കീവ്: റഷ്യന്‍ സേനയുടെ അധിനിവേശം തുടരവെ ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയെ ഫോണില്‍ വിളിച്ച് സംസാരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഉക്രെയ്ന്‍ നേരിടുന്ന ദാരുണമായ സംഭവങ്ങളിലും കഷ്ടതയിലും അഗാധമായ വേദനയും ഉത്കണ്ഠയും രേഖപ്പെടുത്തിയതായി വത്തിക്കാന്‍ വ്യക്തമാക്കി.
ഉക്രെയ്‌നിലെ സാഹചര്യത്തില്‍ അതീവ ദുഃഖിതനാണെന്ന് മാര്‍പാപ്പ സെലന്‍സ്‌കിയെ അറിയിച്ചു. പിന്നാലെ മാര്‍പാപ്പയ്ക്ക് നന്ദി അറിയിച്ച് സെലന്‍സ്‌കി ട്വീറ്റ് ചെയ്തു. ഉക്രെയ്‌നിലെ സമാധാനത്തിനും വെടിനിര്‍ത്തലിനും വേണ്ടി പ്രാര്‍ഥിക്കുന്നതിന് നന്ദി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.
'സമാധാനത്തിനും വെടിനിര്‍ത്തലിനും ആഹ്വാനം ചെയ്തുള്ള ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ത്ഥനയ്ക്ക് നന്ദി. ഉക്രെയ്‌നിന്‍ ജനതയ്ക്ക് അവിടുത്തെ ആത്മീയ പിന്തുണ കൂടി ലഭിച്ചിരിക്കുകയാണ്'-പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്‌കി ട്വീറ്റ് ചെയ്തു.
നേരത്തേ ഉക്രെയ്‌നിലെ റഷ്യന്‍ നടപടിയില്‍ ആശങ്ക പ്രകടിപ്പിക്കാന്‍ ഫ്രാന്‍സിസ് പാപ്പ കീഴ്വഴക്കം ലംഘിച്ച് റോമിലെ റഷ്യന്‍ എംബസിയിലെത്തിയിരുന്നു. യുദ്ധം അവസാനിപ്പിച്ച് ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ സ്ഥാനപതി ആന്‍ഡ്രി യുറാഷിനോട് ആവശ്യപ്പെട്ട അദ്ദേഹം, യുദ്ധം മാനവികതയുടെയും രാഷ്ട്രീയത്തിന്റെയും പരാജയമാണെന്നും പൈശാചിക ശക്തികള്‍ക്കു മുന്നിലെ കീഴടങ്ങലാണെന്നും ട്വീറ്റ് ചെയ്യുകയും ചെയ്തു.
'ദൈവത്തിന്റെ ആയുധങ്ങളുപയോഗിച്ച് പൈശാചിക ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിക്കാനാണ് ദൈവം നമ്മെ പഠിപ്പിച്ചിട്ടുള്ളത്. പ്രാര്‍ത്ഥനയും വിശുദ്ധിയുടെ ഉപവാസവുമാണ് അവിടുത്തെ ആയുധങ്ങള്‍. സമാധാനത്തിന്റെ രാജ്ഞി ലോകത്തെ യുദ്ധത്തില്‍ നിന്ന് സംരക്ഷിക്കട്ടെ'-പാപ്പ ട്വിറ്ററില്‍ കുറിച്ചു.
അതിനിടെ ഉക്രെയ്‌നില്‍ റഷ്യ ആക്രമണം കടുപ്പിച്ചു. തലസ്ഥാനമായ കീവ് നിയന്ത്രണത്തിലാക്കാന്‍ റഷ്യയ്‌ക്കൊപ്പം ചേര്‍ന്ന് ചെചന്‍ സൈന്യവും ആക്രമണം ശക്തമാക്കി. കീവിലും ഖാര്‍ക്കിവിലും കനത്ത ഏറ്റുമുട്ടലാണ് നടക്കുന്നത്. ഉക്രെയ്‌ന്റെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ പിടിക്കാനാണ് റഷ്യ ലക്ഷ്യമിടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.