ഉക്രെയ്ന് 2000 മിസൈലുകള്‍ നല്‍കുമെന്ന് കാനഡ; റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി നിര്‍ത്തി

 ഉക്രെയ്ന് 2000 മിസൈലുകള്‍ നല്‍കുമെന്ന് കാനഡ; റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി നിര്‍ത്തി

കാനഡ: ഉക്രെയ്ന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയ്ക്കെതിരെ വിവിധ നടപടികളുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്ത്. റഷ്യന്‍ സൈന്യത്തിനെതിരെ പോരാടാന്‍ ഉക്രെയ്ന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കുമെന്ന് കാനഡ അറിയിച്ചു.

പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വാര്‍ത്താ സമ്മേളനം നടത്തിയാണ് ഉക്രെയ്നുള്ള പിന്തുണ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചത്.റഷ്യന്‍ കരസേനയുടെ മുന്നേറ്റം തടയുന്നതിനായി 100 കാള്‍ ഗസ്റ്റാഫ് ടാങ്ക് പ്രതിരോധ ആയുധങ്ങളും 2000 റോക്കറ്റുകളും ഉടന്‍ തന്നെ ഉക്രെയ്ന്‍ സൈന്യത്തിന് കൈമാറുമെന്ന് കനേഡിയന്‍ പ്രതിരോധ മന്ത്രി അനിത ആനന്ദ് പറഞ്ഞു.

റഷ്യന്‍ അധിനിവേശത്തിനെതിരെ പ്രതിരോധം തീര്‍ക്കുന്ന ഉക്രെയ്ന്‍ സൈന്യത്തിന് ആയുധ, സാമ്പത്തിക സഹായം നല്‍കുന്നത് പൂര്‍വ്വാധികം ശക്തിയോടെ തുടരുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി പറഞ്ഞു. സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി റഷ്യയില്‍ നിന്നുള്ള എണ്ണ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി പൂര്‍ണമായും നിര്‍ത്തും. 228 മില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ എണ്ണ ഉല്‍പ്പന്നങ്ങളാണ് കഴിഞ്ഞ വര്‍ഷം റഷ്യയില്‍ നിന്ന്് രാജ്യം ഇറക്കുമതി ചെയ്തത്.

മറ്റ് വ്യാപാര-വാണിജ്യ ബന്ധങ്ങളും അവസാനിപ്പിക്കുമെന്ന് ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തില്‍ പണം ഇടപാടുകള്‍ നടത്തുന്നതിനായി ബാങ്കുകള്‍ ഉപയോഗപ്പെടുത്തുന്ന സ്വിഫ്റ്റ് സംവിധാനത്തില്‍ നിന്നും റഷ്യയെ അതിനോടകം തന്നെ കാനഡ നീക്കം ചെയ്തിട്ടുണ്ട്.റഷ്യന്‍ പൗരന്‍മാര്‍ക്കോ അവിടെ ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്കോ കനേഡിയന്‍ ബാങ്ക് അക്കൗണ്ടിലൂടെ പണമിടപാട് നടത്താന്‍ സാധിക്കില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.