഷെഫിന്‍ഷാ (24) എന്നിവരെയും വണ്ടന്‍മേട് പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതിയായ വിനോദ് വിദേശത്തായതിനാല്‍ ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കേസിലെ പങ്ക് വ്യക്തമായതോടെ സൗമ്യയുടെ ഗ്രാമപഞ്ചായത്ത് അംഗത്വം രാജിവയ്പ്പിച്ചതായി എല്‍.ഡി.എഫ് പ്രാദേശിക നേതൃത്വം അറിയിച്ചു. സൗമ്യയും അയല്‍വാസിയായിരുന്ന വിനോദും തമ്മില്‍ കഴിഞ്ഞ ഒരു വര്‍ഷമായി അടുപ്പത്തിലാണ്. വിദേശത്ത് ഉന്നത ജോലിയുള്ള വിനോദുമായി സൗമ്യ ഫോണ്‍ വഴി ബന്ധം വളര്‍ത്തിയെടുക്കുകയായിരുന്നു. ഭര്‍ത്താവായ സുനിലിനെ ഏതുവിധേനയും ഒഴിവാക്കുകയാണ് ഇരുവരും ലക്ഷ്യമിട്ടിരുന്നത്.

സുനിലിനെ കൊലപ്പെടുത്താനാണ് ഇരുവരും ആദ്യം പദ്ധതിയിട്ടത്. വാഹനം ഇടിപ്പിച്ചോ അല്ലെങ്കില്‍ വിഷം നല്‍കിയോ കൊല്ലാമെന്ന് തീരുമാനിച്ചു. എന്നാല്‍ പിടിക്കപ്പെടുമോയെന്ന ഭയത്താല്‍ പിന്‍മാറുകയായിരുന്നു. തുടര്‍ന്ന് നാട്ടിലെത്തിയ വിനോദ് സൗമ്യയെ എറണാകുളത്തെ ആഡംബര ഹോട്ടലില്‍ എത്തിച്ച് ഇവിടെ വച്ച് സുനിലിനെ മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെടുത്താന്‍ പദ്ധതിയിട്ടു.

ഇതിനിടെ വിവാഹമോചനം ആവശ്യപ്പെട്ട് സൗമ്യ കട്ടപ്പന കുടുംബകോടതിയേയും സമീപിച്ചു. വിനോദ് ആവശ്യപ്പെട്ടതനുസരിച്ച് സുഹൃത്തായ ഷാനവാസാണ് ഷെഫിന്‍ഷാ മുഖേന എറണാകുളത്ത് നിന്ന് 45,000 രൂപയ്ക്ക് വാങ്ങിയ എം.ഡി.എം.എ വിനോദിനും സൗമ്യയ്ക്കും കൈമാറിയത്.

22ന് രാവിലെയാണ് ബൈക്കില്‍ മയക്കുമരുന്ന് കടത്തുന്നുവെന്ന ശബ്ദ സന്ദേശം പൊലീസിന് ലഭിച്ചത്. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സുനിലിന്റെ ബൈക്കില്‍ നിന്ന് ഡാന്‍സാഫ് ടീം മയക്കുമരുന്ന് കണ്ടെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.