റഷ്യ വാക്വം ബോംബ് പ്രയോഗിച്ചതായി ഉക്രെയ്ന്‍; ഇത് ആണവായുധങ്ങള്‍ കഴിഞ്ഞാല്‍ ലോകം ഭയക്കുന്ന വലിയ അപകടകാരി

റഷ്യ വാക്വം ബോംബ് പ്രയോഗിച്ചതായി ഉക്രെയ്ന്‍; ഇത് ആണവായുധങ്ങള്‍ കഴിഞ്ഞാല്‍ ലോകം ഭയക്കുന്ന വലിയ അപകടകാരി

കീവ്: ലോകത്തിലെ ഏറ്റവും മാരകശേഷിയുള്ള ആണവ ഇതര ബോംബായി കണക്കാക്കപ്പെടുന്ന വാക്വം ബോംബ് റഷ്യ തങ്ങള്‍ക്ക് നേരെ പ്രയോഗിച്ചതായി ഉക്രെയ്ന്‍. യു.എസിലെ ഉക്രെയ്ന്‍ അംബാസഡര്‍ ഒക്സാന മാര്‍ക്കറോവയാണ് റഷ്യ വാക്വം ബോംബ് ഉള്‍പ്പെടുന്ന ആയുധങ്ങള്‍ യുദ്ധത്തില്‍ ഉപയോഗിച്ചുവെന്ന് വെളിപ്പെടുത്തിയത്. യു.എസ് കോണ്‍ഗ്രസ് അംഗങ്ങളോട് സഹായാഭ്യര്‍ഥന നടത്തവേയാണ് ഒക്സാന മാര്‍ക്കറോവ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

'ഇന്നവര്‍ വാക്വം ബോംബ് ഉപയോഗിച്ചു. റഷ്യ ഉക്രെയ്‌നില്‍ വരുത്താന്‍ ശ്രമിക്കുന്ന നാശം വളരെ വലുതാണ്,' എന്നായിരുന്നു മര്‍ക്കറോവയുടെ പരാമര്‍ശം. എന്നാല്‍ ഈ ആരോപണത്തില്‍ പ്രതികരിക്കാന്‍ വാഷിങ്ടണിലെ റഷ്യന്‍ എംബസി തയാറായിട്ടില്ല.

റഷ്യ വാക്വം ബോംബ് ഉപയോഗിക്കുമോ എന്ന ആശങ്ക ലോകത്തിനുണ്ടായിരുന്നു. യുദ്ധത്തിന്റ രൂക്ഷത കൂടിയ സാഹചര്യത്തിലാണ് റഷ്യ കൂടുതല്‍ കടുത്ത പ്രയോഗത്തിന് ഒരുങ്ങിയതെന്ന് വിലയിരുത്തപ്പെടുന്നു. ഉക്രെയ്ന്‍ അതിര്‍ത്തിക്ക് സമീപം റഷ്യന്‍ തെര്‍മോബാറിക് മള്‍ട്ടിപ്പിള്‍ റോക്കറ്റ് ലോഞ്ചര്‍ കണ്ടെത്തിയതായി സി.എന്‍.എന്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ലെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി വ്യക്തമാക്കുന്നത്.

ഉക്രെയ്‌നില്‍ റഷ്യന്‍ സൈന്യം നിരോധിക്കപ്പെട്ട ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങള്‍ വ്യാപകമായി ഉപയോഗിച്ചതായി ആംനസ്റ്റി ഇന്റര്‍നാഷണലും ഹ്യൂമന്‍ റൈറ്റ്സ് വാച്ചും റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാക്വം ബോംബ് പോലെയുള്ള ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങള്‍ ഉപയോഗിക്കുന്നത് ഇന്റര്‍നാഷണല്‍ ഹ്യുമാനിട്ടേറിയന്‍ നിയമത്തിന്റെ ലംഘനമാണെന്നും സാധാരണക്കാരെ കൊല്ലുകയോ പരിക്കേല്‍പ്പിക്കുകയോ ചെയ്യുന്നത് വാര്‍ ക്രൈമാണെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ അപലപിച്ചു. സാധാരണക്കാര്‍ ഉക്രെയ്‌നിലെ ഒരു പ്രീ സ്‌കൂളില്‍ അഭയം പ്രാപിച്ചപ്പോള്‍ റഷ്യന്‍ സൈനികര്‍ ആക്രമിച്ചതായും ആംനസ്റ്റി ആരോപിച്ചു.

എന്താണ് വാക്വം ബോംബ്

വാക്വം ബോംബുകള്‍ അഥവ തെര്‍മോബാറിക് ബോംബുകള്‍ ഇതുവരെ കണ്ടുപിടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഭീകരമായ ആണവേതര ആയുധമാണ്. മനുഷ്യ ശരീരം ബാഷ്പീകരിക്കാന്‍ ശേഷിയുള്ളതാണ് വാക്വം ബോംബ്. ഉയര്‍ന്ന സ്‌ഫോടനശേഷിയുള്ള ഈ ബോംബ് ചുറ്റുമുള്ള അന്തരീക്ഷത്തെക്കൂടി സ്‌ഫോടനത്തിന്റെ ഭാഗമാക്കും.

ബോംബുകളുടെ പിതാവ് എന്ന വിശേഷണമുള്ള തെര്‍മോബാറിക് ആയുധം പ്രയോഗിക്കുമ്പോള്‍ ഉയര്‍ന്ന താപ നിലയിലാണ് സ്‌ഫോടനം നടക്കുക. ചുറ്റുമുള്ള വായുവില്‍ നിന്ന് ഓക്സിജന്‍ വലിച്ചെടുത്താണ് ഉയര്‍ന്ന ഊഷ്മാവില്‍ സ്ഫോടനം സൃഷ്ടിക്കുന്നത്. ഇതിലൂടെ സാധാരണ സ്ഫോടനാത്മകതയേക്കാള്‍ ദൈര്‍ഘ്യമുള്ള ഒരു സ്ഫോടന തരംഗം ഉണ്ടാവുകയും സ്ഫോടന പരിധിയിലുള്ള മനുഷ്യശരീരങ്ങളെ ബാഷ്പീകരിക്കുകയും ചെയ്യുന്നു. 1960-കളില്‍ വിയറ്റ്‌നാം യുദ്ധകാലഘട്ടത്തിലാണ് അമേരിക്ക ആദ്യമായി തെര്‍മൊബാറിക് ബോംബുകള്‍ വികസിപ്പിക്കുന്നത്. തുടര്‍ന്ന് സോവിയറ്റ് യൂണിയനും ഇത്തരം ബോംബുകള്‍ വികസിപ്പിച്ചെടുത്തു. സിറിയന്‍ ആഭ്യന്തരയുദ്ധകാലത്ത് റഷ്യ തെര്‍മോബാറിക് ബോംബുകള്‍ ഉപയോഗിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.