യു.എന്‍ ചരിത്രത്തിലെ 11-ാമത് അടിയന്തര യോഗം.
റഷ്യയ്‌ക്കെതിരെ സുപ്രധാന നടപടികളുണ്ടായേക്കും.
ബെലാറസിലെ അമേരിക്കന്‍ എംബസി പൂട്ടി.
സ്വന്തം പൗരന്‍മാരോട് റഷ്യ വിടാന്‍ അമേരിക്ക.
ജനീവ: ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ യു.എന്‍ പൊതുസഭയുടെ അടിയന്തര യോഗം തുടങ്ങി. റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്ന പ്രമേയം യോഗത്തില്‍ ചര്‍ച്ച ചെയ്യും. പതിനഞ്ചംഗ സുരക്ഷാ കൗണ്‍സില്‍ അംഗങ്ങളില്‍ 11 രാജ്യങ്ങളും പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തിരുന്നു.
1956 മുതലുള്ള ചരിത്രത്തിലെ 11-ാമത് അടിയന്തര യോഗമാണ് നടക്കുന്നത്. ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെക്കുറിച്ച് 193 അംഗങ്ങളുമായി വിശദമായി ചര്‍ച്ച ചെയ്ത് സുപ്രധാന നടപടികള്‍ കൈക്കൊള്ളാനാണ് ഐക്യരാഷ്ട്ര സഭയുടെ നീക്കം. കിഴക്കന്‍ ജെറുസലേമില്‍ ഇസ്രയേല്‍ ഹൗസിംഗ് സെറ്റില്‍മെന്റ് ഉണ്ടാക്കിയ പശ്ചാത്തലത്തില്‍ 1997 ലാണ് ഇതിന് മുന്‍പ് യു.എന്‍ പൊതുസഭയുടെ അടിയന്തര യോഗം ചേര്‍ന്നിട്ടുള്ളത്.
അതിനിടെ ബെലാറസില്‍ നടന്ന റഷ്യ-ഉക്രെയ്ന്‍ ചര്‍ച്ച പ്രതീക്ഷിച്ചതു പോലെ തീരുമാനമാകാതെ പിരിഞ്ഞു. സമ്പൂര്‍ണ സേനാ പിന്‍മാറ്റം എന്ന ആവശ്യത്തില്‍ ഉറച്ചു നിന്ന ഉക്രെയ്ന്‍, ക്രിമിയയില്‍ നിന്നും ഡോണ്‍ബാസില്‍ നിന്നും റഷ്യന്‍ സേന പിന്മാറണമെന്നും ആവശ്യപ്പെട്ടു. വെടിനിര്‍ത്തലും സേനാ പിന്‍മാറ്റവുമാണ് പ്രധാന ആവശ്യങ്ങളെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വോളൊഡിമിര്‍ സെലന്‍സ്‌കി ചര്‍ച്ചയ്ക്കു മുന്‍പ് തന്നെ അറിയിച്ചിരുന്നു.
അതേസമയം റഷ്യയിലുള്ള സ്വന്തം പൗരന്‍മാരോട് എത്രയും വേഗം തിരികെ വരാന്‍ അമേരിക്ക നിര്‍ദേശം നല്‍കി. മോസ്‌കോയിലെ യു.എസ് എംബസിയാണ് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരക്കുന്നത്.
എംബസിയില്‍ അത്യാവാശ്യ ജോലികള്‍ കൈാകാര്യം ചെയ്യാത്ത ഉദ്യോഗസ്ഥരും അവരുടെ കുടുംബങ്ങളും ഉടന്‍ റഷ്യ വിടണമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും നിര്‍ദേശം നല്‍കി. ബെലാറസിലെ യു.എസ് എംബസിയുടെ പ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ചു.
ഉപരോധങ്ങള്‍ക്ക് മറുപടിയായി 36 രാജ്യങ്ങളുടെ വ്യോമപാത റഷ്യ നിഷേധിച്ചു. ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, സ്പെയിന്‍, കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കാണ് വിലക്ക്. റഷ്യയ്ക്ക് മേല്‍ കടുത്ത സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയ രാജ്യങ്ങളാണ് ഇവ. റഷ്യന്‍ വിദേശകാര്യ മന്ത്രി ലാവ്റോവ് യു.എന്‍ സന്ദര്‍ശനവും റദ്ദാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.