ഹൈക്കോടതിയില്‍ നിരീക്ഷണ ക്യാമറ: 5.75 കോടിയുടെ കരാറില്‍ ക്രമക്കേട്; ടെന്‍ഡര്‍ റദ്ദാക്കി, റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മന്ത്രി

ഹൈക്കോടതിയില്‍ നിരീക്ഷണ ക്യാമറ: 5.75 കോടിയുടെ കരാറില്‍ ക്രമക്കേട്; ടെന്‍ഡര്‍ റദ്ദാക്കി, റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മന്ത്രി

തിരുവനന്തപുരം: ഹൈക്കോടതിയിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കാൻ പൊതുമരാമത്തു വകുപ്പ് വിളിച്ച
ടെൻഡറിൽ വൻ ക്രമക്കേട്. 5.75 കോടിയുടെ ക്രമക്കേടാണ് കരാറില്‍ കടത്തിയത്.

മാനദണ്ഡങ്ങൾ പാലിക്കാതെ ഇലക്ട്രോണിക്സ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ നൽകിയ ടെൻഡർ റദ്ദാക്കി. ഒരു കോടിയിലധികം രൂപയുടെ ടെൻഡർ വിളിക്കാൻ അനുമതിയില്ലാത്ത എക്സിക്യൂട്ടീവ് എൻജിനീയർ 5.75 കോടി രൂപയുടെ ടെൻഡർ വിളിക്കുകയും യോഗ്യതയില്ലാത്ത കമ്പനിയെ ഏൽപിക്കുകയും ചെയ്തതായി ചീഫ് എൻജിനീയർ അധ്യക്ഷയായ കമ്മിറ്റി കണ്ടെത്തി.

ഇതുസംബന്ധിച്ച് വകുപ്പുതല പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. ഹൈക്കോടതിയിൽ സിസിടിവി വാങ്ങാനും സ്ഥാപിക്കാനുമായി കഴിഞ്ഞ ഒക്ടോബറിലാണു തൃശൂരിലെ ഇലക്ട്രോണിക്സ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ടെൻഡർ വിളിച്ചത്. ഒരു കോടി രൂപയിലധികമുള്ള ടെൻഡർ വിളിക്കാൻ അധികാരമില്ലെന്നിരിക്കെയാണ് ഇത്. ചീഫ് എൻജിനീയർക്കാണ് ഇതിനുള്ള അധികാരം. 

കെൽട്രോൺ ഉൾപ്പെടെ പൊതുമേഖലാ സ്ഥാപനങ്ങളെ തഴഞ്ഞാണു സ്വകാര്യ കമ്പനിക്കു കരാർ നൽകിയത്. അഞ്ചു കോടിക്കു മുകളിലുള്ള ടെൻഡറിൽ പങ്കെടുക്കുന്ന കമ്പനി, മുൻപ് ഇത്തരം പ്രവൃത്തികൾ നടപ്പാക്കിയതിന്റെ പ്രീ ക്വാളിഫിക്കേഷൻ രേഖകൾ ഹാജരാക്കണമെന്ന വ്യവസ്ഥയുമുണ്ട്. എന്നാൽ ഈ കമ്പനി രേഖകൾ നൽകിയില്ല. എ ക്ലാസ് ലൈസൻസുള്ള പൊതുമരാമത്തു കരാറുകാരനാകണം എന്ന വ്യവസ്ഥയും ലംഘിച്ചു. ലൈസൻസ് രേഖകളും കമ്പനി ഹാജരാക്കിയിരുന്നില്ല. 

മരാമത്തു വകുപ്പിലെ ഇലക്ട്രോണിക്സ് കരാറുകൾ അധികവും നേടിയെടുത്തിരുന്നത് ഈ കമ്പനിയാണെന്നാണു വിവരം. ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന്, രണ്ടാഴ്ച മുൻപു കെട്ടിടവിഭാഗം ചീഫ് എൻജിനീയറുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണു ടെൻ‍‍ഡർ റദ്ദാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.