ഓസ്‌ട്രേലിയയില്‍ ജെല്ലി ഫിഷിന്റെ കുത്തേറ്റ് 14 വയസുകാരന് ദാരുണാന്ത്യം

ഓസ്‌ട്രേലിയയില്‍ ജെല്ലി ഫിഷിന്റെ കുത്തേറ്റ് 14 വയസുകാരന് ദാരുണാന്ത്യം

ബ്രിസ്ബന്‍: ഓസ്‌ട്രേലിയയില്‍ ജെല്ലി ഫിഷിന്റെ കുത്തേറ്റ് 14 വയസുകാരന്‍ മരിച്ചു. ക്വീന്‍സ് ലന്‍ഡിലെ മക്കെയ്ക്കടുത്തുള്ള പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ എമിയോ ബീച്ചിലാണു സംഭവം. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്.

അമ്മയുടെ ജന്മദിനം ആഘോഷിക്കാനാണ് കുട്ടി ബീച്ചില്‍ എത്തിയത്. കടലില്‍ നീന്തുന്നതിനിടെയാണ് ബോക്‌സ് ജെല്ലിഫിഷിന്റെ കുത്തേറ്റത്. കുട്ടിയുടെ കാലുകളിലും കൈകളിലും ഈ കടല്‍ജീവിയുടെ കൂര്‍ത്ത അഗ്രഭാഗങ്ങള്‍ ചുറ്റിയിരുന്നു. സഹായത്തിനായുള്ള നിലവിളി കേട്ട് ലൈഫ് ഗാര്‍ഡുകള്‍ രക്ഷിക്കാനിറങ്ങി. കരയിലെത്തിച്ച ഉടന്‍ സി.പി.ആര്‍ നല്‍കി മക്കെ ബേസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി അല്‍പസമയത്തിന് ശേഷം മരിച്ചു. ഹൃദയസ്തംഭനമാണ് മരണകാരണം.

കുട്ടിയുടെ ദേഹത്ത് 30 ലിറ്റര്‍ വിനാഗിരി ഒഴിച്ചാണ് കാലുകളിലും കൈകളിലുമുണ്ടായിരുന്ന കൂര്‍ത്ത അഗ്ര ഭാഗങ്ങള്‍ നീക്കം ചെയ്തത്.


എമിയോ ബീച്ച്

നീന്താനിറങ്ങുമ്പോള്‍ മുഴുവന്‍ ശരീരവും സംരക്ഷിക്കുന്ന തരത്തിലുള്ള സ്യൂട്ടുകള്‍ നിര്‍ബന്ധമായും അണിയണമെന്നു നിര്‍ദേശിക്കാറുണ്ടെങ്കിലും പലരും പാലിക്കാറില്ല.

ലോകത്തിന്റെ പല ഭാഗങ്ങളിലായി കടല്‍വെള്ളത്തിലോ അതിനോട് ചേര്‍ന്നുകിടക്കുന്ന ജലാശയത്തിലോ ബോക്സ് ജെല്ലി ഫിഷുകളെ കാണാനാകും. എങ്കിലും ഓസ്ട്രേലിയയിലാണ് ഇവയെ ഏറ്റവുമധികമായി കണ്ടുവരുന്നത്. എമിയോ ബീച്ച് ബോക്‌സ് ജെല്ലിഫിഷിന് പേരുകേട്ടതാണ്.

കടലില്‍ പഞ്ഞിക്കെട്ട് പോലെ ഒഴുകി നടക്കുന്ന ജെല്ലി ഫിഷുകള്‍ അപകടകാരികളാണ്. കാഴ്ചയില്‍ സുന്ദരമെങ്കിലും ലോകത്തില്‍ ഏറ്റവും വിഷം കൂടിയ ജീവിവിഭാഗങ്ങളിലൊന്നാണിത്. ഉടലും അതില്‍ നിന്ന് താഴേക്ക് നീണ്ടു കിടക്കുന്ന കൂര്‍ത്ത അഗ്ര ഭാഗങ്ങളുമാണു ജെല്ലി ഫിഷിനുള്ളത്.

അസഹ്യമായ വേദനയാണ് ഇതിന്റെ കടിയേറ്റാല്‍ ഉണ്ടാവുക. ഒപ്പം തന്നെ മനുഷ്യന്റെ ഹൃദയം, നാഡീവ്യവസ്ഥ, ചര്‍മ്മകോശങ്ങള്‍ എന്നിവയെയെല്ലാം രണ്ടു മിനിറ്റ് കൊണ്ട് വിഷം ബാധിച്ചേക്കാം. കരയ്‌ക്കെത്തിക്കും മുന്‍പ് തന്നെ ഹൃദയാഘാതം സംഭവിക്കാം. ചിലരെങ്കിലും ഇതിന് മുമ്പ് തന്നെ വേദന സഹിക്കാനാകാതെ മുങ്ങിമരിക്കുകയും ചെയ്യും.

ബോക്‌സ് ജെല്ലിഫിഷിനെയും സ്രാവുകളെയും അകറ്റി നിര്‍ത്താന്‍ ക്വീന്‍സ്ലന്‍ഡിലെ പല ബീച്ചുകളിലും സ്റ്റിംഗര്‍ വലകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും വേലിയേറ്റം കാരണം മക്കെയില്‍ വിന്യസിക്കാന്‍ കഴിയില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26