കൊച്ചി: ന്യൂനപക്ഷ വര്‍ഗീയതയെ ശക്തമായി ചെറുക്കണമെന്ന് സിപിഎം. സംസ്ഥാന സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദളിത് പിന്നോക്ക വിഭാഗങ്ങളെ സ്വത്വ രാഷ്ട്രീയം പാര്‍ട്ടിയില്‍ നിന്ന് അകറ്റുന്നുവെന്നും ഇത് നേരിടണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രവര്‍ത്തന റിപ്പോര്‍ട്ട്, സംഘടന റിപ്പോര്‍ട്ട് എന്നിവയുടെ അവതരണം ഉച്ചയോടെ പൂര്‍ത്തിയായി. കരട് നയരേഖയും സംസ്ഥാന സര്‍ക്കാരിന്റെ ഭാവി പ്രവര്‍ത്തനം ലക്ഷ്യമിട്ടുള്ള നവകേരള രേഖയും ഇന്ന് അവതരിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് നവകേരള രേഖ അവതരിപ്പിക്കുക.
നേരത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിവിധ തരത്തിലുള്ള സ്വയം വിമര്‍ശനം ഉണ്ടായിരുന്നു. സിപിഎം മന്ത്രിമാര്‍ പലരും സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നില്ലെന്നായിരുന്നു പ്രധാന ആരോപണം. മന്ത്രിമാര്‍ തിരുവനന്തപുരത്തുണ്ടെങ്കിലും സെക്രട്ടേറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാത്തത് അംഗീകരിക്കാന്‍ ആവില്ല. മന്ത്രിമാര്‍ അവയ്ലബിള്‍ സെക്രട്ടേറിയറ്റിന് നിര്‍ബന്ധമായും എത്തണമെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കൂടാതെ കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന് നേരെയും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. പാര്‍ട്ടി സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്ന തീരുമാനം ജയരാജന്‍ ലംഘിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന സെക്രട്ടേറിയേറ്റ് പൊതുവില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്നുണ്ട്. ചില അംഗങ്ങള്‍ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നില്ല. കമ്മിറ്റിയില്‍ പങ്കെടുത്ത ശേഷം നാട്ടിലേക്ക് മടങ്ങുന്ന രീതിയാണ് കാണുന്നതെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനം ഉയര്‍ന്നു.
ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം സജീവത പ്രകടിപ്പിക്കാത്ത നേതാക്കളെ പറ്റിയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായി. എറണാകുളം ജില്ലാ സമ്മേളനത്തിലുണ്ടായ ചില സംഭവങ്ങള്‍ സിപിഎം സമ്മേളനങ്ങളുടെ ആകെ ശോഭ കെടുത്തിയെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. പാര്‍ട്ടി ജില്ലാ കമ്മറ്റി അംഗം പരസ്യ വിമര്‍ശനവുമായി സമ്മേളന വേദിയില്‍ നിന്നും ഇറങ്ങിപ്പോയ സാഹചര്യം ഒഴിവാക്കണമായിരുന്നു. ഗുരുതരമായ അച്ചടക്ക ലംഘനമാണിത്. തെരഞ്ഞെടുപ്പ് പരാജയത്തില്‍ ജില്ലാ ഘടകം എടുത്ത നടപടികള്‍ വളരെ മയപ്പെടുത്തിയായിരുന്നുവെന്നും ഇതേ തുടര്‍ന്ന് സംസ്ഥാന നേതൃത്വം ഇടപെട്ട് കര്‍ശന നടപടി ഉറപ്പാക്കേണ്ടി വന്നുവെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യത്തില്‍ ജില്ലയുടെ ചുമതലയുള്ള സെക്രട്ടേറിയറ്റ് അംഗത്തിന് വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി.
സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ തെരഞ്ഞെടുപ്പ് പരാജയത്തില്‍ എടുത്ത നടപടികളില്‍ പക്ഷപാതിത്വം കാണിച്ചെന്നും വിമര്‍ശനം ഉയര്‍ന്നു. തുടര്‍ഭരണം ഉറപ്പാക്കാന്‍ നടപ്പാക്കേണ്ട പദ്ധതിക്കളെക്കുറിച്ച് മുഖ്യമന്ത്രി അവതരിപ്പിക്കുന്ന നയരേഖയാണ് എല്ലാവരും ഉറ്റു നോക്കുന്നത്. പ്രവര്‍ത്തന റിപ്പോര്‍ട്ടിലും സംഘടനാ റിപ്പോര്‍ട്ടിലും കരട് നയരേഖയിലും നാളെ ചര്‍ച്ചകള്‍ നടക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.